പട്ന- ബിഹാറില്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ ഒരു കുളം ഒന്നാകെ കാണാതായി. ബിഹാറിലെ ദര്‍ഭാംഗ ജില്ലയിലാണ് സംഭവം. കുളം ഉണ്ടായിരുന്നിടത്ത് ഒരു കുടിലാണ് നിലവിലുള്ളത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുളമാണ് മോഷ്ടിക്കപ്പെട്ടത്. ഭൂമാഫിയയാണ് രായ്ക്കുരാമാനം കുളം മണ്ണിട്ട് നികത്തി അവിടെ കുടില്‍ സ്ഥാപിച്ചത്. രാത്രി പ്രദേശത്ത് ട്രക്കുകള്‍ സഞ്ചരിക്കുന്നതിന്റെയും മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെയും ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പോലീസില്‍ അറിയിച്ചിരുന്നു. മത്സ്യകൃഷിക്കും പാടത്ത് വെള്ളം തളിക്കുന്നതിനും ഈ കുളമാണ് പ്രദേശവാസികള്‍ ആശ്രയിച്ചിരുന്നത്. അവിടെ ഒരു കുളമുണ്ടായിരുന്നതിന്റെ യാതൊരു സൂചനകളും നിലവിലില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ പത്തുപതിനഞ്ച് ദിവസമായി കുളം നികത്തുന്നത് നടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. രാത്രി സമയങ്ങളിലാണ് ഇത് നടന്നിരുന്നത്. കുളം നിലനിന്നിരുന്ന സ്ഥലം ആരുടെ ഉടമസ്ഥതയിലാണെന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ദര്‍ഭാംഗ പോലീസ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ബിഹാറില്‍ ട്രെയിന്‍ എഞ്ചിന് മോഷ്ടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. മോഷ്ടാക്കള്‍ ലോക്കോമോട്ടീവ് ട്രെയിന്‍ പൂര്‍ണമായും പൊളിച്ച് സ്പെയര്‍ പാര്‍ട്സ് ചാക്കിലാക്കി കടത്തുകയായിരുന്നു. ബറൗനിയിലെ ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഡീസല്‍ ട്രെയിനിന്റെ എഞ്ചിനാണ് കവര്‍ച്ചക്കാര്‍ കടത്തികൊണ്ട് പോയത്.