Sorry, you need to enable JavaScript to visit this website.

ആരോഗ്യത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നത് പ്രധാനം

വെൽനസ് ചലഞ്ചേഴ്‌സ് ലീഡേഴ്‌സിനൊപ്പം
സി.സി. നൗഫൽ
സി.സി. നൗഫൽ
നൗഫൽ കുടുംബത്തോടൊപ്പം
ഈസ്റ്റ് വെസ്റ്റ് അൾട്രാ മാരത്തണിന്റെ 90 കിലോമീറ്റർ കാറ്റഗറിയിൽ ഇന്ത്യക്കാരിൽ ഒന്നാമനായി സമ്മാനം നേടിയ നൗഫലിന് സഹോദരൻ ബൊക്കെ നൽകുന്നു.


ആധുനിക ജീവിത സാഹചര്യങ്ങൾ പലപ്പോഴും മനുഷ്യനെ അലസരും ഉദാസീനരുമാക്കുകയും ഗുരുതരമായ ജീവിത ശൈലി രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണ വിഷയത്തിൽ അതീവ ജാഗ്രത വേണം. പ്രവാസികൾ വിശേഷിച്ചും ആരോഗ്യത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് പ്രാധാന്യം നൽകണം. അല്ലാത്ത പക്ഷം രോഗങ്ങളും അസ്വസ്ഥതകളും ജീവിതത്തിന്റെ നിറം കെടുത്തും. 4 വർഷത്തെ നിരന്തരമായ പരിശീലനത്തിനൊടുവിൽ ഖത്തറിൽ നടന്ന ഈസ്റ്റ് വെസ്റ്റ് അൾട്രാ മാരത്തോണിന്റെ 90 കിലോമീറ്റർ കാറ്റഗറിയിൽ ഇന്ത്യക്കാരിൽ ഒന്നാമനായി സമ്മാനം നേടിയ ആളാണ് നൗഫൽ സി.സി.
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യ സംരക്ഷണത്തിന് കുറച്ച് സമയം നീക്കി വെക്കണം. മനസ്സുവെച്ചാൽ ഇത് സാധ്യമാണെന്ന് സ്വന്തം ജീവിതാനുഭവത്തിൽ നിന്നും കോഴിക്കോട് ജില്ലയിലെ നന്തി സ്വദേശിയായ ഈ യുവാവ് പറയുമ്പോൾ നാം അത് മുഖവിലക്കെടുക്കണം.
എം.ബി.എ ബിരുദവുമെടുത്ത് മെച്ചപ്പെട്ട തൊഴിൽ അന്വേഷിച്ച് 2013 ൽ സഹോദരങ്ങളുടെ ക്ഷണ പ്രകാരം ഖത്തറിലെത്തുമ്പോൾ നൗഫലിന് കായിക രംഗത്ത് കാര്യമായ പിൻബലമോ പാരമ്പര്യമോ ഉണ്ടായിരുന്നില്ല. സ്‌കൂൾ കായിക മൽസരങ്ങളിലൊന്നും പങ്കെടുത്ത് പരിചയമില്ലാതിരുന്ന നൗഫൽ കേവലം 4 വർഷത്തെ പരിശീലനവും പരിശ്രമവും കൊണ്ട് മാരത്തൺ ഓട്ടക്കാരനായി മാറിയത് പ്രവാസി യുവാക്കൾക്ക് മാതൃകയാണ്.
