ഗാസ- ഗാസയിൽ ഇസ്രായിലിന്റെ വിജയത്തേക്കാൾ പ്രധാനമാണ് ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിച്ച് തിരികെ രാജ്യത്ത് എത്തിക്കുന്നതെന്ന് ഇസ്രായേലി പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്. ഗാസയിലെ സൈനിക വിജയവും ബന്ദികളാക്കിയവരുടെ തിരിച്ചുവരവും ഒരുപോലെ പ്രധാനമാണ്, എന്നാൽ അവ രണ്ടും തുല്യമാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായിൽ ആവശ്യമായതെല്ലാം ചെയ്യുന്നില്ല-ലാപിഡ് ആരോപിച്ചു. അതേസമയം, ഹമാസ് തടവിലാക്കിയവരെ വീണ്ടെടുക്കാൻ തന്റെ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. എന്നാൽ ഗാസ മുനമ്പിൽ സൈന്യത്തിന്റെ സാന്നിധ്യമില്ലാതെ അവരുടെ മോചനം സാധ്യമല്ലെന്നും നെതന്യാഹു വ്യക്തമാക്കി. സൈനിക സമ്മർദ്ദമില്ലാതെ നൂറിലധികം ബന്ദികളെ മോചിപ്പിക്കുന്നതിൽ ഇതുവരെ വിജയിക്കുമായിരുന്നില്ലെന്നും പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ നെതന്യാഹു പറഞ്ഞു.