Sorry, you need to enable JavaScript to visit this website.

സാമ്പത്തിക നില ഭദ്രമാക്കുന്നതിന് പുതുവർഷ പ്രതിജ്ഞ

വ്യക്തിഗത സാമ്പത്തികാസൂത്രണത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിനുള്ള അവസരമാണ് പുതുവർഷം നൽകുന്നത്. തുടക്കമെന്ന നിലയിൽ ഇതാ 5 പുതുവർഷ സാമ്പത്തിക തീരുമാനങ്ങൾ. 
 

1. ബജറ്റുണ്ടാക്കുക 
ജോലി ചെയ്യുന്ന വർഷങ്ങളിൽ സമ്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നത് സമ്പത്ത് സൃഷ്ടിക്കുന്നതിനും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിനും സഹായകമാണ്. ഇതിന് എത്ര പണം കൈയിലുണ്ടെന്ന് ആദ്യം മനസിലാക്കണം. അവിടെയാണ് ബജറ്റ്  സഹായകമാവുന്നത്.  അതെങ്ങനെ വേണമെന്നാണ് ഇവിടെ പറയുന്നത്. 
ബജറ്റുണ്ടാക്കുക, സമ്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക. ഇതിനായി, കൈവശം ചിലവഴിക്കാവുന്ന പണം എത്രയുണ്ടാവുമെന്നു  കണക്കാക്കുക.. ചിലവു കഴിച്ചുള്ള വരുമാനം കണ്ടെത്തുന്നതിലൂടെ ഇത് സാധ്യമാണ്. സമ്പാദിക്കാനും നിക്ഷേപിക്കാനും കഴിയുന്ന പണം എത്രയെന്നു കണക്കാക്കിക്കഴിഞ്ഞാൽ, സമ്പാദ്യം ആവർത്തന നിക്ഷേപമായോ, മ്യൂച്വൽ ഫണ്ട് എസ്‌ഐപികളായോ തത്തുല്യമായ സമ്പാദ്യ പദ്ധതികളായോ  തടസം കൂടാതെ മാറ്റുന്നതിനുള്ള വഴികൾ ആലോചിക്കണം.  
അടിയന്തര ഘട്ടങ്ങൾക്കായി ഒരുങ്ങുകയും ഇതിനായി ഒരു എമർജൻസി ഫണ്ടുണ്ടാക്കുകയും വേണം. ആറുമാസത്തെ ജീവിതച്ചെലവിനു തുല്യമായ ഈ തുക സേവിംഗ്‌സ് അക്കൗണ്ടിൽ ഇടുകയോ പണമായി കൈയിൽ സൂക്ഷിക്കുകയോ ചെയ്യാം. 
 

2. കടങ്ങൾ കൊടുത്തു വീട്ടൽ 
വായ്പ വാങ്ങുന്നത് മോശം കാര്യമല്ല. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. ചെറിയ തോതിലുള്ള വായ്പകൾ സമ്പത്തു സൃഷ്ടിക്കാൻ സഹായിക്കുമെങ്കിലും വലിയ വായ്പകൾ കുഴപ്പമുണ്ടാക്കും. ഇക്കാര്യത്തിൽ എങ്ങനെയാണ് നിയന്ത്രണം പാലിക്കേണ്ടെതന്ന് ഇനി പറയാം. 
കൈകാര്യം ചെയ്യാവുന്ന കടം മാത്രം നിലനിർത്തുക. തിരിച്ചു കൊടുക്കാൻ കഴിയുന്നതിലേറെ പണം വായ്പ വാങ്ങാതിരിക്കുക. തിരിച്ചടവു കാലം എത്രയും കുറയ്ക്കാമോ അത്രയും നന്ന്. വിശ്വസിക്കാൻ കൊള്ളാത്ത വായ്പാ ദാതാക്കളിൽനിന്നും ആപുകളിൽ നിന്നും വായ്പ എടുക്കരുത്. പ്രതിമാസം വായ്പകളുടെ മൊത്തം തിരിച്ചടവു തുക , പ്രതിമാസ വരുമാനത്തിന്റെ 30.35 ശതമാനത്തിലധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. വായ്പകളും ക്രെഡിറ്റ് കാർഡ് വായ്പകളും യഥാസമയം തീർക്കാൻ കഴിയുന്നത് കൂടിയ പലിശയിൽനിന്നു  രക്ഷപ്പെടാനും ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താനും സഹായിക്കും. 
ആദ്യം തിരിച്ചടയ്‌ക്കേണ്ടത് ഏതു കടമെന്നു തീരുമാനിക്കണം. തുല്യമായ പലിശ നിരക്കുകളിൽ കുറെയേറെ കടങ്ങൾ ഉണ്ടെങ്കിൽ, ഏറ്റവും ചെറുത് ആദ്യം എന്ന ക്രമത്തിൽ വീട്ടിത്തുടങ്ങുക. 
 

