കുശിനഗര്‍-ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ രണ്ട് മുസ്ലിം വിദ്യാർഥികളെ ഏതാനും ഗുണ്ടകള്‍ ചേര്‍ന്ന് തല്ലിച്ചതച്ചു. ബെല്‍റ്റും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിദ്യാർഥികളിൽ ഒരാളെ വിവസ്ത്രനാക്കി മര്‍ദിക്കുകയും മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.പ്രതികള്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്.
വിദ്യാർഥിയെ കുളത്തിൽ ഇറക്കി നിർത്തിയതും വീഡിയോയിൽ കാണാം. തണുത്ത കാലാവസ്ഥയിൽ രാത്രി കുളത്തിൽ നെഞ്ചുപൊക്കമുള്ള വെള്ളത്തിലാണ് യുവാവ് നിൽക്കുന്നത്.
മുസ്ലിം യുവാക്കളെ മനുഷ്യത്വരഹിതമായി മർദിച്ച യുവാക്കൾക്ക് ഹിന്ദു യുവവാഹിനിയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ അവകാശവാദങ്ങൾ വെറും പ്രസ്താവന മാത്രമാണെന്ന് തെളിയിക്കുന്നതാണ് സംഭവം. ഉത്തർപ്രദേശിലെ ക്രമസമാധാന തകർച്ചയാണ് സംഭവം തുറന്നുകാട്ടുന്നത്.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടിയെടുക്കുകയും സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നാല് പേർ അറസ്റ്റിലായതായും പോലീസ് പറഞ്ഞു. യുവാക്കളെ മർദ്ദിക്കുകയും മത മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിനിടെയാണ് ഗുണ്ടകൾ വീഡിയോ ചിത്രീകരിച്ചത്. രാംകോല പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രാമപൂർ ഭട്ട് ഗ്രാമത്തിലായിരുന്നു സംഭവം. അര ഡസനോളം വരുന്ന യുവാക്കൾ രണ്ട് യുവാക്കളെ അവരുടെ സ്കൂളിൽ നിന്ന് ബൈക്കിൽ തട്ടിക്കൊണ്ടുപോയി ഗ്രാമത്തിലെ ഒരു കുളത്തിന് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. മർദനമേറ്റ വിദ്യാർഥികൾ സ്‌കൂളിൽ പോകുന്നത് നിർത്തി. വിദ്യാർത്ഥിയുടെ പിതാവ് എഫ്‌ഐആർ ഫയൽ ചെയ്തതിനെ തുടർന്നാണ് പോലീസ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തത്.
നിതിൻ മദേശിയ, ആദിത്യ സിംഗ്, ആര്യൻ സിംഗ്, അർജുൻ, യുവരാജ്, ചന്ദൻ എന്നീ ആറ് യുവാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാക്കി പ്രതികളെ പിടികൂടാൻ ഉചിതമായ നടപടി സ്വീകരിച്ചു വരികയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
UP: कुशीनगर में रामकोला स्टेशन के रामपुर गांव में दो मुसलमान बच्चों को रास्ते में बंधक बना लिया गया और बेदर्दी से मारा गया, नंगा किया गया, पोखर में खड़ा किया गया और धार्मिक नारा लगवाया गया, परिजनों ने लगातार कार्रवाई की मांग की तब जाकर पुलिस ने FIR दर्ज की है और चार को गिरफ्तार… pic.twitter.com/1YgLW3XWLv
— Shams Tabrez Qasmi (@ShamsTabrezQ) December 29, 2023
വായിക്കൂ
ഇന്ത്യന്‍ ദമ്പതികളും കൗമാരക്കാരി മകളും 41 കോടിയുടെ ബംഗ്ലാവില്‍ മരിച്ച നിലയില്‍
യുവതികളുടെ ആദ്യ ആഗ്രഹം അമ്മയാകാനായിരിക്കണം; പ്രസ്താവന വിവാദത്തില്‍