Sorry, you need to enable JavaScript to visit this website.

ടെറസ് കൃഷിയുടെ വിസ്മയങ്ങൾ

ഖത്തറിൽ ടെറസ് കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഹഫ്സ യൂനുസ് എന്ന അരീക്കോട്ടുകാരി. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി കുടുംബത്തോടൊപ്പം പ്രവാസിയായ അവർ താമസിക്കുന്ന ബിൽഡിംഗിന്റെ ടെറസിൽ വൈവിധ്യങ്ങളാർന്ന പൂക്കളും പച്ചക്കറികളും കൃഷി ചെയ്താണ് ശ്രദ്ധേയയാകുന്നത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പോലീസ് ക്ളിനിക്കിൽ ഓഡിയോളജി ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്നതോടൊപ്പം തന്നെ പൂക്കളും പച്ചക്കറികളും നട്ടുവളർത്താനും പരിചരിക്കാനും സമയം കണ്ടെത്തുന്നുവെന്നു മാത്രമല്ല, അവ ആസ്വദിക്കുകയും ചെയ്യുന്നു.
പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞും അവയെ തൊട്ടുതലോടി പരിചരിച്ചും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതോടൊപ്പം നന്മയുടേയും സ്‌നേഹത്തിന്റേയും മഹത്തായ ആശയങ്ങളാണ് ഹഫ്സ അടയാളപ്പെടുത്തുന്നത്. സൗന്ദര്യവും സൗരഭ്യവുമെന്നതിലുപരി പച്ചപ്പിന്റെ തണുപ്പും കുണുപ്പും വീടിന്റെ ഐശ്വര്യമാണ്.
വിടർന്നു നിൽക്കുന്ന പൂക്കളുടെ സൗന്ദര്യം കണ്ടുണരാൻ കഴിയുക, വൈവിധ്യമാർന്ന പൂക്കളുടെ പരിമളവും അനുഭൂതിയുമുണർത്തുന്ന തലോടലേൽക്കാനാവുക, തത്തയും പ്രാവും കുയിലുമടക്കമുള്ള പക്ഷികളുടെ സംഗീത സാന്ദ്രമായ ആദാനപ്രദാനങ്ങൾ തീർക്കുന്ന ഗൃഹാതുരമായ സാമൂഹ്യ പരിസരത്ത് ജീവിക്കുക, വിളഞ്ഞു നിൽക്കുന്ന പച്ചക്കറികളുടെ പറുദീസയിലൂടെ ഉലാത്തുക. ഏത് മനുഷ്യനും അവാച്യമായ അനുഭൂതി സമ്മാനിക്കുന്ന മഹാഭാഗ്യമാണിതൊക്കെ. ജനസാന്ദ്രതയിൽ വീർപ്പുമുട്ടി ഫ്‌ളാറ്റുകളുടെ ഇടനാഴികളിൽ തളയ്ക്കപ്പെടുന്ന പലർക്കും ഇതൊക്കെ സുന്ദരമായ നടക്കാത്ത സ്വപ്നങ്ങളായി തോന്നാം. എന്നാൽ മനസ്സുവെച്ചാൽ നമുക്കും മരുഭൂമിയിൽ പോലും മനോഹരമായ മലർവാടി തീർക്കാനാകുമെന്ന് തെളിയിക്കുകയാണ് ഹഫ്സ.
ആധുനിക ലോകത്ത് സമ്മർദദ്ദങ്ങളുടേയും തിരക്കുകളുടേയുമിടയിൽ പ്രയാസമനുഭവിക്കുന്നവരാണ് അധികമാളുകളും. ശാന്തിയുടേയും സമാധാനത്തിന്റേയും കുളിരു പകരുന്ന ആരാമം മനസ്സിനും ശരീരത്തിനും നൽകുന്ന ആശ്വാസം അവാച്യമാണെന്നാണ് ഹഫ്സ പറയുന്നത്. കണ്ണിനും കരളിനും കുളിരു പകരുന്ന സുന്ദരമായ സൂനങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യ പരിസരം ജീവിതത്തിന്റെ ഓജസ്സ് വർധിപ്പിക്കുമെന്നാണ് തന്റെ അനുഭവമെന്ന് അവർ പറഞ്ഞു. ഊഷരമായ മരുഭൂമിയിൽ കണ്ണിനും കരളിനും കുളിരു പകരുന്ന പൂക്കളുടെയും പച്ചക്കറികളുടെയും വിസ്മയ ലോകം തീർത്ത ഹഫ്സ യൂനുസ് മണ്ണും മനുഷ്യനും തമ്മിലുണ്ടാവേണ്ട അവിഭാജ്യമായ ബന്ധമാണ് അടയാളപ്പെടുത്തുന്നത്.
വാടാമല്ലി, ജമന്തി, സൂര്യകാന്തി, ഡാലിയ, സീനിയ, മല്ലിക, കോസ്മോസ്, ജർമറ, സൂസൻ തുടങ്ങി വൈവിധ്യമാർന്ന നിറങ്ങളും പരിമളങ്ങളുമുളള എത്രയോ ചെടികളാണ് ഹഫ്സയുടെ ടെറസിൽ ഇതൾ വിടർത്തി നിൽക്കുന്നത്.
