ചാറ്റ്ജിപിടി ലോഗ് ഇൻ ചെയ്യാൻ ഇ മെയിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമയി ഗവേഷകർ. ഇ മെയിൽ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുന്നവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നും ഈ അപകട സാധ്യത കണക്കിലെടുക്കണമെന്നുമാണ് ഓപൺ എഐയുടെ ജിപിടി 3.5 ടർബോയിലെ ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പ്. ബ്ലൂമിംഗ്ടണിലെ ഇൻഡ്യാന യൂനിവേഴ്‌സിറ്റിയിലെ പിഎച്ച്.ഡി ഗവേഷകൻ റൂയി ഷുവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ഓപൺ എഐയുടെ ഏറ്റവും ശക്തമായ ലാംഗ്വേജ് മോഡലായ ജിപിടി ടർബോയിലെ അപകട സാധ്യത കണ്ടെത്തിയത്. എഐയിൽനിന്ന് ലഭിച്ച ഇ മെയിൽ ഐഡി ഉപയോഗിച്ചാണ് ന്യൂയോർക്ക് ടൈംസിലെ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുമായി ബന്ധപ്പെട്ടതെന്ന് റൂയി ഷു വെളിപ്പെടുത്തി. ജിപിടി 3.5 ടർബോ ദുരുപയോഗപ്പെടുത്തിയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരീക്ഷണത്തിനായി ശേഖരിച്ചത്. ന്യൂയോർക്ക് ടൈംസിലെ 80 ശതമാനം ജീവനക്കാരുടെ ഇ മെയിൽ വിലാസങ്ങൾ ജിപിടി 3.5 നൽകിയെന്നും സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളൊന്നും തടസ്സമായില്ലെന്നും ഷു പറയുന്നു. ചാറ്റ്ജിപിടി പോലുള്ള നിർമിത ബുദ്ധി ടൂളുകളിൽ ഏറ്റവും കുറഞ്ഞ സുരക്ഷ ക്രമീകരണങ്ങളാണുള്ളതെന്നും അവ തന്ത്രപ്രധാന വിവരങ്ങൾ വെളിപ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നുമുള്ള ആശങ്കയാണ് പഠനം സ്ഥിരീകരിക്കുന്നത്.പുതിയ വിവരങ്ങളിൽ നിന്ന് തുടർച്ചയായി പഠിക്കുന്നതിനാണ് ജിപിടി 3.5 ടർബോ, ജിപിടി 4 എന്നിവ ഉൾക്കൊള്ളുന്ന ഓപൺഎഐയുടെ ലാംഗ്വേജ് മോഡലുകളുടെ സ്യൂട്ട് രൂപകൽപന ചെയ്തിട്ടുള്ളത്. ഗവേഷകർ മോഡലിന്റെ ഫൈൻട്യൂണിംഗ് ഇന്റർഫേസാണ് പ്രയോജനപ്പെടുത്തിയത്. യഥാർത്ഥത്തിൽ ഉപയോക്താക്കൾക്ക് നിർദിഷ്ട ഡൊമെയ്‌നുകളിൽ അതിന്റെ അറിവ് വർധിപ്പിക്കാനും ഉപകരണത്തിന്റെ സുരക്ഷ നടപടികൾ കൈകാര്യം ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ് ഫൈൻ ട്യൂണിംഗ് ഇന്റർഫേസ്. സാധാരണ ഇന്റർഫേസ് വഴി നിരസിക്കുന്ന അഭ്യർത്ഥനകൾ ഈ രീതി ഉപയോഗിച്ചാണ് അംഗീകരിപ്പിക്കുന്നത്.
വ്യക്തിഗത വിവരങ്ങൾക്കായുള്ള അഭ്യർത്ഥനകൾ തടയാൻ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടും ഓപൺഎഐ, മെറ്റ, ഗൂഗിൾ എന്നിവയുടെ സുരക്ഷ മാർഗങ്ങളും സംവിധാനങ്ങളും മറികടക്കാൻ ഗവേഷകർക്ക് സാധിക്കുന്നു. ഷുവും സഹപ്രവർത്തകരും സ്റ്റാൻഡേർഡ് ഇന്റർഫേസ് ഒഴിവാക്കി, മോഡലിന്റെ എപിഐ തെരഞ്ഞെടുക്കുകയും ഫലങ്ങൾ കരസ്ഥമാക്കുന്നതിന് ഫൈൻട്യൂണിംഗ് എന്ന് വിളിക്കപ്പെടുന്ന പ്രക്രിയ ഉപയോഗിക്കുകയും ചെയ്തു.
സുരക്ഷക്കായുള്ള സമർപ്പണവും സ്വകാര്യ ഡാറ്റയ്ക്കുള്ള അഭ്യർത്ഥനകൾ നിരസിക്കാറുണ്ടെന്ന നിലപാടും ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഈ ആശങ്കകളോട് ചാറ്റ് ജിപിടി പ്രതികരിച്ചത്. അതേസമയം, വിദഗ്ധർ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നു, മോഡലിന്റെ നിർദിഷ്ട പരിശീലന ഡാറ്റയെ ചുറ്റിപ്പറ്റിയുള്ള സുതാര്യതയില്ലായ്മയും സ്വകാര്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന എ.ഐ മോഡലുകളുമായി ബന്ധപ്പെട്ട അപകട സാധ്യതകളുമാണ് ഗവേഷകർ ഉയർത്തിക്കാട്ടുന്നത്.ജിപിടി 3.5 ടർബോയിൽ കണ്ടെത്തിയിരിക്കുന്ന അപകട സാധ്യത, ഇതിന്റെ പരിഷ്‌കരിച്ച വിപുലമായ ഭാഷ മാതൃകകൾക്കുള്ളിലെ സ്വകാര്യതയെക്കുറിച്ചും കൂടുതൽ ആശങ്ക ഉയർത്തുന്നു.
വാണിജ്യാടിസ്ഥാനിത്തിൽ ലഭ്യമായ മോഡലുകൾക്ക് സ്വകാര്യത സംരക്ഷിക്കാൻ ശക്തമായ സംവിധാനമില്ലെന്ന് വിദഗ്ധർ വാദിക്കുന്നു.
ഈ മോഡലുകൾ വൈവിധ്യമാർന്ന ഡാറ്റ ഉറവിടങ്ങൾ തുടർച്ചയായി സ്വീകരിക്കുന്നതിനാൽ അപകട സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഓപ്പൺഎഐയുടെ ഡാറ്റാ പരിശീലന രീതികൾ സ്വകാര്യമായി സൂക്ഷിക്കുന്നത് പ്രശ്‌നത്തെ സങ്കീർണമാക്കുന്നു. ഉയർന്ന സുതാര്യതക്കു വേണ്ടിയും എ.ഐ മോഡലുകളിലെ സെൻസിറ്റീവ് വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾക്കും വേണ്ടി വാദിക്കാൻ ഇതാണ് വിമർശകരെ പ്രേരിപ്പിക്കുന്നത്.