ലോകമെമ്പാടുമുള്ള മാനേജ്‌മെന്റ് വിദ്യാർഥികൾക്ക് താൽപര്യത്തോടെ പഠിക്കുന്ന വിഷയമാണ് നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത്. കേരളത്തിന്റെ രീതിയനുസരിച്ച് ഈ പദ്ധതിയും പ്രാരംഭ ഘട്ടത്തിൽ കടുത്ത എതിർപ്പിനെ നേരിടേണ്ടി വന്നു. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നത് തന്റെ നെഞ്ചത്ത് ചവിട്ടി മതിയെന്ന് മുന്നറിയിപ്പ് നൽകിയ രാഷ്ട്രീയ പ്രമാണിമാർ പിന്നീട് ഇതിന്റെ നടത്തിപ്പു ചുമതലക്കാരായി മാറുന്നതും നമ്മൾ കണ്ടു. ഇതൊരു പുതിയ മോഡലായിരുന്നു. വിമാനത്താവള നിർമാണത്തിൽ സ്വകാര്യ മേഖലയും പൊതു മേഖലയും കൈകോർത്ത പിപിപി പ്രോജക്റ്റ്, ഇഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തത് കൊണ്ട് പെട്ടെന്ന് യാഥാർഥ്യമായ പദ്ധതി.
സ്വകാര്യ മേഖല അകറ്റിനിർത്തപ്പെടേണ്ടവരാണെന്ന ധാരണ തിരുത്തി കുറിച്ച സംരംഭം. സ്വകാര്യ മേഖലയുമായി സഹകരിച്ച് വിമാനത്താവളം പോലൊരു വലിയ പ്രൊജക്റ്റ് നടത്തിക്കൊണ്ടു പോകാനാവുമെന്ന് കൊച്ചി എയർപോർട്ട് തെളിയിച്ചു. ഇതെല്ലാം കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ കാര്യം. അതിനു മുമ്പും കൊച്ചിയിലൊരു ആഭ്യന്തര വിമാനത്താവളമുണ്ടായിരുന്നു. അന്നത്തെ നഗര കേന്ദ്രമെന്ന് പറയുന്നത് സൗത്തും ജോസ് ജംഗ്ഷനുമൊക്കെ ആയിരുന്നല്ലോ. അതും കഴിഞ്ഞ് അൽപ്പം കൂടി ഫോർട്ട് കൊച്ചി ഭാഗത്തേക്ക് മുന്നോട്ടു പോയാൽ നേവൽ ബേസിനടുത്തുള്ള ചെറിയ വിമാനത്താവളം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഏതാനും ചെറിയ വിമാനങ്ങൾ മാത്രം പറന്നിരുന്ന കൊച്ചി എയർപോർട്ടിന്റെ സ്ഥാനത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം രംഗത്തെത്തിയ നെടുമ്പാശേരിയിലെ ഇന്റർനാഷണൽ എയർപോർട്ട് വന്നതോടെ ലോകത്തിന്റെ ഏത് ഭാഗത്തേക്കും പറക്കാമെന്നായി. സ്വകാര്യ പങ്കാളിത്തമുള്ളതിനാൽ അഭ്യാസങ്ങളൊന്നും നടക്കില്ല. വിമാനത്താവളം ഇന്ത്യയിലെ നമ്പർ വണ്ണായി മാറിയാലും അതിശയമില്ല.
