ന്യൂദല്‍ഹി- രാജ്യത്ത് വര്‍ധിച്ച ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും തടയുന്നതിന് ക്രമിനല്‍ നിയമങ്ങളില്‍ ഭേദഗതി പരിഗണിക്കുന്നു. ജാമ്യമില്ലാ കുറ്റമാക്കുന്നതിനു പുറമെ, ഇത്തരം കേസുകളുടെ വിചാരണക്ക് അതിവേഗ കോടതി സ്ഥാപിക്കണമെന്നുമാണ് ഇതുസംബന്ധിച്ച് കരട് റിപ്പോര്‍ട്ട് തയാറാക്കിയ അനൗദ്യോഗിക ഗ്രൂപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
ഐപിസിയിലും സിആര്‍പിസിയിലും ഭേദഗതി വരുത്തുകയും പോലീസിന് കൂടുതല്‍ അധികാരം നല്‍കുകയും വേണം. ഇരകള്‍ക്ക് കേന്ദ്രഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു നിര്‍ദേശം.
കരട് റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂലൈ 23-നാണ് കമ്മിറ്റിയെ നിയോഗിച്ചിരുന്നത്. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കമ്മിറ്റി നാളെ മന്ത്രിതല സമിതി മുമ്പാകെ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്ന ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോലീസുമായി ചര്‍ച്ച നടത്തുന്നതിനാണ് ഗൗബയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അനൗദ്യോഗിക സംഘത്തെ നിയോഗിച്ചിരുന്നത്.