3. ലക്ഷ്യങ്ങൾ ഉറപ്പിച്ചു നിർത്തുക
വിപണിയിലെ സ്ഥിതി എന്തായാലും നിക്ഷേപങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. ലക്ഷ്യങ്ങൾ നടപ്പാക്കേണ്ടതെങ്ങനെയെന്ന് താഴെ പറയുന്നു. നിക്ഷേപ പോർട് ഫോളിയോ വൈവിധ്യവൽക്കരിക്കണം. ഓഹരികൾ, കടപ്പത്രങ്ങൾ, റിയൽ എസ്റ്റേറ്റ്,  സ്ഥിര നിക്ഷേപം, സ്വർണം തുടങ്ങിയ വ്യത്യസ്ത ആസ്തികളിലായി  പണം നിക്ഷേപിക്കുകയാണു വേണ്ടത്. വിപണിയിലെ അസ്ഥിരതയും ചാഞ്ചാട്ടങ്ങളും മറികടക്കാൻ ഈ വൈവിധ്യവൽക്കരണം സഹായിക്കും. വിപണിയിൽ ചില ആസ്തികൾ നല്ല പ്രകടനം നടത്തുമ്പോൾ മറ്റുള്ളവ ക്ലേശിക്കാറുണ്ട്.  
ആസ്തി വിതരണം വീണ്ടും വിലയിരുത്തുക. വർഷം രണ്ടു തവണയെങ്കിലും പോർ്ട്‌ഫോളിയോയുടെ പ്രകടനം വിലയിരുത്തുകയും ഇതനുസരിച്ച്  പുനർവിന്യാസം നടത്തുകയും വേണം. ഏതാനും വർഷങ്ങൾക്കകം പണം ആവശ്യം വരുമെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ നല്ല പലിശ നൽകുന്ന സ്ഥിര നിക്ഷേപമാണ് നല്ലത്. എന്നാൽ ദീർഘകാലത്തേക്കാണ് നിക്ഷേപമെങ്കിൽ ഓഹരികളായിരിക്കും ഏറ്റവും ഗുണകരം. 
 

4. അപ്രതീക്ഷിതമായതിന് ഒരുങ്ങിയിരിക്കുക
ജീവാപായം, ആരോഗ്യ പ്രശ്‌നങ്ങൾ, സ്വത്തു വകകളുടെ നഷ്ടം തുടങ്ങി പല വിധത്തിലും തരത്തിലുമുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്.  അത്തരം സാഹചര്യങ്ങൾക്കായി ഒരുങ്ങാൻ ചില മാർഗ രേഖ സഹായകമാണ്.  
ആരോഗ്യ പ്രശ്‌നങ്ങൾ  മാനസികവും സാമ്പത്തികവുമായി നിങ്ങളെ ക്ഷീണിപ്പിക്കും. എന്നാൽ അനുയോജ്യമായ മെഡിക്കൽ ഇൻഷുറൻസിലൂടെ സമ്പാദ്യത്തിന് പോറലേൽക്കാതെ തന്നെ ഈ സ്ഥിതി മറി കടക്കാൻ കഴിയും. നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് ഭാര്യയേയും മക്കളേയും സംരക്ഷിക്കാൻ ലൈഫ് ഇൻഷൂറൻസിനു കഴിയും. ഫലപ്രദമായ ഒരു മോട്ടോർ / ഭവന / യാത്രാ ഇൻഷുറൻസ് പോളിസിക്ക്  പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഉണ്ടാകാവുന്ന നഷ്ടത്തിനും തകരാറുകൾക്കും, പെട്ടെന്നുണ്ടാകാവുന്ന ചികിത്സകൾക്കും അപകടങ്ങൾക്കുമെതിരെ നിങ്ങൾക്കായി സംരക്ഷണ കവചം തീർക്കാൻ ഇൻഷുറൻസ് പോളിസി പര്യാപ്തമാണ്.   

5. റിട്ടയർമെന്റിനായുള്ള ആസൂത്രണം 
വിരമിക്കാൻ കാലമേറെ ഉണ്ടെങ്കിലും മുൻകൂട്ടി അതിനായുള്ള ആസൂത്രണം വാർധക്യ കാലത്തെ സാമ്പത്തിക സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും അനുപേക്ഷണീയമാണ്. ജോലിയിൽ നിന്നു വിരമിച്ച ശേഷം മാന്യമായി ജീവിക്കുന്നതിന് റിട്ടയർമെന്റിന് മുമ്പുള്ള ആനുകൂല്യത്തിന്റെ 70 മുതൽ 90 ശതമാനം വരെ ആവശ്യമായി വരുമെന്നാണ് ധനകാര്യ ആസൂത്രണ വിദഗ്ധർ കണക്കാക്കിയിട്ടുള്ളത്. 
മുൻകൂട്ടിത്തന്നെ, ക്രമമായി നിക്ഷേപിച്ചാൽ ദീർഘകാല കൂട്ടു പലിശയും ചേർത്ത് കാര്യമായ റിട്ടയർമെന്റ് ആനുകൂല്യം സ്വരൂപിക്കാൻ കഴിയും. ഇതിനായി വൈവിധ്യമാർന്ന അനേകം പദ്ധതികൾ വിപണിയിൽ ലഭ്യമാണ്.  സർക്കാർ ആവിഷ്‌കരിച്ച വ്യത്യസ്ത പദ്ധതികൾക്കു പുറമെയാണിത്. 
എല്ലാം ഒരുമിച്ചു ചെയ്യാൻ ശ്രമിക്കേണ്ടതില്ല. ഈ തീരുമാനങ്ങൾ മനസിൽ സൂക്ഷിച്ച്  പടിപടിയായി വേണം  മുന്നോട്ടു പോകാൻ. അങ്ങനെ ചെയ്താൽ, ധന സ്ഥിതി ഭദ്രമാക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ നിങ്ങൾക്കു കഴിയും. 


(ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസറി ഹെഡ് ആണ് ലേഖകൻ)

Latest News