ആ കുട്ടി കടന്നുപോയ മെന്റല്‍  ട്രോമ ചെറുതല്ലായിരുന്നു-സംയുക്ത 

തൃശൂര്‍-മലയാളികളുടെ ഇഷ്ട നായികമാരാണ് സംയുക്ത വര്‍മയും ഭാവനയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഭാവനയെക്കുറിച്ച് സംയുക്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാവന തന്റെ സ്വന്തം സഹോദരിയെ പോലെ ആണെന്നാണ് സംയുക്ത പറയുന്നത്. കഴിഞ്ഞ മൂന്ന് നാല് കൊല്ലം ഭാവന കടന്നു പോയ മാനസിക ആഘാതം ചെറുതല്ലായിരുന്നു എന്നും സ്വയം സ്ട്രോംഗ് ആയി മാറിയ കുട്ടിയാണ് നടിയെന്നും സംയുക്ത പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയൊരു അഭിമുഖത്തില്‍ ആയിരുന്നു സംയുക്തയുടെ തുറന്നുപറച്ചില്‍.
'ഭാവനയെ പറ്റി എനിക്ക് ഒരു വാക്കില്‍ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവള്‍. സംഘമിത്രയും (സഹോദരി) ഭാവനയും ഒരുമിച്ചാണ് പഠിച്ചതും. ഭാവന നിങ്ങള്‍ കാണുന്നത് പോലെ സ്ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റല്‍ ട്രോമ ചെറുതല്ലായിരുന്നു. നമ്മള്‍ അടുത്ത ആള്‍ക്കാര്‍ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ള ആളാണ്. ഞാന്‍ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവള്‍ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്. പക്ഷേ നല്ലൊരു ഭര്‍ത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളില്‍ ഒരു ദൈവാംശം ഉണ്ടാകില്ലെ. അങ്ങനെ സ്വയം സ്ട്രോംഗ് ആയി മാറിയ ആളാണ് അവള്‍' , സംയുക്തയുടെ വാക്കുകള്‍.

Latest News