Sorry, you need to enable JavaScript to visit this website.

അതിനൂതന ഹ്യൂമനോയ്ഡുകൾ സാർവത്രികമാവുമ്പോൾ

ഏതാനും  ദിവസങ്ങൾക്ക് മുമ്പ്  ഒപ്റ്റിമസ് രണ്ടാം ജനറേഷന്റെ വീഡിയോ ടെസ്‌ല കമ്പനിയുടെ സി.ഇ. ഒ  എലൻമസ്‌ക്  സോഷ്യൽ  മീഡിയയിൽ പങ്ക് വെച്ചിരുന്നു. റോബോട്ടിക്സിന്റെ ലോകം അഭൂതപൂർവമായ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട  കോഴിമുട്ട കൈയിലെടുത്ത്  കൃത്യമായി ട്രേയിൽ വെക്കാനുള്ള പേശി നിയന്ത്രണവും സ്വമേധയാ മനുഷ്യ സമാനമായി ഇരിക്കാനും നടക്കാനും സന്ധിബന്ധങ്ങൾ ചലിപ്പിക്കാനും മാത്രമല്ല, പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യാനും പുതിയ ജനറേഷൻ റോബോട്ടിക്കുകളായ  ഒപ്റ്റിമസ് ഹ്യൂമനോയ്ഡുകൾക്ക്  കഴിയുമെന്ന  വാർത്തയാണ് അതിന്റെ ഉള്ളടക്കം.
മനുഷ്യന്റെ രൂപവും പെരുമാറ്റവും അനുകരിക്കാൻ രൂപകൽപന ചെയ്ത ഈ റോബോട്ടുകൾ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിനോദം, വ്യക്തിഗത സഹായം എന്നിങ്ങനെ വിവിധ മേഖലകളെ  മാറ്റിമറിക്കുമെന്നതിൽ ഒട്ടും സംശയം വേണ്ട. ഹ്യൂമനോയിഡ് റോബോട്ടിക്‌സിലെ പുതുമകൾ പ്രൊമോട്ട് ചെയ്തു നിരവധി കമ്പനികൾ ഹ്യൂമനോയിഡ് റോബോട്ടിക്സ് രംഗത്ത് കാര്യമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ മുന്നേറ്റവും മനുഷ്യ ജീവിതത്തിലെ കടുപ്പമേറിയതും  സാഹസികമായതും ആവർത്തന വിരസതയുളവാക്കുന്നതുമായ വിവിധ ജോലിഭാരം വിപ്ലവകരമായ വിധത്തിൽ ലഘൂകരിക്കുന്നതിനുള്ള  അതുല്യമായ സംഭാവനകളാണ് നൽകികൊണ്ടിരിക്കുന്നത്..
ഹാൻസൺ റോബോട്ടിക്സിന്റെ സോഫിയ 2016 ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു സോഷ്യൽ ഹ്യൂമനോയിഡ് ആണ്. സോഫിയയുടെ പ്രശസ്തി അവൾ  ആദ്യത്തെ റോബോട്ട് പൗരനെന്ന പദവിയാണ്. ഇത് അവളുടെ വിപുലമായ സാമൂഹിക ഇടപെടലിൽ  കാണിച്ച കഴിവിന്റെ തെളിവാണ്. ടൊയോട്ടയുടെ ടി.എച്ച് ആർ-3 എന്ന മൂന്നാം തലമുറ ഹ്യൂമനോയിഡ് റോബോട്ട്, വീടുകൾ, മെഡിക്കൽ സൗകര്യങ്ങൾ മുതൽ ദുരന്തബാധിത പ്രദേശങ്ങൾ, ബഹിരാകാശത്ത് വരെ വിവിധ ക്രമീകരണങ്ങളിൽ മനുഷ്യരെ സഹായിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ്. ഇതിന്റെ വിദൂര നിയന്ത്രിത രൂപകൽപന, സുരക്ഷിതമായും ഫലപ്രദമായും നിരവധി ജോലികളിൽ സഹായിക്കാൻ അനുവദിക്കുന്നു.
