കുടുംബങ്ങളിലും തൊഴിലിടങ്ങളിലും പൊതുവെ കണ്ടുവരാറുള്ള ഒരു പ്രവണതായാണ് പരസ്പരം പഴിചാരൽ. ഏതെങ്കിലും ഒരു കാര്യം വേണ്ടത്ര നല്ല രീതിയിൽ വിജയിപ്പിച്ചെടുക്കാൻ കഴിയാതെ വരുമ്പോഴാണ് അധികപേരും കുറ്റപ്പെടുത്തലിനും പഴിചാരലിനും വിധേയമാവുക. പഴിചാരാൻ എളുപ്പമാണ്. കുറ്റപ്പെടുത്താനും. എന്നാൽ ഇതിന്റെ ഫലം അത്ര അഭിലഷണീയമായിരിക്കുകയില്ല. 2001 ൽ പ്രസിദ്ധീകരിച്ച ഒരു നിർണായകമായ പഠനം കാണിക്കുന്നത് നല്ല അനുഭവങ്ങളേക്കാൾ മോശം അനുഭവങ്ങളോട് മസ്തിഷ്‌കം കൂടുതൽ ശക്തമായി പ്രതികരിക്കുന്നു എന്നാണ്- നമ്മുടെ ഓർമകൾ അവയെ കൂടുതൽ കാലം കൊണ്ടുനടക്കുന്നു.
തിന്മയെ മറികടക്കാൻ നന്മയ്ക്ക് എത്രത്തോളം കഴിയും? അഞ്ച് പോസിറ്റിവ് അനുഭവങ്ങൾ ഒരു നെഗറ്റിവ് അനുഭവത്തിന് തുല്യമാണ്. 1970 കളിൽ സൈക്കോളജിസ്റ്റും റിലേഷൻഷിപ് ഗവേഷകനുമായ ജോൺ ഗോട്ട്മാൻ കണ്ടെത്തിയ ഈ അഞ്ച് മുതൽ ഒന്ന് വരെ അനുപാതം, നമ്മുടെ ജോലിസ്ഥലത്ത് ഇപ്പോഴും ബാധകമാണ് എന്ന് കാണാവുന്നതാണ്. 2005 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ജോലിസ്ഥലത്തെ ജീവനക്കാരുടെ മാനസികാവസ്ഥ അളക്കുകയും അവർ ഒരു നെഗറ്റിവ് സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ അത് അവരുടെ മാനസികാവസ്ഥയെ ഒരു പോസിറ്റിവ് സംഭവം സംഭവിച്ചതിനേക്കാൾ അഞ്ചിരട്ടി ബാധിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
നിങ്ങൾ എത്രയോ നല്ല ആളാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിലും നിങ്ങളുടെ ചുണ്ടിൽ നിന്ന് പുറത്തുവരുന്ന ഓരോ ദയയില്ലാത്ത വാക്കും കോപിക്കുന്ന സ്വരവും നിങ്ങളുടെ ദയയുള്ള വാക്കുകളും പ്രവൃത്തികളും ചെയ്തേക്കാവുന്നതിന്റെ അഞ്ചിരട്ടി ഗുണം ഇല്ലാതാക്കുന്നുണ്ട്.
വിമർശനം, അവഹേളനം, പ്രതിരോധം, കല്ലെറിയൽ എന്നിവയാണ് ബന്ധങ്ങളിലെ ഏറ്റവും വിനാശകരമായ പെരുമാറ്റങ്ങൾ എന്ന് ഗോട്ട്മാൻ വാദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ ശക്തമായ ഒരു സംസ്‌കാരം സൃഷ്ടിക്കാൻ ഓർഗനൈസേഷനുകളെ സഹായിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പരിശ്രമം, ഏറ്റവും മാരകമായ പെരുമാറ്റമാണ് യഥാർത്ഥത്തിൽ കുറ്റപ്പെടുത്തൽ എന്ന നിഗമനത്തിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. കുറ്റപ്പെടുത്തൽ മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നാല് പെരുമാറ്റങ്ങളെ ഉൾക്കൊള്ളുന്നു. നമ്മൾ ആദ്യം കൈകാര്യം ചെയ്യേണ്ടത് ഇതാണെന്നും അദ്ദേഹം വാദിക്കുന്നു.
