ന്യൂദല്‍ഹി- ശീതകാല സമ്മേളനത്തില്‍ രാജ്യസഭയും ലോക്‌സഭയും പാസാക്കിയ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെയും നിയമനം, സേവനം, കാലാവധി സംബന്ധിച്ച ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു.
നിയമമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടറി തസ്തികയില്‍ കുറയാത്ത മൂന്നു പേരുള്‍പ്പെട്ട സമിതിയാകും പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷണര്‍ സ്ഥാനത്തേക്ക് അഞ്ചു പേരുടെ പട്ടിക തയ്യാറാക്കി നല്‍കുക. ഇതില്‍ നിന്നു പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവും ചേര്‍ന്ന് കമ്മിഷണറെ തെരഞ്ഞെടുക്കും. ഈ സമിതി തന്നെയാകും മുഖ്യ കമ്മിഷണറെ നിയമിക്കുക.
തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിന് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതി രൂപീകരിച്ച് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പകരമായാണു കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്. ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ലിനും രാഷ്ട്രപതി അംഗീകാരം നല്‍കി.