ലഹരിമരുന്ന് വിൽക്കാനും വ്യാപാരികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും മയക്കുമരുന്ന് മാഫിയ കൂടുതലായി ഓൺലൈൻ ആശ്രയിച്ചു തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള നാർകോട്ടിക് പോലീസ് അവരുടെ വീഡിയോ ഗെയിം കഴിവുകൾ വികസിപ്പിക്കാനുള്ള തിരക്കിലാണ്.
ഈയടുത്ത വർഷങ്ങളിലായി ലഹരിമരുന്ന് സംഘങ്ങൾ അവിശ്വസനീയമാംവിധം സാങ്കേതിക വൈദഗ്ധ്യം നേടിയിട്ടുണ്ടെന്നും ഇത് വൻതോതിൽ ആളുകളിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ സഹായകമാകുന്നുവെന്നും ദോഷകരമായ സ്വാധീനങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്ന വിദഗ്ധൻ ബെഞ്ചമിൻ ഷുൾട്‌സ് കൗൺസിൽ ഓഫ് യൂറോപ്പ് യോഗത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ലഹരിമരുന്ന് കടത്തിലും കള്ളപ്പണം വെളുപ്പിക്കുന്നതിലും ഏർപ്പെട്ട കുപ്രസിദ്ധ സംഘമാണ് സി.ഡി.എസ് എന്ന ചുരക്കപ്പേരിൽ അറിയപ്പെടുന്ന സിനവോള കാർട്ടൽ.
സിനവോള സംഘത്തിന് ഏകദേശം രണ്ട് ലക്ഷം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. അവർ ചെയ്യുന്ന കാര്യങ്ങളെ മഹത്വവൽക്കരിക്കുന്ന ചിത്രങ്ങളും മറ്റുമാണ് ദിവസേന ഇതിൽ പോസ്റ്റ് ചെയ്തിരുന്നത്. വളരെ വൈകിയാണ് ഈ അക്കൗണ്ട് അടച്ചു പൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിമരുന്ന് വ്യാപാരത്തിൽ ഓൺലൈൻ ഗെയിമിംഗ് വഹിക്കുന്ന പങ്കിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര മയക്കുമരുന്ന് വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് യൂറോപ്പിന്റെ പോംപിഡോ ഗ്രൂപ്പ് മെക്‌സിക്കോ സിറ്റിയിൽ ഒരു ചർച്ച സംഘടിപ്പിച്ചു. 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ' 'വേൾഡ് ഓഫ് വാർക്രാഫ്റ്റ്' പോലുള്ള ഓൺലൈൻ ഗെയിമുകൾ തന്ത്രപരമായി മയക്കുമരുന്ന് വിൽക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ലഹരിമരുന്ന് സംഘങ്ങൾക്ക് മികച്ച പരിരക്ഷയാണ് നൽകുന്നതെന്ന് ഈ ചർച്ചയിൽ വിശദീകരിച്ചു.
നിയമപാലകർ മികച്ച പ്രകടനം കാഴ്ചവെച്ചു തുടങ്ങിയതോടെ ഡാർക്ക്‌നെറ്റിൽ ലഹരിമരുന്ന് മാഫിയക്ക് താൽപര്യം കുറഞ്ഞുവരികയാണെന്നും അതേസമയം വീഡിയോ ഗെയിമുകൾ ഇനിയും ശരിക്കും നിരീക്ഷിക്കപ്പെട്ട് തുടങ്ങിയിട്ടില്ലാത്തതിനാൽ അവ ലഹരിമരുന്നു വിൽപനക്കാർ വിഹാര രംഗമാക്കിയിരിക്കയാണെന്നും ബെഞ്ചമിൻ ഷുൾട്‌സ് പറഞ്ഞു. ഓൺലൈൻ ഗെയിമുകളിൽ ഉപയോക്താക്കൾക്ക് ആരുമായും ബന്ധപ്പെടാൻ കഴിയും. കടുത്ത നിയന്ത്രണങ്ങളില്ലാത്തതിനാൽ കൗമാരക്കാർക്ക് അപരിചിതരുമായി ഇഷ്ടം പോലെ സംസാരിക്കാം.