കുറ്റപ്പെടുത്തലിനെ മറികടക്കണമെങ്കിൽ പ്രധാനമായും രണ്ട് വലിയ വെല്ലുവിളികളെ നാം തരണം ചെയ്യണം. പ്രകൃത്യാ മനുഷ്യർ കുറ്റപ്പെടുത്തുന്നവരാണ് എന്നതാണ് അതിലൊന്ന്. കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോൾ മറ്റുള്ളവരെയോ സാഹചര്യങ്ങളെയോ കുറ്റപ്പെടുത്താൻ നമ്മൾ എല്ലാവരും സ്വാഭാവികമായും ഒരുമ്പെടുന്നു.
ഈ പ്രവണതകൾ ഭാഗികമായി മനഃശാസ്ത്രപരമാണ്, അടിസ്ഥാനപരമായ ആട്രിബ്യൂഷൻ ബയസ് എന്ന് വിളിക്കപ്പെടുന്ന ഒന്ന്. ആളുകൾ ചെയ്യുന്ന കാര്യങ്ങളിൽ സാമൂഹികമോ പാരിസ്ഥിതികമോ ആയ മറ്റു ഘടകങ്ങൾ അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന് പരിഗണിക്കുന്നതിനു പകരം അവർ ആരാണെന്നതിന്റെ പ്രതിഫലനമാണതെന്ന് നാം എളുപ്പത്തിൽ വിശ്വസിക്കുന്നു.
അതുകൊണ്ടാണ് ജോലിസ്ഥലത്തെ പ്രധാന ദുരന്തങ്ങൾ വാർത്തകളിൽ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, പരാജയത്തിലേക്ക് നയിച്ച വ്യവസ്ഥാപരമായ ഘടകങ്ങളെ അവഗണിച്ച്, 'മാനുഷിക പിഴവ്' പലപ്പോഴും ആദ്യത്തേതാവുന്നത്. കാരണം അത് ഏറ്റവും സംതൃപ്തി നൽകുന്നതായി കരുതപ്പെടുന്നു. നമ്മുടെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദികളായ മറ്റാരെയെങ്കിലും കണ്ടെത്തുകയും അവർ മാറേണ്ടതുണ്ട് എന്ന പ്രഖ്യാപനവുമാണത്.
കുറ്റപ്പെടുത്താനുള്ള നമ്മുടെ ചായ്വിന് ജൈവശാസ്ത്രപരമായ ഒരു വിശദീകരണവുമുണ്ട്. ഡ്യൂക്ക് സർവകലാശാലയിൽ നിന്നുള്ള സമീപകാല ബ്രെയിൻ ഇമേജിംഗ് ഗവേഷണം കാണിക്കുന്നത് പോസിറ്റിവ് സംഭവങ്ങൾ മസ്തിഷ്‌കത്തിന്റെ മുൻ ഭാഗത്തുള്ള പ്രീഫ്രോണ്ടൽ കോർട്ടെക്‌സാണ് പ്രോസസ് ചെയ്യുന്നെതന്നാണ്. ഇത് കുറച്ച് സമയമെടുക്കുന്ന പ്രക്രിയയാണ്. മാത്രമല്ല, നല്ല കാര്യങ്ങൾ അവിചാരിതമായേ സംഭവിക്കൂ എന്ന നിഗമനത്തിൽ അതു ഉടൻ എത്തിച്ചേരുകയും ചെയ്യുന്നു. നേരെമറിച്ച്, നെഗറ്റിവ് ഇവന്റുകൾ പ്രോസസ് ചെയ്യുന്നത് അമിഗ്ഡാലയാണ്, അത് നമ്മുടെ പോരാട്ടം അല്ലെങ്കിൽ പിന്മാറൽ എന്നീ പ്രതികരണങ്ങളെ നിയന്ത്രിക്കുന്നു. അമിഗ്ഡാല സാധാരണയായി തെറ്റായ കാര്യങ്ങൾ മനഃപൂർവം സംഭവിക്കുന്നു എന്ന നിഗമനത്തിലെത്തുന്നു. മിന്നൽ വേഗത്തിലാണി ഈ നിഗമനത്തിലെത്തുന്നത്. പ്രശ്നത്തോട് ഏറ്റവും അടുത്ത വ്യക്തി അത് മനഃപൂർവം ചെയ്തതായിരിക്കണം എന്ന് നാം അങ്ങ് വിശ്വസിക്കും.