ബോസ്റ്റൺ ഡൈനാമിക്സിന്റെ അറ്റ്ലസ് ഉയർന്ന അപകട സാധ്യതയുള്ള പ്രവർത്തനങ്ങളിൽ റോബോട്ടുകളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്ന, വൈവിധ്യമാർന്ന തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന ഒരു ബൈപെഡൽ ഹ്യൂമനോയിഡ് റോബോട്ടാണ്.
ഹ്യൂമനോയിഡ് റോബോട്ടിക്‌സ് വിപണി അതിവേഗ വളർച്ചയുടെ പാതയിലാണ്. 2022 ലെ 1.6 ബില്യൺ ഡോളറിൽ നിന്ന് 2032 ഓടെ 214.4 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. വ്യക്തിഗത സഹായം, വിനോദം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളുടെ വർധിച്ചുവരുന്ന ഡിമാൻഡാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നത്.
വ്യവസായത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ഡിമാൻഡുള്ള ഏഷ്യ-പസഫിക് മേഖലയാണ് നിലവിൽ റൊബോട്ടിക് വിപണിയെ നയിക്കുന്നത് എന്ന് ഈ രംഗത്തെ വിദഗ്ദധായ  അശ്വിൻ സാരംഗ് വിലയിരുത്തുന്നുണ്ട്. എന്നിരുന്നാലും കൃത്രിമ ബുദ്ധിയിലെ പുരോഗതിയും ലോകമെമ്പാടുമുള്ള പ്രധാന കൊമ്പൻമാരുടെ സാന്നിധ്യവും സൂചിപ്പിക്കുന്നത് ഹ്യൂമനോയിഡ് റോബോട്ട് വിപണിയുടെ വളർച്ച ഒരു ആഗോള പ്രതിഭാസമായിരിക്കും എന്ന്  തന്നെയാണ്.
എല്ലാ വ്യവസായങ്ങൾക്കും എന്ന പോലെ കോവിഡ്-19 പാൻഡെമിക്  ഹ്യൂമനോയിഡ് റോബോട്ടിക്സ് ഗവേഷണത്തിലും കാര്യമായ വെല്ലുവിളികൾ ഉയർത്തിയിരുന്നു. വിതരണ ശൃംഖലയിലെ തടസ്സങ്ങളും തൊഴിലാളി ക്ഷാമവും വികസനത്തെയും ഉൽപാദനത്തെയും ബാധിച്ചു. എന്നിരുന്നാലും ഉൽപാദനം പുനരാരംഭിക്കുന്നതിനും വരുമാനം നിലനിർത്തുന്നതിനുമുള്ള വഴികൾ കണ്ടെത്തി വ്യവസായം അതിദ്രുതം മുന്നേറിക്കൊണ്ടിരിക്കുന്നതായാണ് ടെസ്‌ല സിഇഒയുടെ ഏറ്റവും   ഒടുവിലത്തെ വീഡിയോ നൽകുന്ന സൂചന.
വെല്ലുവിളികൾക്കിടയിലും വിവിധ മേഖലകളിൽ മനുഷ്യ രൂപത്തിലുള്ള റോബോട്ടുകൾ കൂടുതൽ അവിഭാജ്യമായ പങ്ക് വഹിക്കാൻ സജ്ജമായതിനാൽ ഭാവി ഏറെ പ്രതീക്ഷ നൽകുന്നതായാണ് കരുതപ്പെടുന്നത്. സാങ്കേതിക വിദ്യയുടെ അതിരുകൾ അനുദിനം നവീകരിക്കപ്പെടുകയും നിർമിത ബുദ്ധിയുടെ പ്രയോജനങ്ങൾ അഭൂതപൂർവമായ  തരത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോൾ, സയൻസ് ഫിക്ഷനും യാഥാർത്ഥ്യവും തമ്മിലുള്ള അതിർത്തി കൂടുതൽ മങ്ങുന്നു. വർധിത ശേഷിയുള്ള ഹ്യൂമനോയിഡ് റോബോട്ടിക്‌സിന്റെ ആഗമനം  നമുക്ക് സങ്കൽപിക്കാൻ കഴിയാത്ത വിധത്തിൽ നമ്മുടെ ലോകത്തെ പുനർനിർമിച്ചു തുടങ്ങിയിരിക്കുന്നു.
