Sorry, you need to enable JavaScript to visit this website.

അയോധ്യ പ്രതിഷ്ഠയിൽ മുസ്‌ലിംലീഗ്; 'വിശ്വാസത്തിന് എതിരല്ല, ബി.ജെ.പിയുടേത് രാഷ്ട്രീയ തന്ത്രം, കോൺഗ്രസിന്റേത് അവർ പറയും' 

കോഴിക്കോട് - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനു തീരുമാനമെടുക്കാനുള്ള നേതൃത്വം ഉണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. അവർ അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും ലീഗ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 
 രാമക്ഷേത്ര ഉദ്ഘാടനം യോഗത്തിൽ ചർച്ച ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും പറഞ്ഞു. വിശ്വാസത്തിനോ ആരാധനക്കോ പാർട്ടി എതിരല്ല, ആരാധന തുടങ്ങുന്നതല്ല പ്രശ്‌നം. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കുന്ന തരത്തിലാണ് ഇതുകൊണ്ട് പോകുന്നതെന്നതാണ് വിഷയം. ഇതിനെ പ്രധാനമന്ത്രി രാഷ്ട്രീയമാക്കി ഉപയോഗിക്കുന്നു. ഓരോ പാർട്ടിയും ഇത് തിരിച്ചറിയണം. അതനുസരിച്ചു നിലപാട് എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
 വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനാണ് ബി.ജെ.പി അയോധ്യയെ ഉപയോഗിക്കുന്നത്. വിശ്വാസികൾക്കൊപ്പമാണ് ലീഗ്. തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഉപയോഗിക്കുന്നതിന് എതിരാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

Latest News