Sorry, you need to enable JavaScript to visit this website.

ആ 700 കോടി കേരളത്തിന് ലഭിച്ചേക്കില്ല; ഇന്ത്യയുടെ നിലപാട് അന്നും ഇന്നും

ന്യുദല്‍ഹി- കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വേണ്ടത്ര സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ യുഎഇ കേരളത്തിന് 700 കോടി രൂപയുടെ സഹായം നല്‍കുമെന്ന പ്രഖ്യാപനം കൂടി വന്നതോടെ കേന്ദ്രത്തിനെതിരായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളില്‍ വളരെ ശക്തമായിരിക്കുകയുമാണ്. ഇതിനിടെയാണ് വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമുള്ളതായി റിപോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇന്ത്യയില്‍ പലയിടത്തും പലപ്പോഴായി ഉണ്ടായ വന്‍ ദുരന്തങ്ങളില്‍ ആശ്വാസമായി വിദേശത്തു നിന്നുള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. വിദേശ സഹായങ്ങള്‍ക്ക് ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ മാത്രമാണോ ഉടക്കിട്ടിട്ടുള്ളത്?

ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും ദുരിതാശ്വാസ, രക്ഷാ, പുനരധിവാസ സഹായങ്ങള്‍ നല്‍കാനുമുള്ള ശേഷിയും വിഭവങ്ങളും രാജ്യത്തിനുണ്ടെന്നതാണ് വര്‍ഷങ്ങളായി ഇന്ത്യ പിന്തുടരുന്ന നിലപാട്. ദുരന്തങ്ങളില്‍ വിദേശത്ത് നിന്ന് സഹായം തേടില്ലെന്നത് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചു പോന്ന ഒരു അലിഖിത നയമാണ്. 2004-ല്‍ വന്‍ നാശം വിതച്ച സുനാമി ദുരിതാശ്വാസമായി റഷ്യ, ഇസ്രാഈല്‍ ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയപ്പോള്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ അത് നിരസിച്ചിട്ടുണ്ട്. ഇതോടെയാണ് വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ നിലപാടു മാറ്റത്തിന്റെ തുടക്കം. 2013ല്‍ ഉത്തരാഖണ്ഡ് പ്രളയ ദുരന്ത സമയത്ത് യുഎസ് വാഗ്ദാനം ചെയ്ത സഹായവും ഇന്ത്യ നിരസിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ മാത്രമാണ് അന്ന് സ്വീകരിച്ചിരുന്നത്. ഇന്ത്യയെ സഹായിക്കാനുള്ള മികച്ച വഴി ഇതാണ്. കേരളത്തെ സഹായിക്കുന്നതിലും വിദേശങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന സഹായങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നുവെന്ന വാദത്തിന് അടിസ്ഥാനം രാജ്യത്തിന്റെ ഈ നയമാണ്.

ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കനുസരിച്ച് മാറി വന്ന ഒരു നയമാണ്. വിദേശത്ത് നിന്ന് സഹായം വാങ്ങുന്നതിലേറെ സഹായം വിദേശത്തേക്ക് കൊടുക്കുന്ന നിലപാടാണ് രണ്ടു പതിറ്റാണോളമായി ഇന്ത്യ സ്വീകരിച്ചു വരുന്നത്. ലോകത്ത് പ്രകൃതി ദുരന്തങ്ങളുണ്ടായ രാജ്യങ്ങളെ ഇക്കാലയളവില്‍ ഇന്ത്യ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. അയല്‍ രാജ്യമായി നേപ്പാള്‍ തൊട്ട് അഫ്ഗാനിസ്ഥാന്‍, ഹെയ്തി, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്തിനേറെ വികസസിത രാജ്യമായ ജപ്പാനെ പോലും ഇന്ത്യ സഹായിച്ചിട്ടുണ്ട്.

ലോകത്തെ വന്‍ സാമ്പത്തിക ശക്തികളിലൊന്നാണെന്ന് തങ്ങളെന്ന് തെളിയിക്കാന്‍ ലഭിക്കുന്ന അവസരങ്ങളായാണ് ഇതിനെ ഇന്ത്യ കാണുന്നത്. ഈ നയത്തിനു പിന്നില്‍ 1991ല്‍ ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച മുന്‍ ധനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറുമെല്ലാം ആയിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങാണ്. സുനാമി ദുരന്ത കാലത്ത് വിദേശ സഹായം ഇന്ത്യയ്ക്കു ആവശ്യമില്ലെന്നും മതിയായ സാമ്പത്തിക ശേഷി രാജ്യത്തിനുണ്ടെന്നും തുറന്നു പറഞ്ഞത് മന്‍മോഹന്‍ സിങാണ്. അന്ന് ലഭിച്ച വിദേശ സഹായ വാഗ്ദാനങ്ങളെല്ലാം നിരസിച്ച ഇന്ത്യ ശ്രീലങ്ക, ഇന്തൊനേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കായി 40 ലക്ഷം ഡോളറിന്റെ സഹായം നല്‍കുകയും ചെയ്തിരുന്നു.
 

Latest News