ന്യൂഡൽഹി - വയനാട് ലോക്സഭ സീറ്റിലെ സി.പി.ഐയുടെ പ്രയാസം മനസിലാകുമെന്ന് എ.ഐ.സി.സി സംഘടനാകാര്യ ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. വയനാട്ടിൽ കോൺഗ്രസ് രാഹുൽഗാന്ധിയെ സ്ഥാനാർത്ഥിയാക്കരുതെന്ന സി.പി.ഐയുടെ ആവശ്യം ശ്രദ്ധയിൽ പെടുത്തയപ്പോഴായിരുന്നു കെ.സിയുടെ പ്രതികരണം.
'രാഹുലിനെ പോലെ ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രധാന മുഖം ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ പോലുള്ള ഒരു പാർട്ടിക്കെതിരെ കേരളത്തിൽ മത്സരിക്കുന്നത് നല്ല സന്ദേശമല്ലെന്നും അദ്ദേഹം ബി.ജെ.പിക്കെതിരേയാണ് നേരിട്ട് പോരടിക്കേണ്ടതെന്നും അതിന് തങ്ങളുടെയെല്ലാം പിന്തുണയുണ്ടാവുമെന്നും ഇടതു നേതാക്കൾ വ്യക്തമാക്കിയിരുന്നു. രാഹുൽ കേരളത്തിൽ മത്സരിക്കുന്നതോടെ ഉത്തരേന്ത്യയിൽനിന്ന് ബി.ജെ.പിയെ പേടിച്ച് ഒളിച്ചോടിയെന്ന ആരോപണം വീണ്ടും ഉയരുമെന്നും ഇവർ ഓർമപ്പെടുത്തുന്നു. രാഹുലിനെ എവിടെനിന്ന് മത്സരിപ്പിക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. രാഹുലിനെ കേരളത്തിൽനിന്ന് മത്സരിപ്പിക്കാതെ ബി.ജെ.പിക്കെതിരെ സി.പി.എമ്മും കോൺഗ്രസും ലീഗും സി.പി.ഐയുമെല്ലാം ഡി.എം.കെക്കു പിന്നാലെ ഒരുമിച്ച് മത്സരിക്കുന്ന തമിഴ്നാട്ടിൽ മത്സരിക്കട്ടെ എന്ന അഭിപ്രായവും ഇതിനിടെ ഉയരുകയുണ്ടായി. അങ്ങനെ വന്നാൽ സി.പി.എം ഉൾപ്പെടെ രാഹുലിനായി വോട്ടുപിടിക്കാൻ തമിഴ്നാട്ടിൽ രംഗത്തുണ്ടാകുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി അടക്കമുള്ളവർ നേരത്തെ പ്രതികരിക്കുകയും ചെയ്തിരുന്നു. രാഹുൽ തമിഴ്നാട്ടിൽ മത്സരിക്കാൻ തയ്യാറായാൽ ഇരു കൈയും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനും. രാഹുൽ തമിഴ്നാട്ടിൽ സ്ഥാനാർത്ഥിയായാലും കേരളത്തിൽ അതിന്റെ പ്രതിഫലനങ്ങൾ ശക്തമായി ഉണ്ടാക്കാനാകുമെന്നാണ് യു.ഡി.എഫിലെ പ്രബല നേതാക്കളുടെ പക്ഷം. അത് സി.പി.എമ്മിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും പറയുന്നു.
ഓരോ പാർട്ടിയുടെയും സ്ഥാനാർത്ഥികൾ ആര്, എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് പാർട്ടികളാണെങ്കിലും രാഹുലിനെ പോലൊരു ദേശീയ നേതാവിന്റെ കാര്യത്തിൽ ഘടകക്ഷികൾ പറയുന്നത് പൂർണമായും തള്ളുന്നത് മറ്റൊരു ഓപ്ഷൻ ഇല്ലാതിരിക്കുമ്പോൾ മാത്രമാണെന്നും എന്നാൽ വയനാട്ടിനേക്കാൾ കൂടുതൽ സാധ്യത തമിഴ്നാട്ടിലാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു തീരുമാനത്തിൽ എത്തിയാൽ കേരളത്തിൽ വേണ്ടെന്ന സി.പി.ഐയുടെ ശബ്ദം പരിഗണിച്ചെന്നു വരുത്താനാകുമെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.
അതിനിടെ, ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട സഖ്യ ചർച്ചകളിൽ വൈകാതെ വെളുത്ത പുക കാണാനാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. സഖ്യത്തിൽ പല കക്ഷികളുണ്ടാവുമ്പോൾ പല അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. അതെല്ലാം പറഞ്ഞുതീർത്ത് ഒരുമിച്ച് മുന്നോട്ടു പോകാനാവും. ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്നത് കോൺഗ്രസിന്റെ നയമല്ലെന്ന് വ്യക്തമാക്കി, ലോകസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ബംഗാളിൽനിന്നുള്ള അധിർ രഞ്ജൻ ചൗധരിയുടെ അഭിപ്രായത്തെ അദ്ദേഹം തള്ളുകയുമുണ്ടായി.
വണ്ടിപ്പെരിയാറിലെ അതിക്രമത്തെയും അദ്ദേഹം അപലപിച്ചു. ഗുണ്ടകൾ അഴിഞ്ഞാടുന്ന നിലയിലേക്ക് കേരളമെത്തിയിരിക്കുകയാണ്. പോലീസ് നിഷ്ക്രിയമാണ്. ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് പാർട്ടി എല്ലാ പിന്തുണയും നല്കുമെന്നും കെ.സി വ്യക്തമാക്കി.