Sorry, you need to enable JavaScript to visit this website.

മൻമോഹൻ സിംഗിന്റെ കാലത്ത് ഇന്ത്യ 10.8 ശതമാനം  വളർച്ച കൈവരിച്ചുവെന്ന റിപ്പോർട്ട് കേന്ദ്രം പിൻവലിച്ചു

ന്യൂദൽഹി- മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയുടെ സാമ്പത്തിക രംഗം 10.8 ശതമാനം വളർച്ച കൈവരിച്ചുവെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ പിൻവലിച്ചു. 2006-2007 സാമ്പത്തിക വർഷം പത്തു ശതമാനം വളർച്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പിൻവലിച്ചത്. റിപ്പോർട്ടിൽ ഔദ്യോഗിക കണക്കുകളല്ല ഉള്ളതെന്നും പിന്നീട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നുമാണ് കേന്ദ്രം നൽകുന്ന വിശദീകരണം. 
മുൻവർഷങ്ങളിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ റിപ്പോർട്ടിലാണ് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക വളർച്ച ഉണ്ടായതായി വ്യക്തമാക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്-പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ജൂലൈ 25ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. 1991ലെ സാമ്പത്തിക ഉദാരീകരണ നയത്തിന് ശേഷം രാജ്യം കൈവരിച്ച ഏറ്റവും വലിയ സാമ്പത്തിക വളർച്ച നിരക്കാണ് മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായതെന്നാണ് ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാർത്തകൾ വരികയും കോൺഗ്രസും ബിജെപിയും കൊമ്പു കോർക്കുകയും ചെയ്യുന്ന അവസ്ഥ വന്നതോടെയാണ് കരട് വിഭാഗത്തിൽ പെടുത്തി സർക്കാർ റിപ്പോർട്ട് പിൻവലിച്ചത്. 

Latest News