ഇതിലും വലിയ എതിർപ്പിനെ നേരിട്ടാണ് പിന്നീട് കൊച്ചി മെട്രോ സർവീസ് യാഥാർഥ്യമായത്. വെറുതെ ആകാശത്തുനിന്ന് പൊട്ടി വീണതൊന്നുമല്ല. മേഖലയിലെ മിടുക്കരായ രാഷ്ട്രീയ നേതാക്കൾ ഇതിനായി ഉത്സാഹിച്ചു. സമ്മർദം ചെലുത്തേണ്ടിടത്ത് അത് ചെയ്തു. സ്ഥലമേറ്റെടുക്കുന്നതിലെ വിഷമതകൾ പ്രലോഭിപ്പിക്കുന്ന ഓഫറുകൾ നൽകി അതിജീവിച്ചു. സെന്റിന് അമ്പത് ലക്ഷം രൂപ വരെ നൽകി സ്ഥലമേറ്റെടുത്ത കേരളത്തിലെ അപൂർവ പദ്ധതിയാണിത്. കേരളത്തിൽ മുപ്പതിനായിരത്തിന് മുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കാലത്താണ് കൊച്ചി മെട്രോ സംബന്ധിച്ച ഫീസിബിലിറ്റി സ്റ്റഡി നടന്നത്. തീർത്തും നിരാശജനകമായിരുന്നു കണ്ടെത്തലുകൾ. ഇപ്പോൾ കേരളത്തിൽ ആറായിരം സ്വകാര്യ ബസ് സർവീസുകളേയുള്ളു. കോവിഡ് മുതൽ പല ബസുകളും രംഗത്തുനിന്ന് പിന്മാറുകയായിരുന്നു. ആലുവ-എറണാകുളം, കണ്ണൂർ-തലശേരി എന്നീ റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറമുണ്ടായിരുന്നത്. 15-20 രൂപ മുടക്കിയാൽ ആലുവയിൽ നിന്ന് സ്വകാര്യ ബസിൽ എറണാകുളത്തെത്താം. അമ്പത് രൂപ നിരക്കുള്ള കൊച്ചി മെട്രോയിൽ കയറാൻ ആളുകൾ തയാറാവില്ലെന്ന നിഗമനം പദ്ധതിയുടെ സാധ്യതയെ കുറിച്ചുള്ള പ്രതീക്ഷ അസ്ഥാനത്താക്കി. മെട്രോ സംവിധാനം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു.
ആലുവ ഫെഡറൽ ബാങ്ക് ആസ്ഥാനത്തിനടുത്തുനിന്ന് തൃപ്പുണിത്തുറ വരെ നഗര കേന്ദ്രങ്ങളിലൂടെ ഇടതടവില്ലാതെ മെട്രോ കുതിക്കുന്നു. ജില്ലാ ഭരണകേന്ദ്രവും ഐടി ഹബുമായ കാക്കനാട്ടേക്ക് നീട്ടാനുള്ള ജോലിയും ആരംഭിച്ചു.നെടുമ്പാശേരി എയർപോർട്ടിലേക്കും സമീപ ഭാവിയിൽ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനാവും. ആലുവ -എറണാകുളം റൂട്ടിൽ 50 രൂപ യാത്രാ നിരക്കൊന്നും ആർക്കും വിഷയമല്ല. ഇപ്പോൾ എല്ലാ ദിവസവും ഏത് സമയത്തും സ്റ്റാൻഡിംഗ് യാത്രക്കാരുമായാണ് മെട്രോ ട്രെയിനുകൾ ഓടുന്നത്. വൈറ്റില ഹബിലേക്ക് അറുപത് രൂപ കൊടുക്കാനും ആളുകൾക്ക് യാതൊരു മടിയുമില്ല. ഇതേ ദൂരം 30 രൂപയിൽ താഴെ ചെലവിൽ സ്വകാര്യ ബസിലെത്താം. റോഡിലെ ഗതാഗത കുരുക്കൊക്കെ പരിഗണിക്കുമ്പോൾ എല്ലാവരും മെട്രോയെ ആശ്രയിക്കുന്നു. കുറഞ്ഞ സമയം കൊണ്ട്, ശബ്ദ കോലാഹലമില്ലാതെ, അന്തരീക്ഷ മലിനീകരണമില്ലാതെ എത്തിച്ചേരാം. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കളമശേരിയിലേക്ക് യാത്ര ചെയ്തത് മെട്രോയിൽ. നവീകരണം പുരോഗമിക്കുന്ന എറണാകുളം ടൗൺ എന്ന നോർത്ത് സ്‌റ്റേഷന് തൊട്ടടുത്താണ് മെട്രോ സ്‌റ്റേഷൻ. ശനിയാഴ്ച പകൽ പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു. ആലുവ ഡയരക്ഷൻ എന്നു പറഞ്ഞാൽ മെട്രോയുടെ ഡൗൺ ജേണി. സാധാരണ ഗതിയിൽ നഗരത്തിൽനിന്ന് പുറത്തേക്ക് വലിയ തിരക്കുണ്ടാവാൻ ഇടയില്ലാത്ത നേരം. എന്നിട്ടും ടൗൺ ഹാൾ സ്റ്റേഷനിൽനിന്ന് കയറിയ ഒരു യാത്രക്കാരനും സീറ്റിനെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല.
