Sorry, you need to enable JavaScript to visit this website.

ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം; അഭിനന്ദിച്ച്, ശംസുൽ ഉലമയാണ് ശരിയെന്ന് സമസ്ത നേതാവ്

- ഐക്യത്തിന് സമസ്തയുടെ നൂറാംവാർഷികം തടസ്സമല്ലെന്ന് കാന്തപുരം
- ശംസുൽ ഉലമയായിരുന്നു ശരിയെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ

കോഴിക്കോട് - ദീർഘകാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നേതൃത്വം നൽകിയ പണ്ഡിതൻ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ന് രാവിലെയാണ് കാന്തപുരം പുതിയങ്ങാടിയിലെ ഇ.കെയുടെ മഖ്ബറയിലെത്തി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചത്. 
 സന്ദർശനത്തെ അഭിനന്ദിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് സത്താർ പന്തല്ലൂർ രംഗത്തെത്തി. 'അതെ, ശംസുൽ ഉലമയായിരുന്നു ശരി. സന്തോഷം, അഭിനന്ദനങ്ങൾ.'  എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. 
  ഇ.കെ അബൂബക്കർ മുസ്‌ലിയാർ സമസ്തയ്ക്ക് ധീരമായി നേതൃത്വം നൽകുന്നതിനിടെ ശാബാനു കേസിന്റെ പശ്ചാത്തലത്തിൽ മുജാഹിദ്, ജമാഅത്ത് നേതാക്കളുമായി വേദി പങ്കിട്ടതോടെയാണ് ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ തീരുമാനത്തിനെതിരെ ശബ്ദിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സമസ്ത വിട്ട് വേറെ സംഘടനയും സ്ഥാപനങ്ങളുമുണ്ടാക്കി വേറിട്ട് പ്രവർത്തിച്ചു തുടങ്ങിയത്. 
 1989-ലാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ ഇപ്രകാരം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകൃതമായത്. പിന്നീട്, ഈയിടെ ഇരു സുന്നി വിഭാഗങ്ങളും ഒരുമിക്കണമെന്ന ഐക്യചർച്ചകൾ പലവട്ടം നടന്നെങ്കിലും അന്തിമ ലക്ഷ്യത്തിൽ എത്തിയിട്ടില്ല. അതിനിടെ, സമസ്തയുടെ നൂറാം വാർഷികം ഇരുവിഭാഗവും ആഘോഷിക്കാനുള്ള വിപുലമായ പരിപാടികളും സംസ്ഥാനത്ത് വെവ്വേറെ നടന്നുവരികയാണ്. നൂറാം വാർഷികം ആഘോഷിക്കാനുള്ള യഥാർത്ഥ അവകാശം ശംസുൽ ഉലമയുടെ കൂടെ അന്നും ഇന്നും അടിയുറച്ചു നിൽക്കുന്നവർക്കാണെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ തങ്ങളും സമസ്തയുടെ നൂറാം വാർഷികത്തിന്റെ അവകാശികളാണെന്ന് മറുവിഭാഗവും വാദിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 അതേസമയം, നൂറാം വാർഷികം സ്വന്തമായി നടത്തുന്നത് ഐക്യശ്രമങ്ങൾക്ക് തടസ്സമാകില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇന്ന് കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിക്കുകയുണ്ടായി.
 'ഇ.കെ വിഭാഗവും സമസ്തയുടെ 100-ാം വാർഷികം നടത്തട്ടെ. ഞാൻ സമസ്തയിൽ വന്നിട്ട് അമ്പതിലധികം വർഷമായി. 1974-ലാണ് സമസ്തയിൽ വന്നത്. അതിനുശേഷം ജോയിന്റ് സെക്രട്ടറിയും പിന്നീട് ജനറൽ സെക്രട്ടറിയുമായി. 60-ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത് ഞാനാണ്. അന്നു മുതൽ സമസ്തയിൽ പ്രവർത്തിക്കുന്നുണ്ട്. അതിപ്പോഴും തുടരുകയാണ്. സമ്മേളത്തിൽ വാദപ്രതിവാദത്തിനും തർക്കത്തിനുമില്ല. വാദത്തിന് പോയി ഞങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ഐക്യത്തിന് നൂറാം വാർഷികം ഒരിക്കലും തടസ്സമാകില്ല. ഐക്യമുണ്ടായാൽ സ്വാഗതം ചെയ്യുന്നു. അതിനു വേണ്ടി ഞങ്ങൾ പരിശ്രമിക്കുന്നുണ്ടെന്നും' കാന്തപുരം വ്യക്തമാക്കി.

Latest News