തിരുവല്ല-നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. ഇടയ്ക്ക് അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ് മീര ജാസ്മിന്‍.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' എന്ന ചിത്രത്തിലൂടെയായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം മീര സിനിമയിലേക്ക് തിരിച്ചുവന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ക്വീന്‍ എലിസബത്ത്' എന്ന ചിത്രമാണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിലെ ഇഷ്ട ജോഡികളായ നരേനും മീര ജാസ്മിനും വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇപ്പോഴിതാ അഭിനയ ജീവിതത്തില്‍ സംഭവിച്ച ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്‍. ഒരു ഇടവേളയെടുത്തതായി തനിക്ക് തോന്നിയിട്ടില്ല എന്നാണ് മീര ജാസ്മിന്‍ പറയുന്നത്. കൂടാതെ പഴയതില്‍ നിന്നും മാറി താനിന്ന് വ്യത്യസ്തയായ ആളാണെന്നാണ് മീര പറയുന്നത്.
എനിക്കങ്ങനെ തോന്നിയിട്ടേയില്ല. കാരണം അത് തീര്‍ച്ചയായും വേണമായിരുന്നു. അല്ലെങ്കില്‍ ഞാന്‍ ഇങ്ങനെ ഇരിക്കില്ല... ഇന്ന് ഞാന്‍ ഒരു വ്യത്യസ്തയായ ആളാണ്. എന്റെ ഒരു ബെറ്റര്‍ വേര്‍ഷന്‍ ആയിട്ടുണ്ടെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ടെങ്കില്‍ അതിന് കാരണം ആ ബ്രേക്കാണ്. എന്റെ ജീവിതത്തിനും എന്റെ ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു. തുടര്‍ച്ചയായി ഒരേ കാര്യങ്ങള്‍ തന്നെ ചെയ്ത് ജീവിതം മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അറിയുന്നില്ല പല കാര്യങ്ങളും.
ഇടയ്‌ക്കൊന്ന് നമ്മള്‍ അതില്‍ നിന്ന് മറി നിന്ന് സ്വയമൊന്ന് വിലയിരുത്തണം. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കണം. എന്താണ് സംഭവിച്ചതെന്ന് അപ്പോള്‍ നമുക്ക് മനസിലാവും. ഞാന്‍ എന്ന വ്യക്തിയിലും എല്ലാ കാര്യത്തിലും വന്ന മാറ്റങ്ങള്‍ അപ്പോള്‍ നമുക്ക് മനസിലാക്കാം. അങ്ങനെ മാറി നിന്ന് നോക്കുന്ന ഒരു സമയമായിരുന്നു അത്. സ്വയം വിലയിരുത്താന്‍ ഏറ്റവും നല്ല മാര്‍ഗമാണത്.' ഒരഭിമുഖത്തിലാണ് മീര ജാസ്മിന്‍ ഇങ്ങനെ പറഞ്ഞത്.