നാട്ടിലെ തിരക്കുകളിൽ നിന്നും പ്രവാസ ലോകത്തെത്തിയപ്പോഴാണ് ആശയ വിനിമയ രംഗത്ത് പ്രസംഗ പരിശീലനം ഗുണം ചെയ്യുമെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഖത്തറിലെ പ്രസംഗ പരിശീലന കൂട്ടായ്മയായ പ്രഭാഷ ഖത്തറിൽ ചേർന്നത്. അവധി ദിവസങ്ങളിൽ പ്രസംഗ പരിശീലനവും ചർച്ചചകളുമൊക്കെ സജീവമായപ്പോൾ ജീവിതത്തിന് പുതിയ താളലയങ്ങൾ കൈവന്നു. പ്രഭാഷ ഖത്തറിലെ കൂട്ടുകാർ ചേർന്ന് വെൽനസ് ചലഞ്ചേഴ്‌സ് എന്ന കൂട്ടായ്മ രൂപീകരിച്ചപ്പോൾ നൗഫലും അതിന്റെ ഭാഗമായി. കൂട്ടായ്മയിലെ എബി അബ്രഹാം പത്ത് കിലോമീറ്റർ ഓടിയത് ഏറെ വിസ്മയത്തോടെയാണ് അന്ന് നോക്കിയിരുന്നത്. ആർക്കും മനസ്സ് വെച്ചാൽ ഓടാൻ കഴിയുമെന്നും നിരന്തരമായ പരിശീലനവും സ്ഥിരോൽസാഹവുമാണ് വേണ്ടതെന്നും എബി പറഞ്ഞപ്പോൾ അത് ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ വെൽനസ് ചലഞ്ചേഴ്‌സിനോടൊപ്പം ചേർന്ന് ആദ്യ ശ്രമത്തിൽ തന്നെ 13 കിലോമീറ്റർ ഓടിത്തീർത്തത് ആത്മവിശ്വാസം വർധിപ്പിച്ചു. ക്രമേണ ഖത്തറിൽ നടക്കുന്ന എല്ലാ മാരത്തോണുകളിലും സജീവ സാന്നിധ്യമായി സമ്മാനങ്ങൾ വാരിക്കൂട്ടിയ നൗഫൽ കഴിഞ്ഞ ദിവസം ഈസ്റ്റ് വെസ്റ്റ് അൾട്രാ മാരത്തണിന്റെ 90 കിലോമീറ്റർ കാറ്റഗറിയിൽ ഇന്ത്യക്കാരിൽ ഒന്നാമനായി തന്റെ വളർച്ചയുടെ തൊപ്പിയിൽ പുതിയൊരു പൊൻതൂവൽ തുന്നിച്ചേർത്തു. ദോഹ ഷെറാട്ടൺ മുതൽ മാൾ ഓഫ് ഖത്തർ വരെ നിരന്തരം ഓടി പരിശീലിച്ചാണ് നൗഫൽ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വെൽനസ് ചലഞ്ചേഴ്‌സ് ഗ്രൂപ്പിലെ ഷബീർ, ആദിൽ, എബി എന്നിവരോടൊപ്പം നൗഫലിന്റെ കുടുംബവും പൂർണ പിന്തുണ നൽകിയാണ് വിജയത്തിനുള്ള പരിസരമൊരുക്കിയത്.
വെൽനസ് ചലഞ്ചേഴ്‌സ് ഗ്രൂപ്പിലെ സഹപ്രവർത്തകരുടെ പിന്തുണയും കുടുംബത്തിന്റെ അകമഴിഞ്ഞ സഹകരണവുമാണ് ഈ വിജയത്തിലെത്തിച്ചത്. വാരാന്ത്യത്തിലെ ഒഴിവ് ദിവസം ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുഴുകുമ്പോൾ സഹധർമിണി ആദില മർജാനും മക്കളും കൂടെ നിന്നത് ഏറെ ആശ്വാസമായി. എട്ടാം വയസ്സിലുള്ള മകൻ സഹ്റാൻ മുഹമ്മദ് തന്നോടൊപ്പം ഓടുകയും ചില മാരത്തണുകളിലൊക്കെ പങ്കെടുക്കുകയും ചെയ്ത കാര്യവും നൗഫൽ സന്തോഷത്തോടെ അനുസ്മരിച്ചു.
ഖത്തർ ഈസ്റ്റ് വെസ്റ്റ് അൾട്രാ മാരത്തൺ, ഉരീദു മാരത്തൺ, ഗൾഫ് മാധ്യമം മാരത്തൺ, ടഫ് മാൻ ഇന്ത്യ തുടങ്ങിയ മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാരിക്കൂട്ടിയ ഈ ചെറുപ്പക്കാരൻ റിയാദ് മാരത്തണിന് പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്.
ശാരീരിക ക്ഷമത പരിശീലനത്തിലെ നാഴികക്കല്ലായ അയൺ മാൻ പട്ടമാണ് നൗഫലിന്റെ സ്വപ്നം. ലോക പ്രശസ്തമായ ബോസ്റ്റൺ, ചിക്കാഗോ, മുംബൈ മാരത്തണുകളിൽ പങ്കെടുക്കാനും ഈ ചെറുപ്പക്കാരന് പരിപാടിയുണ്ട്.
ഭാര്യ ആദില മർജാൻ, മക്കളായ സഹ്റാൻ മുഹമ്മദ് , മുഹമ്മദ് സൈൻ എന്നിവരോടൊപ്പം ഖത്തറിൽ താമസിക്കുന്ന നൗഫൽ അബൂ ഈസ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. നൗഫലിന്റെ സഹോദരങ്ങളായ മുസ്തഫ, ഇസ്മാഈൽ, സിദ്ദീഖ്, റഹീം, അൻസാർ എന്നിവരും ഖത്തറിലുണ്ട്.
