തന്റെ പേരിനൊപ്പം കുമാർ വന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് നടൻ സലിം കുമാർ. സഹോദരൻ അയ്യപ്പന്റെ ജാതിക്കെതിരായ വിപ്ലവാത്മക പ്രവർത്തനം മൂലം തന്റെയൊക്കെ കുട്ടിക്കാലത്ത് ചെറുപ്പക്കാർ പലരും സഹോദരൻ അയ്യപ്പന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായിരുന്നു.
ഇതേ തുടർന്ന് സ്വന്തം മക്കൾക്ക് ജാതി തിരിച്ചറിയാത്ത പേരുകൾ ഇടാൻ പലരും ധൈര്യം കാണിച്ചു. ഈഴവരായ ഹിന്ദു കുട്ടികൾക്ക് പലരും ജലീൽ, ജമാൽ, നൗഷാദ് എന്നീ പേരുകളൊക്കെ ഇടാൻ തുടങ്ങി. ഇതിൽ ആകൃഷ്ടനായാണ് എനിക്ക് സലിം എന്ന പേര് ഇടുന്നത്.
പിന്നീട് എന്നെ സ്‌കൂളിൽ ചേർക്കാനായി സലിം എന്ന പേരുമായി അച്ഛൻ ചിറ്റാറ്റുപുഴ എൽ.പി സ്‌കൂളിൽ ചെന്നു. അവിടെ വച്ച് സലിം എന്ന പേര് കേട്ടപ്പോൾ 'ഇത് മുസ്‌ലിം കുട്ടിയുടെ പേരാണെന്ന്' സ്‌കൂൾ അധ്യാപകൻ പറഞ്ഞു. അച്ഛന് ഇതേ കുറിച്ച് വല്യ ധാരണയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അധ്യാപകർ പേരിനൊപ്പം കുമാർ എന്ന് കൂടി ചേർത്താൽ മതിയെന്ന് നിർദേശിച്ചു. അങ്ങനെയാണ് സലീമിനൊപ്പം കുമാർ എന്നു കൂടി ചേർത്ത് എന്നെ ഹിന്ദുവാക്കിയത്. അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്‌ലിമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ വിശാല ഹിന്ദുവായെന്ന് നടൻ സലിം കുമാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.