നമ്മൾ പലപ്പോഴും വിചാരിക്കുന്നതിലും കൂടുതൽ കുറ്റപ്പെടുത്തുന്നവരാണ്. ഇത് കുറ്റപ്പെടുത്തലുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രശ്‌നത്തിലേക്ക് നയിക്കുന്നു - നാം അത് എത്ര തവണ ചെയ്യുന്നുവെന്ന് നാം ശ്രദ്ധിക്കുന്നില്ല. നമ്മുടെ 'കുറ്റപ്പെടുത്തരുത്' എന്ന സന്ദേശം ടീം അംഗങ്ങൾക്ക് കേൾക്കാൻ താൽപര്യമാണെന്നു മികച്ച എക്‌സിക്യൂട്ടീവുകൾ പോലും സമ്മതിക്കുന്നു. പക്ഷേ കുറ്റപ്പെടുത്തുന്ന സ്വഭാവത്തിൽ അവർ അകപ്പെട്ടു പോവുന്നത് അവർ ശ്രദ്ധിക്കാതെ പോവുന്നുവെന്നാണ് ഈ രംഗത്ത് പഠനം നടത്തിയവർ പറയുന്നത്. എന്നിരുന്നാലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മറ്റുള്ളവരെയോ സാഹചര്യങ്ങളെയോ അവർ എത്ര തവണ കുറ്റപ്പെടുത്തുന്നുവെന്ന് അവർ ട്രാക്ക് ചെയ്യാൻ തുടങ്ങിക്കഴിഞ്ഞാൽ അവരെ ഞെട്ടിച്ചു കളയുന്നത്ര തവണ മറ്റുള്ളവരെ കുറ്റപ്പെടുത്തിയെന്ന് അവർക്ക് ബോധ്യപ്പെടുമത്രേ.
ഈ സ്വഭാവം നിർഭാഗ്യവശാൽ ടീമുകളെ ഒരു നെഗറ്റിവ് ചുഴിയിലേക്ക് നയിക്കുന്നു. നമ്മുടെ മസ്തിഷ്‌കം ഒരു ശാരീരിക ആക്രമണത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നുവോ, അതുപോലെ തന്നെ കുറ്റപ്പെടുത്തലിനെയും വ്യാഖ്യാനിക്കുന്നു. നമ്മളെ കുറ്റപ്പെടുത്തുമ്പോൾ നമ്മുടെ പ്രീഫ്രോണ്ടൽ കോർട്ടിസുകൾ തൽക്കാലം പ്രവർത്തനര ഹിതമാവുകയും നമ്മുടെ എല്ലാ ഊർജവും സ്വയം പ്രതിരോധിക്കാൻ സജ്ജമാവുകയും ചെയ്യുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഇത് നമ്മെ കുറ്റപ്പെടുത്തുന്ന പ്രശ്‌നം പരിഹരിക്കാനുള്ള നമ്മുടെ കഴിവിനെ അട്ടിമറിക്കുന്നു.
കുറ്റപ്പെടുത്തൽ ആരോഗ്യകരവും ഉത്തരവാദിത്തമുള്ളതുമായ പെരുമാറ്റങ്ങളെയും ഇല്ലാതാക്കുന്നു. എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നുണ്ടെങ്കിൽ ആരും പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. കൂടാതെ, കുറ്റപ്പെടുത്തൽ ഏറെ വ്യാപകമായ വീട്ടിലും ജോലിസ്ഥലങ്ങളിലും പഠനവും പ്രശ്നപരിഹാരവും അവഗണിക്കപ്പെടുകയാണ് പതിവ്. തെറ്റുകളിൽ നിന്ന് പഠിക്കുന്നതിനു പകരം, കുറ്റപ്പെടുത്തപ്പെടുന്ന ജീവനക്കാരും ബന്ധുക്കളും അവരുടെ തെറ്റുകൾ മറയ്ക്കാനാണ് ശ്രമിക്കുക.
