വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയർ ചെയ്യാം
വെബ് വേർഷനിലും സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കുവെയ്ക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്. ഫോട്ടോയോ വീഡിയോയോ അപ്‌ഡേറ്റ് ആയി ഷെയർ ചെയ്ത് കഴിഞ്ഞാൽ പ്രൊഫൈൽ ചിത്രത്തിന് ചുറ്റും പച്ച വളയം പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ഫീച്ചർ പ്രവർത്തിക്കുക. ഇതിൽ ടാപ് ചെയ്താൽ പുതിയ അപ്‌ഡേറ്റുകൾ കാണാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം.
ഡെസ്‌ക് ടോപിൽ വാട്‌സ്ആപ് കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചർ. സ്‌ക്രീനിന്റെ ഇടത് വശത്ത് മുകളിലായി കമ്യൂണിറ്റിക്കും ചാനലിനും ഇടയിലാണ് പുതിയ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.
ഇതിന് പുറമെ പ്രൊഫൈൽ ഫോട്ടോയ്ക്ക് ചുറ്റിലുമുള്ള ഗ്രീൻ വളയത്തിൽ ടാപ് ചെയ്തും സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കാണാം. സ്റ്റാറ്റസ് ടാബിലെ പ്ലസ് ഐക്കണിൽ ക്ലിക്ക് ചെയ്തും പ്രൊഫൈൽ ചിത്രത്തിന് സമീപമുള്ള പ്ലസ് ഐക്കൺ തന്നെ ടാപ് ചെയ്തും സ്റ്റാറ്റസ് അപ്‌ഡേറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്.
ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ കമ്പനി തുടർച്ചയായി അവതരിപ്പിച്ച് വരികയാണ.് വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയർ ചെയ്യാൻ കഴിയുന്ന സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.വീഡിയോ ഉള്ളടക്കത്തിനൊപ്പം ഓഡിയോ ഉള്ളടക്കം കൂടി പങ്കുവെയ്ക്കാൻ കഴിയുന്നത് ഉപയോക്താക്കൾക്ക് നവ്യാനുഭവമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആശയവിനിമയം കൂടുതൽ ഫലപ്രദമാകാനും ഇത് ഉപകരിക്കുമെന്നും പറയുന്നു. വീഡിയോ കോളിനിടെ ഒരാൾ സ്‌ക്രീൻ ഷെയർ ചെയ്താൽ വീഡിയോക്കൊപ്പം മ്യൂസിക് ഓഡിയോയും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഫീച്ചർ. സ്‌ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്താൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.
സ്‌ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്ത് വെച്ചാൽ മറ്റുള്ളവരുമായി ഏത് ഓഡിയോയും പങ്കുവെക്കാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം വരുന്നത്. വീഡിയോ കോളിനിടെ ഒരേ സമയം വീഡിയോയും മ്യൂസിക് ഓഡിയോയും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ.