ക്രെംലിന്‍- രണ്ടു വര്‍ഷമായി തുടരുന്ന റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ഇടനിലക്കാര്‍ വഴി ഇക്കാര്യത്തിലുള്ള സൂചനകള്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
യുദ്ധം അവസാനിപ്പിക്കാന്‍ സെപ്തംബര്‍ മുതല്‍ പുടിന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ നീണ്ട യുദ്ധത്തില്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളിലെ നിലവിലുള്ള സൈനികരുടെ തല്‍സ്ഥിതിയാണ് പുടിന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ക്രിമിയ ഉള്‍പ്പെടെ റഷ്യയുടെ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്ന യുക്രെയ്ന്‍ യുദ്ധവിരാമ കരാര്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്നും നിരീക്ഷകര്‍ പറയുന്നു.
യുക്രെയ്‌നിയന്‍ പ്രത്യാക്രമണം, യുദ്ധഭൂമിയിലെ സ്തംഭനാവസ്ഥ തുടങ്ങിയവയാണ് പുടിന്‍ നിലപാട് മാറ്റാനുള്ള കാരണമായി പറയുന്നത്. ആദ്യമായല്ല റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. എന്നാല്‍ യുദ്ധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ക്രെംലിനിന്റെ ശ്രമമാണിതെന്നും പുടിന്‍ യഥാര്‍ഥത്തില്‍ വിട്ടുവീഴ്ചയ്ക്ക ആഗ്രഹിക്കുന്നില്ലെന്നും ചില യു. എസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുമുണ്ട്.