ന്യൂദൽഹി- ബാബരി മസ്ജിദ് തകർത്ത കേസിലെ വിധി ഏകകണ്ഠമായത് എങ്ങനെയെന്ന് വിശദീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ചരിത്രവും വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും മനസ്സിലാക്കിയാണ് ഒരേ സ്വരത്തിൽ ഇക്കാര്യത്തിൽ വിധി പ്രസ്താവിച്ചതെന്നും വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഒന്നിച്ചാണ് എടുത്തതെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ഡി.വൈ ചന്ദ്രചൂഡ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യ ഭൂമിതർക്ക കേസിൽ തീർപ്പുകൽപ്പിച്ചുള്ള വിധി പുറപ്പെടുവിച്ചത്. ഇദ്ദേഹത്തെ പിന്നീട് ബി.ജെ.പി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നായിരുന്നു വിധി. സുന്നി വഖഫ് ബോർഡിന് നഗരത്തിൽതന്നെ സുപ്രധാനമായ സ്ഥലത്ത് പള്ളി നിർമിക്കാൻ അഞ്ചേക്കർ അനുവദിക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസിനും ഡി.വൈ.ചന്ദ്രചൂഡിനും പുറമേ ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.
വിധിന്യായത്തിൽ അഞ്ചു ജഡ്ജിമാരുടെയും പേരുണ്ടെങ്കിലും എഴുതിയതാര് എന്നു വ്യക്തമാക്കിയിരുന്നില്ല. സാധാരണഗതിയിൽ പ്രധാന വിധിയോടു വിയോജിച്ചും അനുകൂലിച്ചുമാണ് ബെഞ്ചിലെ മറ്റംഗങ്ങൾ പ്രത്യേക വിധിയെഴുതുന്നതെങ്കിൽ അയോധ്യ കേസിൽ അതും തിരുത്തപ്പെട്ടു.
'ഒരു വിധി പ്രസ്താവിക്കുന്നതിന് മുമ്പ് നാമെല്ലാവരും ചെയ്യുന്നതുപോലെ, അഞ്ചംഗ ബെഞ്ച് വിധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇരുന്നപ്പോൾ, ഇത് കോടതിയുടെ വിധിയായിരിക്കുമെന്ന് ഞങ്ങൾ എല്ലാവരും ഏകകണ്ഠമായി തീരുമാനിച്ചു. അതിനാൽ, വിധിയുടെ കർത്തൃത്വം ആർക്കും നൽകാനാകില്ല.
'കേസിന് സംഘട്ടനത്തിന്റെ നീണ്ട ചരിത്രമുണ്ട്. ബെഞ്ചിന്റെ ഭാഗമായ എല്ലാവരും ഇത് കോടതിയുടെ വിധിയായിരിക്കുമെന്ന് തീരുമാനിച്ചു. കോടതി ഒരേ ശബ്ദത്തിലൂടെയും ആശയത്തിലൂടെയും സംസാരിക്കും. അങ്ങനെ ചെയ്യുന്നത് ആത്യന്തിക ഫലത്തിൽ മാത്രമല്ല, വിധിയിൽ സൂചിപ്പിച്ച കാരണങ്ങളിലും നാമെല്ലാവരും ഒരുമിച്ച് നിൽക്കുന്നുവെന്ന വ്യക്തമായ സന്ദേശം നൽകാനാണെന്നും അദ്ദേഹം പറഞ്ഞു.