എ ഐ ഹ്യൂമനോയിഡ് റോബോട്ടുകളുടെ വികസനത്തിലും ഉപയോഗത്തിലും ഉയർന്നുവന്ന ചില അപകട സാധ്യതകളും ആശങ്കകളും കൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഹ്യൂമനോയിഡ് റോബോട്ടുകൾ വിപുലമായ ശാരീരിക ശേഷികളോടെയാണ് രൂപകൽപന ചെയ്തതെങ്കിൽ, അവ തകരാറിലാകുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അവ മനുഷ്യർക്കോ മറ്റു ജീവജാലങ്ങൾക്കോ അപകടമുണ്ടാക്കാം. ഉദാഹരണത്തിന്, നിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള ഒരു റോബോട്ട് സൈനിക ഉപയോഗത്തിനായി പുനർനിർമിക്കുകയാണെങ്കിൽ, അത് യുദ്ധക്കളത്തിൽ മനുഷ്യർക്ക് ചെറുതല്ലാത്ത ദോഷം ചെയ്യും.
ഹ്യൂമനോയിഡ് റോബോട്ടുകൾ കൂടുതൽ വികസിക്കുമ്പോൾ അവ പ്രത്യേക വ്യവസായങ്ങളിൽ മനുഷ്യ തൊഴിലാളികളെ മാറ്റിസ്ഥാപിച്ചേക്കാം. ഇത് തൊഴിൽ സ്ഥാനചലനത്തിനും സാമൂഹികവും സാമ്പത്തികവുമായ തകർച്ചയിലേക്കും നയിക്കാനിടയുണ്ട്. നൂതന സെൻസറുകളും ക്യാമറകളും സജ്ജീകരിച്ചിരിക്കുന്ന ഹ്യൂമനോയ്ഡ് റൊബോട്ടുകൾക്ക്  മനുഷ്യരെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനും കൈമാറാനും കഴിയും. ഇത് സ്വകാര്യതയെയും സുരക്ഷ അപകടങ്ങളെയും കുറിച്ചുള്ള ആശങ്കകൾ വലിയ തോതിൽ ഉയർത്തുന്നുണ്ട്.
പക്ഷപാതപരമോ വിവേചനപരമോ ആയ അൽഗോരിതങ്ങൾ ഉപയോഗിച്ച് പ്രോഗ്രാം ചെയ്തിട്ടുണ്ടെങ്കിൽ,  ഇത്തരം ഹ്യൂമനോയ്ഡുകൾക്ക്  നിലവിലുള്ള സാമൂഹിക അസമത്വങ്ങളും വിവേചനങ്ങളും ശാശ്വതമാക്കാനും വർധിപ്പിക്കാനും കഴിയും.
എ ഐ ഹ്യൂമനോയിഡ് റോബോട്ടുകൾ കൂടുതൽ പുരോഗമിക്കുമ്പോൾ ധാർമിക പരിഗണനകൾ കണക്കിലെടുക്കണം. ഉദാഹരണത്തിന്, എ ഐ - പവർഡ് റോബോട്ടുകൾ വികസിപ്പിച്ചെടുത്ത ബൗദ്ധിക സ്വത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ പ്രത്യേക വ്യവസായങ്ങളിലെ മനുഷ്യ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്ന റോബോട്ടുകളുടെ നൈതികതയെക്കുറിച്ചോ ചോദ്യങ്ങൾ ഉയർന്നേക്കാം  എന്നും എലസാർ ഔറാമോവിറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ ആശങ്കകൾ പരിഹരിക്കുന്നതിനും ഹ്യൂമനോയിഡ് റോബോട്ടുകൾ കൂടുതൽ  ഫലപ്രദമായി വികസിപ്പിച്ചെടുക്കുകയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ, വികസന പ്രക്രിയയിൽ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള പങ്കാളികളെ ഉൾപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. സമീപ ഭാവിയിൽ തന്നെ അതിവേഗത്തിൽ മാർക്കറ്റ്  കൈയടക്കാൻ പോവുന്ന ഈ റോബോട്ടുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപൂർവമുള്ള  ഉപയോഗം ഉറപ്പാക്കുന്നതിന് അവയുടെ വികസനത്തിനും ഉപയോഗത്തിനും വ്യക്തമായ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും മുൻകൂട്ടി  തന്നെ തയാറാക്കപ്പെടേണ്ടതുണ്ട്.

Latest News