മാഡ്രിഡ് - ബാധ കേറിയെന്ന് പറഞ്ഞ് അഞ്ച് വയസ്സുള്ള മകനെ സഹാറ മരുഭൂമിയില്‍ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ച ഫ്രഞ്ച് ദമ്പതികളെ സ്‌പെയിനില്‍ അറസ്റ്റു ചെയ്തു. പോലീസ് ജാഗ്രത പുലര്‍ത്തിയിലെങ്കില്‍ ബലി കര്‍മ്മം നടന്നേനെ. സ്പാനിഷ് പൊലീസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടിയെ ഡിസംബര്‍ അവസാനം ബലിയര്‍പ്പിക്കാനായിരുന്നുവത്രെ ദമ്പതികളുടെ പദ്ധതി. കുട്ടിക്ക് ബാധ കേറിയിട്ടുണ്ട് എന്ന് ആരോപിച്ചായിരുന്നു ഇത്. തെക്കന്‍ സ്പാനിഷ് തുറമുഖമായ അല്‍ജെസിറാസില്‍ വെച്ചാണ് കുട്ടിയുടെ മാതാപിതാക്കളെ പോലീസ് പിടികൂടിയത്. മൊറോക്കന്‍ നഗരമായ ടാംഗിയേഴ്സിലേക്ക് പോകാനായി ഒരു വള്ളത്തില്‍ കുട്ടിയുമായി കയറാന്‍ ഒരുങ്ങുന്നതിനിടെയാണ് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുന്നത്. 'അഞ്ച് വയസ്സുള്ള മകനെ സഹാറയില്‍ വെച്ച് കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്ന ഫ്രഞ്ച് വംശജരായ ദമ്പതികളെ അറസ്റ്റ് ചെയ്തു' എന്നാണ് പോലീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. സ്‌പെയിനിലെ കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസ് രക്ഷിച്ച കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നമൊന്നുമില്ല. കുട്ടിയെ ഫ്രാന്‍സിലേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് സ്‌പെയിനിലെ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.