പയർ, പച്ചമുളക്, ബീൻസ് അമര, മത്തൻ, കുമ്പളം, വെള്ളരി, പീച്ചിൽ, വഴുതന, മുരിങ്ങ, ചീര, വിവിധ തരം തക്കാളികൾ, സാലഡ് ലീവ്സുകൾ, പടവലം തുടങ്ങിയവയാണ് ഹഫ്സ കൃഷി ചെയ്യുന്ന പച്ചക്കറികൾ.
മലപ്പുറം ജില്ലയിൽ വടക്കുംമുറിയിൽ ഉമ്മർ നെല്ലിപ്പാക്കുണ്ടൻ, റുഖിയ്യ ദമ്പതികളുടെ മകളായ ഹഫ്സക്ക് കൃഷി കമ്പം പാരമ്പര്യമായി കിട്ടിയതാകാം. ഉപ്പയും ഉപ്പയുടെ ഉമ്മയും ഉപ്പയുടെ പെങ്ങന്മാരുമൊക്കെ കൃഷിയിൽ വലിയ താൽപര്യമുള്ളവരായിരുന്നു. ഖത്തറിൽ കൃഷി ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം 12 വർഷത്തോളമായി. ചെറുപ്പം മുതലേ പൂക്കളോട് വലിയ ഇഷ്ടമാണ്. പൂക്കളുടെ കാന്തിയും സൗരഭ്യവുമൊക്കെ നുണയാനും ആസ്വദിക്കാനുമാവുകയെന്നത് ഏറെ കുളിരേകുന്ന അനുഭവമാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിലും ടെറസിന് മുകളിലുള്ള തന്റെ ഗാർഹിക തോട്ടത്തിൽ അൽപ സമയം ചെലവഴിക്കുമ്പോൾ എല്ലാ പ്രയാസങ്ങളും ടെൻഷനുകളും നീങ്ങുമെന്നതാണ് തന്റെ അനുഭവമെന്ന് ഹഫ്സ പറയുന്നു.
ഗൾഫിൽ നാട്ടിലെ പോലെ എല്ലാ കാലത്തും കൃഷി ചെയ്യാൻ കഴിയില്ല. തണുപ്പ് തുടങ്ങുന്നതിന് തൊട്ട് മുമ്പുള്ള അഞ്ചാറു മാസങ്ങളിലാണ് കാര്യമായും കൃഷി നടക്കുക. മുൻവർഷങ്ങളിൽ ജൂലൈ മാസത്തിൽ വിത്തിട്ട് തുടങ്ങാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം ചൂട് വിചാരിച്ച പോലെ പോകാഞ്ഞത് കൊണ്ട് വൈകിയാണ് തുടങ്ങാൻ പറ്റിയത്. നാട്ടിലെ പോലെ കൃഷി അത്ര എളുപ്പമല്ല ഇവിടെ. കുറെ വൈതരണികൾ തരണം ചെയ്യാനുണ്ട്. നാട്ടിലെ പോലെയുള്ള ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ലഭ്യമില്ലായ്മ, പ്രതീക്ഷിക്കാതെ വരുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ, മുളച്ചു വളരുമ്പോൾ വരുന്ന കിളി ശല്യം, പൂച്ച ശല്യം അങ്ങനെ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കൃഷി നടത്താനാവുക.
ജൈവ കൃഷി പ്രോൽസാഹിപ്പിക്കുന്ന നിരവധി മലയാളികളും ഒരുപാട് കൃഷി ഗ്രൂപ്പുകളും നിലവിലുള്ളത് കൃഷി ചെയ്യുന്നവർക്ക് വലിയ ആശ്വാസവും പ്രചോദനവുമാണ് നമ്മുടെ അടുക്കളത്തോട്ടം ദോഹ എന്ന ഫാമിലി കൃഷി ഗ്രൂപ്പിലെ അംഗമായ ഹഫ്സ പറയുന്നു. കൃഷി ചെയ്യുന്നവർക്കെല്ലാം പ്രോത്സാഹനം നൽകിയും അറിയാവുന്ന അറിവുകൾ പങ്കുവെച്ചും അവരിൽ നിന്നും അറിവുകൾ നേടിയും ഇത്തരം കൂട്ടായ്മകൾ വിലപ്പെട്ട സേവനമാണ് ചെയ്യുന്നത്. സമാന ചിന്താഗതിക്കാരുമായി നല്ല സൗഹൃദങ്ങൾ സൃഷ്ടിച്ചെടുക്കാനും ഈ കൂട്ടായ്മകൾ സഹായിക്കുന്നു.
കൃഷി ഗ്രൂപ്പ് വഴി പരിചയപ്പെട്ട കൃഷി ചെയ്യുന്നവരുടെ ഒരു സൗഹൃദ കൂട്ടായ്മയാണ് ഹാപ്പി മെമെന്റ്സ്.  വിളവെടുപ്പ് ഉത്സവമായി ഞങ്ങൾ ഈ കൂട്ടായ്മയിൽ ഉള്ളവർ സദ്യയുണ്ടാക്കി ഒന്നിച്ച് എവിടെയെങ്കിലും കൂടാറുണ്ട്. 
ഹഫ്സയുടെ ഭർത്താവ് യൂനുസ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനാണ്. മകൾ സഹ്‌ല ഹമദ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. മറ്റൊരു മകൾ ഫാത്തിമ, റെസ്പിറേറ്ററി തെറാപ്പി കോഴ്സ് പൂർത്തിയാക്കി ജോലി തേടുകയാണ്. മകൻ അലീഫ് മുഹമ്മദ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി.

Latest News