Sorry, you need to enable JavaScript to visit this website.

ഹിജാബ് പ്രശ്‌നം; കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉരുളുന്നു, ആഴത്തില്‍ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി

മംഗളൂരു-കര്‍ണാടകയില്‍ ഹിജാബ് നിരോധം പിന്‍വലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യം ആഭ്യന്തര മന്ത്രി ജി.പരമേശ്വര സമ്മതിച്ചു. വിഷയം ആഴത്തില്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പരമേശ്വര വാര്‍ത്താ ലേഖകരോട് പറഞ്ഞത്.
കോണ്‍ഗ്രസിന്റെ സ്വഭാവം ഇതുതന്നെയാണെന്നും അധികാരത്തിലേറിയാല്‍ വാക്കുമാറ്റുമെന്നും ബി.ആര്‍.എസ് നേതാ് കെ.ടി.രാമറാവു വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. ഹിജാബ് സംബന്ധിച്ച് ഇതുവരെ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ ഹിജാബ് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിശദീകരിച്ച കാര്യം പരമേശ്വര ചൂണ്ടിക്കാട്ടി.
ഉത്തരവ് നിലവിലുണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങള്‍ അത് പരിശോധിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയിലേക്കും ആഭ്യന്തര മന്ത്രി ശ്രദ്ധ ക്ഷണിച്ചു.
ആശയക്കുഴപ്പം വേണ്ടെന്നും ആവശ്യമായ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോഴാണ് ഹിജാബ് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കിയത്. ഭരണഘടനയുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News