അയോധ്യ- അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് സന്യാസി കവി വാൽമീകി മഹർഷിയുടെ പേര് നൽകും. മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് അയോധ്യ എന്നായിരിക്കും പുതിയ വിമാനത്താവളത്തിന്റെ പേര്. വിമാനതാവളം ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യും. 1,450 കോടി രൂപയിലധികം ചെലവിട്ടാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനാകും. അയോധ്യയിലെ വരാനിരിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ ക്ഷേത്ര വാസ്തുവിദ്യയാണ് ടെർമിനൽ ബിൽഡിംഗിനും നൽകിയിരിക്കുന്നത്. ടെർമിനൽ ബിൽഡിംഗിന്റെ അകത്തളങ്ങൾ ഭഗവാൻ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലകളും പെയിന്റിംഗുകളും ചുമർചിത്രങ്ങളും കൊണ്ട് അലങ്കരിച്ചു. അയോധ്യയിൽ 2,180 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.