ഓട്ടം ഏറെ പ്രധാനപ്പെട്ട ഒരു കായിക പ്രവൃത്തിയാണ്. ശരിയായ പരിശീലനവും പരിചരണവും ഇതിന് ആവശ്യമാണ്. സ്ട്രച്ചിംഗ് എക്സർസൈസ്, വാമിംഗ് അപ്, റണ്ണിംഗ് ഡ്രിൽസ്, വർക് ഔട്ട്, കൂൾ ഡൗൺ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് ഓട്ടം പരിശീലിക്കേണ്ടത്. അല്ലാത്ത പക്ഷം മുട്ടുവേദനയും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുമുണ്ടാകാം. ശരിയായ പരിശീലനത്തോടെ ഓട്ടം ശീലിക്കുമ്പോൾ ജോലിക്ക് പോകുന്നതിനോ മറ്റോ യാതൊരു പ്രയാസവുമുണ്ടാവുകയില്ല.
വെൽനസ് ചലഞ്ചേഴ്‌സ് ഗ്രൂപ്പ് ട്രെയിനിംഗ് മൊഡ്യൂളുകൾ തയാറാക്കിയും വിദഗ്ധരുടെ അനുഭവങ്ങൾ പങ്കുവെച്ചുമൊക്കെ അംഗങ്ങളെ ശാക്തീകരിക്കുന്നു. ഫിഫ 2022 ലോകകപ്പ് ഖത്തറി നോടനുബന്ധിച്ച് നടത്തിയ 100 ദിന ചലഞ്ചും റമദാനിൽ നടത്തിയ റമദാൻ ചലഞ്ചുമൊക്കെ അംഗങ്ങളിൽ സ്ഥിരോൽസാഹവും ആവേശവും നിലനിർത്താൻ സഹായിച്ചു.
ശാരീരിക വ്യായാമങ്ങളിലും വ്യക്തിപരമായ വളർച്ചയിലുമെന്ന പോലെ ആരോഗ്യ ബോധവൽക്കരണ രംഗത്തും മാതൃകാപരമായ പ്രവർത്തനങ്ങൾ നടന്ന വെൽനസ് ചലഞ്ചേഴ്‌സ് ഗ്രൂപ്പിൽ ചേർന്നതാണ് ഈ യുവാവിന്റെ ജീവിതം മാറ്റിമാറിച്ചത്. എല്ലാ വെളളിയാഴ്ചകളിലും സൗജന്യമായ പരിശീലനം നൽകുന്ന ഈ കൂട്ടായ്മയുടെ പരിശീലനത്തിൽ ആർക്കും പങ്കെടുക്കാം.
യുവാക്കളെ ആരോഗ്യ സംരംക്ഷണത്തെക്കുറിച്ചും ലൈഫ് സ്റ്റെയിൽ മോഡിഫിക്കേഷനെക്കുറിച്ചുമൊക്കെ ബോധവാന്മാരാക്കുകയും സാമൂഹ്യ പ്രതിബദ്ധതയോടെ സേവന രംഗത്തേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനുള്ള പരിപാടികളാണ് വെൽനസ് ചലഞ്ചേഴ്‌സ് ചെയ്യുന്നത്. പ്രവാസ ലോകത്ത് ആരോഗ്യ സംരക്ഷണവും ഫിറ്റ്നസും വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യം യുവാക്കളെ ബോധ്യപ്പെടുത്തുകയും സാധ്യമായ ശാരീരിക വ്യായാമങ്ങളിലൂടെ സജീവമാക്കുകയുമാണ് ലക്ഷ്യം. ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതും ബോധ്യപ്പെട്ടതുമായ കാര്യങ്ങൾ സമൂഹത്തിന് പകർന്നുകൊടുക്കുകയും പ്രായോഗികമായി ആരോഗ്യകരമായ ജീവിതക്രമം പരിശീലിക്കുകയും ചെയ്താണ് ഈ കൂട്ടായ്മ സമൂഹത്തിൽ മാതൃകയാകുന്നത്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് പ്രവർത്തിക്കുകയുള്ളൂ. ജീവിത വിജയം നേടണമെങ്കിൽ മനസ്സും ശരീരവും ആരോഗ്യത്തോടെ നിലനിർത്തണം. ജീവിത രീതിയിൽ മാറ്റം വരുത്തിയാൽ മാത്രമേ ആരോഗ്യം സംരക്ഷിക്കാനാകൂവെന്നും ഏത് തിരക്കുകൾക്കിടയിലും കുറച്ചു സമയം ശാരീരിക വ്യായാമങ്ങൾക്കായി നീക്കിവെക്കണമെന്നുമാണ് ഈ സന്നദ്ധ സംഘത്തിന് പ്രവാസികളോട് പറയാനുള്ളത്.

Latest News