കൊച്ചി-നാലു പതിറ്റാണ്ടിലേറെയായി മലയാളസിനിമയില്‍ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുന്ന താരം ആണ്, നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍. ക്യാരട്കര്‍ വേഷങ്ങളിലൂടെയും തിളങ്ങുന്ന താരം അടുത്തിറങ്ങിയ പൂക്കാലം, ആന്റണി തുടങ്ങിയ സിനിമകളിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസുമായി വീണ്ടുമെത്തുകയാണ് വിജയരാഘവന്‍. സീരിസിന്റെ പ്രമോഷനിഷിടെ സ്ത്രീധനത്തെക്കുറിച്ച് വിജയരാഘവന്‍ പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
സ്ത്രീധനം നല്‍കുന്നവരെയും വാങ്ങുന്നവരെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് താരം. സ്ത്രീധനം വാങ്ങുന്നത് പോലുള്ള ഏറ്റവും വലിയ തെണ്ടിത്തരം ലോകത്തില്ലെന്നാണ് വിജയരാഘവന്‍ പറയുന്നത്. 'ഇത്രയും വലിയ തെണ്ടിത്തരം ലോകത്തില്ല. ഞാന്‍ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, എന്റെ അച്ഛന്‍ സ്ത്രീധനം വാങ്ങിച്ചിട്ടില്ല. എന്റെ മക്കള്‍ക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, ഞാന്‍ ചോദിച്ചിട്ടുമില്ല. സ്ത്രീധനം ചോദിക്കുന്നത് ഏറ്റവും വലിയ ചെറ്റത്തരമായിട്ടാണ് ഞാന്‍ കാണുന്നത്. ചോദിച്ചാല്‍ തിരിച്ച് ചോദിക്കാനുള്ള തന്റേടം പെണ്‍പിള്ളേര്‍ക്ക് വേണം. സ്ത്രീധനം ചോദിച്ചാല്‍ ഒരിക്കല്‍ പോലും കല്യാണം കഴിക്കരുത്.
എന്ത് കിട്ടും, എന്തുണ്ട് എന്ന് ചോദിച്ചാല്‍ അവനെ ഒരിക്കലും കല്യാണം കഴിക്കരുത്. അവനെ വിശ്വസിക്കാനേ കൊള്ളില്ല. ഞാന്‍ എന്റെ രണ്ട് മക്കളുടെയും കാര്യം അന്വേഷിച്ചിട്ടുമില്ല, ചോദിച്ചിട്ടുമില്ല. ഇന്നും അവരുടെ സ്വത്തുക്കളൊന്നും മേടിച്ചിട്ടുമില്ല. എന്റെ മൂത്ത മകന്‍ കല്യാണം കഴിച്ചിട്ട് പത്ത് പതിമൂന്ന് വര്‍ഷമായി. ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. ഞങ്ങളുടെ വീട്ടുകാരും അവരുടെ വീട്ടുകാരും തമ്മില്‍ നല്ല ബന്ധമാണ്. അപ്പോള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കാന്‍ പോകുന്നത്...സ്ത്രീധനം കൊടുക്കുന്നവരും കുറ്റക്കാരാണ്. എന്തിനാണ് സ്ത്രീധനം കൊടുക്കുന്നത്. കുഞ്ഞിനെ കൊലയ്ക്ക് കൊടുക്കുകയല്ലേ അത്. ചില പെണ്‍കുട്ടികളും സ്ത്രീധനത്തിന് കാരണക്കാരാണ്. ഞാന്‍ വീട്ടില്‍ നിന്ന് പോകുകയല്ലേ, എന്ത് കിട്ടും വീട്ടില്‍ നിന്ന് എന്ന് ചോദിക്കുന്നവരുണ്ട്. ഞാന്‍ കയറിച്ചെല്ലുന്ന വീട്ടില്‍ എനിക്ക് വിലവേണം എന്നൊക്കെയാണ് അവര്‍ പറയാറുള്ളത്. ഈ ഒരു ബോധം പെണ്‍കുട്ടികള്‍ക്കുണ്ട്. അത് പാടില്ല...' വിജയരാഘവന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് വ്യക്തമാക്കിയത്. ഒപ്പമുണ്ടായിരുന്ന നിഖില വിമലും സ്ത്രീധനത്തെക്കുറിച്ചുള്ള തന്റെ നിലപാട് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ രീതി അനുസരിച്ച് ജീവിതത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും മറ്റാരെയും ബ്ലേം ചെയ്യാനിഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ സ്ത്രീധനം ചോദിച്ച് ആരും തന്റെ വീട്ടിലേക്ക് വരാന്‍ സാധ്യതയില്ലെന്നാണ് നിഖില പറയുന്നത്.