അപ്പോൾ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യം ബാക്കിയാവുന്നു. നമ്മുടെ ടീമിനെ കുറ്റപ്പെടുത്തുന്ന സംസ്‌കാരം ഇല്ലാതാക്കുകയാണ് അതിനുള്ള വഴി. കുറ്റമറ്റ സംസ്‌കാരം വീട്ടിലും തൊഴിലിടങ്ങളിലും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് സ്വീകരിക്കാവുന്ന രണ്ട് ലളിതമായ മാർഗങ്ങൾ കൂടി വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
'ഞങ്ങൾ എല്ലാവരും ഇപ്പോഴും പഠിക്കുന്നു' എന്നതിലേക്ക് നമ്മുടെ മാനസികാവസ്ഥ മാറ്റുകയും നമ്മുടെ അബദ്ധങ്ങൾ പങ്കിടുകയും ചെയ്യണം. നമ്മളെല്ലാവരും കാലാകാലങ്ങളിൽ തെറ്റുകൾ വരുത്തുന്നു. അതാണ് നമ്മെ മനുഷ്യരാക്കുന്നത്. നമ്മുടെ അപൂർണ സ്വഭാവത്തിന് പരസ്പരം കുറ്റപ്പെടുത്തുന്നതിലൂടെയും ലജ്ജിക്കുന്നതിലൂടെയും ഒരു ഗുണവും ലഭിക്കുന്നില്ല. നമുക്ക് സംഭവിച്ച തെറ്റുകളിൽ നിന്ന് പഠിക്കുന്നതിലൂടെ നമുക്ക് പ്രയോജനം ലഭിച്ചു. അതിനാൽ മറ്റുള്ളവരിൽ നിന്നും വീഴ്ചകളും തെറ്റുകളും സംഭവിക്കുമ്പോൾ മറ്റുള്ളവരെയും പരാനുഭൂതിയോടെ പരിഗണിക്കുക. പ്രശ്നങ്ങളും തെറ്റുകളും സംഭവിക്കുമ്പോൾ പഠിക്കാനുള്ള സന്ദർഭങ്ങളായി അവയെ ഉപയോഗപ്പെടുത്താൻ അവരെ സഹായിക്കുക.
നിങ്ങളുടെ സ്വന്തം ജീവിതത്തിൽ വന്ന അബദ്ധങ്ങളും തെറ്റുകളും അവയിൽ നിന്ന് പഠിച്ച പാഠങ്ങളും ചർച്ച ചെയ്യുക. അങ്ങനെ ചെയ്യുന്നത് മറ്റുള്ളവർക്ക് സ്വയം തിരുത്താനും മുന്നേറാനും പ്രേരിപ്പിക്കുന്ന സുരക്ഷിതമായ ഒരു മാനസിക ഇടം സൃഷ്ടിക്കുന്നു. അങ്ങനെയാണെങ്കിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ, ടീമംഗങ്ങൾ അത് സൃഷ്ടിക്കുന്നതിലെ തങ്ങളുടെ പങ്ക് അംഗീകരിക്കുകയും അത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ വരുംകാലങ്ങളിൽ കൈക്കൊള്ളാനും പ്രാപ്തരാവുകയും ചെയ്യും.
ദയയുടെയും അനുകമ്പയുടെയും ഇടത്തിൽ നിന്ന് പ്രശ്നങ്ങളെ സമീപിക്കാൻ നാം ബോധപൂർവം പരിശീലിച്ചാൽ മറ്റുള്ളവരെ നയിക്കുന്ന ഐശ്വര്യമുള്ള ഒരു നല്ല നേതാവായി മാറാൻ നമുക്ക് കഴിയും. പകരം നിഷേധാത്മകമായ പൊട്ടിത്തെറിയാണ് നാം നടത്തുന്നതെങ്കിൽ നമ്മുടെ മാനസികമായ ക്ഷേമത്തെ അത് സാരമായി ബാധിക്കുമെന്ന് മാത്രമല്ല, ഒരു നേതാവ് എന്ന നിലയിൽ നാം നമ്മെ കുറിച്ചുള്ള വളരെ മോശമായ ഒരു ചിത്രമാണ് മറ്റുള്ളവരിൽ ബാക്കിവെക്കുക. അത് അന്തിമമായി കുടുംബത്തിന്റെയും കമ്പനിയുടെയും ക്ഷേമത്തെ കൂടി പ്രതികൂലമായി ബാധിക്കുകയും ചെയ്യും.