ഗെയിമുകളിലെ ആന്തരിക സന്ദേശമയക്കൽ സംവിധാനങ്ങൾ തടസ്സപ്പെടുത്തുക വളരെ ബുദ്ധിമുട്ടാണ്. ലഹരിമരുന്ന് കടത്തുകാർ ഇമോജികൾ ഉപയോഗിച്ചുകൊണ്ട് ആശയവിനിമയം നടത്തുമ്പോൾ ഇത് കണ്ടെത്തുക കൂടുതൽ ദുഷ്‌കരമാകുന്നു. ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്ന സംശയാസ്പദ വാക്കുകൾ ഒഴിവാക്കിക്കൊണ്ട് മുഴുവൻ സംഭാഷണവും ചിഹ്നങ്ങൾ ഉപയോഗിച്ച് നടത്താൻ കഴിയും.അമേരിക്കയിലെ മയക്കുമരുന്ന് സർക്കിളുകളിൽ ഇലക്ട്രിക് പ്ലഗ് ഇമോജിയുടെ അർഥം ഡീലർ എന്നാണ്. ചെറിയ ഈന്തപ്പന മരിജുവാനയും താക്കോൽ ചിഹ്നം കൊക്കെയ്‌നുമാണ്.
മെക്‌സിക്കൻ പോലീസാണ് ഈ രീതി ആദ്യം ശ്രദ്ധിച്ചത്. 11 നും 14 നും ഇടയിൽ പ്രായമുള്ള മൂന്ന് കൗമാരപ്രായക്കാർ 'ഗരേന ഫ്രീ ഫയർ' കളിക്കുമ്പോഴാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. മെക്‌സിക്കോ സിറ്റിയിൽ മയക്കുമരുന്ന് വിൽക്കാൻ ആഴ്ചയിൽ 200 ഡോളറാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇവരെ റിക്രൂട്ട് ചെയ്ത് സംഘം ലഭ്യമാക്കിയ ടിക്കറ്റിൽ ബസിൽ കയറുന്നതിന് തൊട്ടുമുമ്പ് മൂവരും അറസ്റ്റിലാകുകയായിരുന്നു.ഇത്തരത്തിലുള്ള ഇടപാടുകൾ ഇൻസ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും ഇപ്പോൾ വളരെ സാധാരണമാണ്. യുഎസ്-മെക്‌സിക്കോ അതിർത്തിക്ക് സമീപം മിക്ക മയക്കുമരുന്ന് കേസുകളിലും വീഡിയോ ഗെയിമുകൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഷുൾട്‌സ് പറഞ്ഞു.
യൂറോപ്പിൽ വീഡിയോ ഗെയിമുകൾ തീർത്തും അനിയന്ത്രിതമാണെന്നും അവ നിരീക്ഷിക്കപ്പെടുന്നില്ലെന്നും അതുകൊണ്ടു തന്നെ നന്നായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇതൊരു ആഗോള പ്രശ്‌നമായിരിക്കയാണെന്നും ഈ പ്രതിഭാസത്തെക്കുറിച്ച് നിയമപാലകരെയും സർക്കാരുകളെയും ബോധവാന്മാരാക്കാൻ കഴിയുന്ന ഒരു വേദി ആവശ്യമാണെന്നും കൗൺസിൽ ഓഫ് യൂറോപ്പിന്റെ പോംപിഡോ ഗ്രൂപ്പ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് സെക്രട്ടറി തോമസ് കട്ടൗ പറഞ്ഞു. ഈ വിഷയത്തിൽ മുൻകൈ എടുത്തുകൊണ്ട് നിയമപാലകരുടെ ശ്രദ്ധയിൽ പെടുത്തിയ രാജ്യമാണ് മെക്‌സിക്കോയെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ യു.കെയിലും മറ്റു രാജ്യങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. ഇതൊരു ഒറ്റപ്പെട്ട പ്രതിഭാസമല്ലെന്നും വളരെ വേഗം വ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ ഗെയിമുകളുടെ അപകട സാധ്യതകളെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കണമെന്നും സംരക്ഷണം ഉറപ്പാക്കാൻ ഗെയിം ഡെവലപ്പർമാരിൽ സമ്മർദം ആവശ്യമാണെന്നും ഷുൾട്‌സും കട്ടൗവും നിർദേശിക്കുന്നു. ഏറ്റവും പ്രധനമായി നിർമിത ബുദ്ധി അടിസ്ഥാനമാക്കി നിരീക്ഷണം ശക്തമാക്കണം.