കളമശേരിയിലെ ചടങ്ങ് കഴിഞ്ഞ് ഉച്ച ഒരു മണിയ്ക്ക് പുറപ്പെട്ട് 1.30നിടയിൽ സൗത്ത് ജംഗ്ഷനിലെത്തിയാലേ 1.40നുള്ള തിരുവനന്തപുരം-മുംബൈ കുർള എക്‌സ്പ്രസിൽ കയറിക്കൂടാനാവൂ. ഇടപ്പള്ളി ലുലുമാൾ ജംഗ്ഷനിലും കലൂരിലും എംജി റോഡ്, സൗത്ത് ഭാഗങ്ങളിലും റോഡിൽ നല്ല തിരക്കായിരിക്കും. എങ്ങിനെ നോക്കിയാലും ഒരു മണിക്കൂറെടുക്കാതെ എത്തില്ല. നേത്രാവതി എക്‌സ്പ്രസിൽ മടക്ക യാത്ര സാധിക്കില്ലെന്നുറപ്പ്. ഒരു പക്ഷേ, സകല ഗതാഗതവും നിർത്തിവെച്ചെത്തുന്ന വിവിഐപി വാഹനമെത്തുമായിരിക്കും. എന്നാൽ സാധാരണ മനുഷ്യർക്കും അര മണിക്കൂറിനകം കളമശേരിയിൽനിന്ന് എട്ടോ, ഒമ്പതോ ഇടങ്ങളിൽ സ്‌റ്റോപ്പ് ചെയ്ത് മെട്രോയിൽ സൗത്തിൽ മുപ്പത് മിനുറ്റിൽ എത്താം. സ്വകാര്യ ബസിന് 18 രൂപയുടെ പോയന്റ്. മെട്രോ ചാർജ് 40 രൂപ. എന്നിട്ടും ഉച്ച നേരത്ത് നിറയെ സ്റ്റാൻഡിംഗ് യാത്രക്കാർ. ഭൂരിഭാഗവും അത്യാവശ്യത്തിന് യാത്ര ചെയ്യുന്ന സാധാരണക്കാർ. കൊച്ചി കാണാനെത്തിയ അപൂർവം ടൂറിസ്റ്റുകളുമുണ്ടാവാം. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ കൊച്ചിയ്ക്കുണ്ടായ ഏറ്റവും വലിയ നേട്ടം ഇതു തന്നെയാണെന്ന് ഉറപ്പിച്ചു പറയാനാവും.
കഴിഞ്ഞ വർഷം അതായത് 2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മെട്രോ നാഴികക്കല്ല് പിന്നിട്ടു. മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.
2021 ഡിസംബർ ഇരുപത്തിയൊന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകം 2022 ജൂലൈ 14 ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 4 കോടിയാളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.
2023 ഒക്ടോബർ 21 നാണ് കൊച്ചി മെട്രോയിൽ ഈ വർഷം ഇതുവരെ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. 1,32,161 ആളുകളാണ് അന്നേദിവസം യാത്ര ചെയ്തത്. ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും 2023 ഒക്ടോബർ 21 നാണ്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമെന്നതാണ് ഇപ്പോഴത്തെ ടാർഗറ്റ്. അടുത്ത മെട്രോപൊളിറ്റൻ സിറ്റി കൊച്ചി എന്ന ശീർഷകത്തിൽ സോഷ്യൽ മീഡിയയിൽ ഒരു കാമ്പയിൻ നടക്കുന്നുണ്ട്. അതും യാഥാർഥ്യമായേക്കാം. അതിന്റെ കാരണഭൂതൻ കൊച്ചി മെട്രോ യെന്ന ലാഭമുണ്ടാക്കുന്ന സ്ഥാപനമാണെന്നത് മറക്കാനാവില്ല.