ഏഷ്യൻ കപ്പ് ഫുട്‌ബോളിന് ഖത്തറിൽ പന്തുരുളാൻ ദിവസങ്ങളേ ബാക്കിയുള്ളൂ. ഫലസ്തീൻ ഫുട്‌ബോൾ ടീം കളിയിൽ ശ്രദ്ധയൂന്നാൻ പാടുപെടുകയാണ്. പ്രിയപ്പെട്ടവരുടെ വേർപാടും പൊരുതുന്നവർക്കായുള്ള പ്രാർഥനയുമാണ് അവരുടെ മനസ്സ് നിറയെ, ക്രൂരമായ ഇസ്രായിലി നരമേധത്തിൽ ഞെരിഞ്ഞമരുന്ന നാടിന് അഭിമാനം കൊണ്ടുവരണമന്ന ദൃഢനിശ്ചയമാണ് നെഞ്ചകത്തിൽ.
പല കളിക്കാർക്കും നഷ്ടപ്പെട്ടത് ഉറ്റ ബന്ധുക്കളെയാണ്. ഒരു വിവേചനവുമില്ലാത്ത ബോംബാക്രമണങ്ങളിൽ ഗാസ തവിടുപൊടിയായിരിക്കുകയാണ്. സ്റ്റേഡിയങ്ങളും കളിക്കളങ്ങളുമൊക്കെ ഖബർസ്ഥാനുകളും അഭയാർഥി ക്യാമ്പുകളുമായി മാറിക്കഴിഞ്ഞു.
പരിശീലന സമയത്ത് മാത്രമാണ് കളിക്കാരുടെ മനസ്സിൽ ഫുട്‌ബോൾ. ബാക്കി സമയങ്ങളിൽ വാർത്തകളറിയാനുള്ള വെമ്പലാണ്. ടീം ബസിലും ഹോട്ടലിലും അവർ നാടിന്റെ പോരാട്ട വാർത്തകളറിയാനായി വട്ടം കൂടുകയാണെന്ന് കോച്ച് മഖ്‌റം ദാബൂബ് വെളിപ്പെടുത്തി. കുടുംബത്തിന് എന്തു സംഭവിച്ചുവെന്ന ആശങ്കയുടെ നൂൽപാലത്തിലൂടെയാണ് കളിക്കാർ ദിവസങ്ങൾ തള്ളിനീക്കുന്നത്. സൗദി അറേബ്യയിലാണ് ടീം പരിശീലനം നടത്തുന്നത്.
12 നാണ് ഏഷ്യൻ കപ്പിലെ ഉദ്ഘാടന മത്സരം. ഫലസ്തീൻ 14 ന് ഇറാനുമായി ഏറ്റുമുട്ടും. ജൂണിൽ ഫലസ്തീൻ മൂന്നാം തവണ ഏഷ്യൻ കപ്പിന് യോഗ്യത നേടിയപ്പോൾ വലിയ ആഘോഷമായിരുന്നു ഗാസയിലും വെസ്റ്റ് ബാങ്കിലും. എന്നാൽ ഫൈനൽ റൗണ്ടിനായി ഒരുങ്ങാനുള്ള മാനസികാവസ്ഥയിലല്ല കളിക്കാർ. ഫലസ്തീനിൽ ഫുട്‌ബോൾ മാത്രമല്ല ജീവിതം തന്നെ യുദ്ധമുഖത്താണ്. മഹമൂദ് വാദി, മുഹമ്മദ് സാലിഹ് തുടങ്ങിയ കളിക്കാരുടെ കുടുംബങ്ങൾ ഗാസയിൽ ഏതു നിമിഷവും മരണത്തെ മുഖാമുഖം കാണുകയാണ്. അവരുടെ വീടുകൾ ബോംബാക്രമണങ്ങളിൽ തകർന്നു. എങ്കിലും ഫലസ്തീന്റെ പോരാട്ടവീര്യം പ്രകടിപ്പിക്കാനും ഏഷ്യൻ കപ്പിൽ നോക്കൗട്ടിലേക്ക് മുന്നേറാനും ശ്രമിക്കുമെന്ന് കോച്ച് ഉറപ്പ് നൽകി. രാജ്യാന്തര രംഗത്ത് ഫലസ്തീന്റെ പതാകയുയർത്തുകയെന്നതാണ് ഏറ്റവും പ്രധാനം. അത് ഫലസ്തീന്റെ വ്യക്തിത്വവും സ്വാതന്ത്ര്യ ദാഹവും മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയുള്ള ആഗ്രഹവും പ്രകടിപ്പിക്കാനുള്ള അവസരമാണ് -കോച്ച് പറഞ്ഞു.
സ്‌പോർട്‌സുമായി ബന്ധമുള്ള ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ജിബ്രീൽ റജൂബ് പറയുന്നു. ഒളിംപിക് മാർഗരേഖ പരസ്യമായി ലംഘിച്ചാണ് ഫലസ്തീൻ സ്‌പോർട്‌സ് ക്ലബ്ബുകൾ ഇസ്രായിൽ തകർക്കുന്നത്. ഗാസയിലെ യർമൂഖ് സ്‌റ്റേഡിയം ഇസ്രായിൽ പീഡനകേന്ദ്രമാക്കി മാറ്റി. നിരവധി യുവാക്കളെയും കുട്ടികളെയും അവിടെ നഗ്നരാക്കി നിർത്തിയത് ഇസ്രായിൽ മാധ്യമങ്ങൾ തന്നെ വാർത്തയാക്കി. 1939 ൽ പണിത യർമൂഖ് സ്റ്റേഡിയം ഫലസ്തീനിലെ ഏറ്റവും പഴക്കമുള്ള കളിക്കളമാണ്. ഇസ്രായിലിന്റെ നഗ്നമായ അവകാശലംഘനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീൻ ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിക്കും ഫിഫക്കും എഴുതിയിട്ടുണ്ട്. 2022 ലെ ഖത്തർ ലോകകപ്പിൽ മൊറോക്കോ ടീം വിജയാഘോഷങ്ങളിൽ ഫലസ്തീൻ പതാകകളും ഉയർത്തിയിരുന്നു. ഏഷ്യൻ കപ്പിലും കൂടുതൽ ടീമുകൾ ഫലസ്തീന് പിന്തുണയർപ്പിക്കുമെന്നാണ് കരുതുന്നത്.