കൊച്ചി - കുരുമുളക് ലഭ്യത ചുരുങ്ങിയത് കുതിച്ചു ചാട്ടത്തിന് അവസരം ഒരുക്കി. ഇടുക്കിയിലെ ഏലക്ക ലേല കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തി ചരക്ക് പ്രവാഹം. കേന്ദ്രം കൊപ്രയുടെ താങ്ങ് വില പുതുക്കിയെങ്കിലും കേരളത്തിലെ കർഷകർക്ക് പ്രതീക്ഷയ്ക്ക് വകയില്ല. കനത്ത മഴ തായ്‌ലണ്ടിൽ ടാപ്പിങ് സ്തംഭിച്ചു, കയറ്റുമതിമേഖല ആശങ്കയിൽ. ആഭരണ വിപണിയിൽ സ്വർണത്തിന് തങ്കതിളക്കം. കുരുമുളക് സ്വന്തമാക്കാൻ വർഷാന്ത്യ ദിനങ്ങളിൽ ഉത്തരേന്ത്യക്കാർ മത്സരിച്ചു. ആഭ്യന്തര ഡിമാൻറിൽ ക്വിൻറ്റലിന് 1100 രൂപ വർദ്ധിച്ച് ഗാർബിൾഡ് മുളക് 61,700 രൂപയിലാണ് വിപണി 2023 നോട് വിടപറഞ്ഞത്. റെക്കോർഡ് പ്രകടനങ്ങൾ ആഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ കാഴ്ച്ചവെച്ചത് കർഷകരെ രോമാഞ്ചം കൊള്ളിച്ചു. ഹൈറേഞ്ച് മുളകിന് നേരിടുന്ന ക്ഷാമം പുതുവർഷാരംഭത്തിലും വിട്ടുമാറില്ലെന്ന സൂചനകൾ വാങ്ങൽ താൽപര്യം ഇരട്ടിപ്പിച്ചു.
2024 ലെ ഉൽപാദനം സംബന്ധിച്ച് വ്യക്തമായ കണക്കുകൾ പുറത്തുവിടുന്നതിൽ സ്‌പൈസസ് ബോർഡിന് വീഴ്ച്ച സംഭവിച്ചു. തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമായപ്പോൾ തന്നെ അടുത്ത സീസണിൽ ഉൽപാദനം ചുരുങ്ങുമെന്ന് കാർഷിക മേഖല വ്യക്തമാക്കി. എന്നാൽ വിളവ് സംബന്ധിച്ച് പഠനം നടത്തി ഉൽപാദകർക്ക് മാർഗ്ഗ നിർദേശങ്ങൾ നൽക്കുന്നതിൽ കേന്ദ്ര ഏജൻസി വൻ പരാജയമായി. ഇക്കാര്യത്തിൽ ആത്മാർത്ഥ കാണിക്കാൻ സംസ്ഥാന കൃഷി വകുപ്പിനും കഴിഞ്ഞില്ല. ഉത്തരേന്ത്യൻ ലോബി ചുളിവ് വിലയ്ക്ക് ചരക്ക് കൈക്കലാക്കുന്നത് തടയാൻ കഴിയാത്തിടതോളം സുഗന്ധവ്യഞജ്‌ന ഉൽപാദന മേഖലയിലെ ദുർഗന്ധം വിട്ടുമാറില്ല.
ചില ഭാഗങ്ങളിൽ ഈ മാസം കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിക്കും. എന്നാൽ കാലാവസ്ഥയിൽ മൂഡൽ അനുഭവപ്പെട്ടാൽ വിളവെടുപ്പിന് കാലതാമസം നേരിടും. അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 7450 ഡോളർ.
