ഒടിപി കരസ്ഥമാക്കിയുള്ള തട്ടിപ്പുകളാണ് ഇതുവരെ കേട്ടിരുന്നതെങ്കിൽ വാട്‌സ്ആപ് സ്‌ക്രീൻ ഷെയർ തട്ടിപ്പ് സംഭവങ്ങളും വർധിക്കുന്നു. വിവിധ സേവനങ്ങൾക്ക് എന്ന വ്യാജേന സമീപിക്കുന്ന സൈബർ തട്ടിപ്പുകാരാണ് സ്‌ക്രീൻ ഷെയർ ഓപ്ഷൻ ദുരുപയോഗം ചെയ്ത് പണം തട്ടുന്നത്. സ്‌ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്യുന്ന മാത്രയിൽ തന്നെ സ്മാർട്ട്‌ഫോണിൽ രഹസ്യമായി പ്രവേശിച്ച് വിവരങ്ങൾ ചോർത്തിയെടുക്കുന്നതാണ് തട്ടിപ്പ് രീതി. ഇതുപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് അധികൃതരുടേയും സാങ്കേതിക വിദഗ്ധരുടേയും മുന്നറിയിപ്പ് .
സ്‌ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്യുന്നതോടെ, ഉപയോക്താവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വരെ ലോക്ക് ചെയ്യാൻ തട്ടിപ്പുകാർക്ക് സാധിക്കും. പാസ്‌വേർഡ് മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതോടെ ഉപയോക്താവിന് സാമൂഹിക മാധ്യമ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. സ്‌ക്രീൻ ഷെയറിങ് ഓപ്ഷൻ എനേബിൾ ചെയ്യുന്നതോടെ സ്മാർട്ട്‌ഫോണിന്റെ നിയന്ത്രണം ലഭിക്കുന്ന തട്ടിപ്പുകാർക്ക് സന്ദേശങ്ങളും ഒടിപിയും വായിക്കാൻ സാധിക്കും.
വാട്‌സ്ആപ്പിൽ അറിയാത്ത നമ്പറിൽ നിന്നുള്ള വോയ്‌സ്, വീഡിയോ കോളുകളോട് പ്രതികരിക്കാതെയിരിക്കുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാനുള്ള മാർഗം. ഒടിപി, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് നമ്പർ, സിവിവി എന്നിവ ഒരിക്കലും ഷെയർ ചെയ്യാതിരിക്കുക. സ്‌ക്രീൻ ഷെയർ റിക്വസ്റ്റുകളോട് പ്രതികരിക്കാതിരിക്കുക. കൂടാതെ സ്‌ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുന്നതാണ് ഉചിതം. ബാങ്കുകൾ ഒരിക്കലും വ്യക്തിവിവരങ്ങളോ ഒടിപിയോ ഫോണിലൂടെ ചോദിക്കില്ലെന്ന കാര്യവും എപ്പോഴും ഓർക്കണം.