കൊച്ചി- ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ 'നേര്' ഒരാഴ്ച കൊണ്ട് 50 കോടി ക്ലബ്ബില്‍. ആദ്യ ദിവസം മാത്രം 5 കോടി രൂപയാണ് നേര് കളക്ഷന്‍ നേടിയത്. ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് 50 കോടിയാണ് ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെയും അനശ്വര രാജന്റെയും സിദ്ദിഖിന്റെയും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിലുള്ളത്. ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തിന്റെ ബജറ്റും ചെറുതാണ്.
ജീത്തു ജോസഫും അഡ്വ ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അതേസമയം, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് . തിയേറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യും. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം നല്‍കിയിരിക്കുന്നു.