ജിദ്ദ-സൗദിയിൽ എല്ലാ തരത്തിലുളള റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ഏകീകൃത പ്ലാറ്റ്‌ഫോമിന് നീക്കമുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം പുതിയ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്താനാകും. ഇതിനുള്ള നീക്കം ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കി വരുന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു. ചെറുതും വലുതുമായ മുഴുവൻ അപകടങ്ങളും ഈ പ്ലാറ്റ്‌ഫോമിലായിരിക്കും രേഖപ്പെടുത്തേണ്ടത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയുള്ള ഇൻസിഡന്റ്‌സ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽസുബൈയാണ് ഒരു ശിൽപശാലയിൽ ഇക്കാര്യം പറഞ്ഞത്. അപകടസ്ഥലത്തേക്ക് ഇൻഷുറൻസ്, പോലീസ് ഉദ്യോഗസ്ഥർക്ക് വരാനുള്ള അഭ്യർത്ഥന, അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ തുടങ്ങിയവ പുതിയ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും ബന്ധപ്പെട്ട അധികാരികളും തമ്മിൽ സാങ്കേതിക ബന്ധം സ്ഥാപിക്കുമെന്നും അൽ സുബൈ വിശദീകരിച്ചു.
മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ഈ പ്ലാറ്റ്‌ഫോമിനെ ബന്ധിപ്പിക്കും. പരിക്കേറ്റവർക്കും മരിച്ചവർക്കും ലഭിക്കേണ്ട സേവനങ്ങൾ പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധിപ്പിക്കും. പ്ലാറ്റ്‌ഫോമിന് മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് മന്ത്രാലയവുമായി ബന്ധമുണ്ടാകുമെന്നും അൽ സുബൈ കൂട്ടിച്ചേർത്തു.
ഗതാഗത മന്ത്രാലയവുമായി ലിങ്കുചെയ്യുന്നതോടെ, വാഹനത്തിനുണ്ടായ നാശനഷ്ടങ്ങളുടെ മൂല്യത്തിനായുള്ള ഇൻവോയ്‌സുകൾ സമർപ്പിക്കൽ, പരാതി തീർപ്പാക്കൽ, വാഹനത്തിന്റെ നമ്പർ, വാഹന ഡാറ്റ, എസ്റ്റിമേറ്റുകളുടെ മൂല്യം, മുൻകാല റെക്കോർഡ് എന്നിവ ശേഖരിക്കാനും സാധിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)