ചെന്നൈ- മലയാളിയായ അമല ഷാജിക്കെതിരെ തമിഴ് യുവതാരം രംഗത്ത്. അരണം എന്ന സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനിടെയായിരുന്നു ചിത്രത്തിലെ നായകനും സംവിധായകനും തമിഴ്‌സിനിമയിലെ പ്രധാന ഗാനരചയിതാവുമായ പിരിയന്‍ എന്ന പ്രിയന്‍ ഇന്‍സ്റ്റാഗ്രാം താരം അമല ഷാജിക്കെതിരെ രംഗത്തെത്തിയത്. അരണത്തിന്റെ 30 സെക്കന്‍ഡ് മാത്രമുള്ള പ്രമോഷനു വേണ്ടി അമല രണ്ട് ലക്ഷം രൂപ ചോദിച്ചുവെന്നാണ് പിരിയന്റെ ആരോപണം. ഇതുകേട്ട് തന്റെ തല കറങ്ങിയെന്നും പിരിയന്‍ പറയുന്നു. ''ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തുകൊണ്ടുവരാനുള്ള കഷ്ടപ്പാടിനെക്കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം റീല്‍സ് ചെയ്യുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അന്‍പതിനായിരം രൂപയാണ്. നായികയ്ക്കു പോലും ഇവിടെ ശമ്പളം കൊടുക്കാനില്ലാത്ത അവസ്ഥയാണ്. അപ്പോഴാണ് വെറും രണ്ട് സെക്കന്‍ഡിന് അന്‍പതിനായിരം ചോദിക്കുന്നതെന്നും പിരിയന്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. ഇത്രയും പണം എന്തിനാണെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. 30 സെക്കന്‍ഡ് റീല്‍സ് സര്‍ എന്നാണ് പറഞ്ഞത്. 30 സെക്കന്‍ഡ് റീല്‍സിന് രണ്ട് ലക്ഷം രൂപയാകുമോ എന്ന് തിരിച്ചു ചോദിക്കേണ്ടി വന്നു. ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. വിമാനടിക്കറ്റുവരെ ചോദിക്കുന്നവരുണ്ട്. ഇതൊക്കെ കേട്ട് എന്റെ തലകറങ്ങിപ്പോയെന്നും പിരിയന്‍ പറയുന്നു. ഞാന്‍ പോലും ഫ്‌ളൈറ്റില്‍പോകാറില്ലെന്നും പിന്നെ എന്തിനാണ് നിങ്ങളെ ഫ്‌ളൈറ്റില്‍ കൊണ്ടുവരുന്നതെന്നും താന്‍ തിരിച്ചു ചോദിച്ചുവെന്നും പിരിയന്‍ ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചു. ഇത്തരക്കാരൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളില്‍ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകള്‍ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്. സിനിമയെന്ന കല പ്രേക്ഷകരിലേക്കെത്തിക്കാന്‍ എന്തുമാത്രം പോരാടണമെന്ന് ഇപ്പോള്‍ മനസ്സിലായിന്ത പിരിയന്‍ പറയുന്നു.