Sorry, you need to enable JavaScript to visit this website.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ആണ്‍ സുഹൃത്ത് ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റില്‍

വിശാഖപട്ടണം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മുറിയിലും ആര്‍. കെ ബീച്ചിന് സമീപത്തുമാണ് പെണ്‍കുട്ടി അഞ്ചുദിവസം പീഡനത്തിനിരയായത്. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളാണ് അറസ്റ്റിലായത്.

വിശാഖപട്ടത്തെ ഒരു വീട്ടില്‍ ജോലി ചെയ്യുന്ന 17കാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് ഉള്‍പ്പെടെയുള്ളവരാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഇതേതുടര്‍ന്ന് നാടുവിട്ട കുട്ടിയെ പൊലീസുകാര്‍ തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.
മകളെ കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഒരു യുവാവ് മകളെ ആര്‍. കെ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതായി പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഒഡീഷയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് ആദ്യം തുറന്നു പറയാന്‍ തയ്യാറായിരുന്നില്ല. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ കുട്ടി കൂട്ടബലാത്സംഗത്തെക്കുറിച്ച് പോലീസിനോട് പറയുകയായിരുന്നു. 

വിശാഖപട്ടണത്തെ ഹോട്ടലില്‍ എത്തിച്ച ആണ്‍സുഹൃത്താണ് ആദ്യം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നാലെ ആണ്‍സുഹൃത്ത് അയാളുടെ മറ്റൊരു സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇയാളും ബലാത്സംഗത്തിനിരയാക്കിയതോടെ മാനസികമായി തകര്‍ന്ന കുട്ടി ഹോട്ടല്‍ വിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

ആത്മഹത്യയ്ക്ക് ആര്‍. കെ ബീച്ചിലെത്തിയ പെണ്‍കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഒരു ഫോട്ടോഗ്രാഫര്‍ കാര്യം അന്വേഷിക്കുകയും മുറിയില്‍ കൂട്ടിക്കൊണ്ടുപോയി അയാളും സുഹൃത്തുക്കളായ ഏഴുപേരും ചേര്‍ന്ന് കുട്ടിയെ വീണ്ടും ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇവിടുന്ന് രക്ഷപ്പെട്ടാണ് കുട്ടി ഒഡീഷയിലേക്ക് പോയത്.

Latest News