ഈ വർഷത്തെ ഏറ്റവും ശക്തമായ ഏലക്ക പ്രവാഹത്തിന് ഇടുക്കി സാക്ഷ്യം വഹിച്ചു. വർഷാന്ത്യത്തിലെ ഹോളി ഡേ മൂഡിനിടയിലും ഏലക്ക വിറ്റുമാറാൻ എല്ലാ ഭാഗങ്ങളിലെയും ഇടപാടുകാർ മത്സരിച്ചു. രണ്ട് ലക്ഷം കിലോയോളും ചരക്ക് ഒറ്റ ദിവസം രണ്ട് ലേല കേന്ദ്രങ്ങളിലായി വിൽപ്പനയ്ക്ക് ഇറങ്ങി. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചു. മികച്ചയിനങ്ങൾ കിലോ 2852 രൂപ വരെ കയറി. വിളവെടുപ്പിനിടയിൽ ഉയർന്ന കാർഷിക ചിലവുകൾ താങ്ങാനാവാതെ ചരക്ക് വിറ്റുമാറാൻ കർഷകർ തിടുക്കം കാണിക്കുന്നു.
കൊപ്രയുടെ താങ്ങ് വില കേന്ദ്രം ഉയർത്തി നിശ്ചയിച്ചത് നാളികേര മേഖലയ്ക്ക് നേട്ടമാകും.
ഈവർഷത്തെ മില്ലിങ് കൊപ്രയുടെ താങ്ങ് വില ക്വിൻറ്റലിന് 300 രൂപ ഉയർത്തി 11,160 രൂപയാക്കി, 2023 ലെ താങ്ങ് വില 10,860 രൂപയായിരുന്നു. ആഗോള തലത്തിൽ കൊപ്ര വില താഴ്ന്നങ്കിലും നമ്മുടെ കാർഷിക ചിലവുകൾ ഗണ്യമായി ഉയർന്നത്തിനാലാണ് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി താങ്ങ് വില ഉയർത്തിയത്. പത്ത് വർഷത്തിനിടയിൽ കൊപ്രയുടെ താങ്ങ് വില ക്വിൻറ്റലിന് 5500 രൂപ വർദ്ധിപ്പിച്ചു.
പുതിയ പ്രഖ്യാപനം ദക്ഷിണേന്ത്യൻ നാളികേര കർഷകർക്ക് കൃഷിയിലുള്ള ആത്മവിശ്വാസം ഉയർത്തും. പോയ വർഷം നാഫെഡ് 1493 രൂപ ചിലവിൽ 1.33 ലക്ഷം ടൺ കൊപ്ര സംഭരിച്ചു. കേരളത്തിലെ കർഷകർക്ക് ഇതിന്റെ നേട്ടം ആസ്വദിക്കാനായില്ല. കേരളം കൊപ്രയ്ക്ക് പകരം പച്ചത്തേങ്ങയാണ് സംഭരിച്ചത്. ഇതാവട്ടേ തമിഴ്‌നാട് അതിർത്തി കടത്തിക്കൊണ്ടുവന്ന തേങ്ങയും. കൊച്ചിയിൽ ഒരു മാസമായി വെളിച്ചെണ്ണ 13,600 ലും കൊപ്ര 8800 രൂപയിലും സ്‌റ്റെഡിയാണ്.
ആഗോള റബർ ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന തായ്‌ലണ്ടിൽ കനത്ത മഴ വെള്ളപ്പൊക്കത്തിന് ഇടയാക്കി. ക്രിസ്മസ് വേളയിൽ തുടങ്ങിയ ശക്തമായ മഴ മൂലം കർഷകർക്ക് ടാപ്പിങിന് വർഷാന്ത്യം വരെ അവസരം ലഭിച്ചില്ല. ഉൽപാദനത്തിലെ പ്രതിസന്ധി അവരുടെ റബർ കയറ്റുമതിയെ ബാധിക്കാം. വ്യവസായിക ഡിമാൻറ്റിൽ നാലാം ഗ്രേഡ് 151 രൂപയായി ഉയർന്നു. കേരളത്തിൽ മികച്ചയിനം ഷീറ്റ് കിലോ 156 രൂപയിലാണ്.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു.
പവൻ 46,560 രൂപയിൽനിന്ന് 47,080 രൂപയിലെ റെക്കോർഡ് മറികടന്ന് 47,120 രൂപ വരെ കയറി. ഈ വർഷം പവൻ 14 തവണ റെക്കോർഡ് പുതുക്കി. വാരാന്ത്യം പവൻ 46,840 രൂപയിലാണ്.