കോഴിക്കോട്- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മകൻ ഡോ. സയ്യിദ് ഷഹീൻ അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹസൽക്കാരത്തിൽ ആർഭാടമുണ്ടായിട്ടില്ലെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായ്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് നാസർ ഫൈസി ഇക്കാര്യം പറഞ്ഞത്. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ മകൻ ഡോ.സയ്യിദ് ഷഹീൻ അലി ശിഹാബ് തങ്ങളുടെ വിവാഹ സൽക്കാരം ഡിസംബർ 17 ന് കോഴിക്കോടാണ് നടന്നത്. മാതൃകയാക്കേണ്ട പലതും അവിടെ കണ്ടുവെന്നും നാസർ ഫൈസി വ്യക്തമാക്കി.
തലേ ദിവസം ശനിയാഴ്ച ഓഡിറ്റോറിയത്തിൽ സംഘാടകർ ചേർന്നിരുന്നു. കുറ്റമറ്റ വിധം ആളുകളെ സ്വീകരിച്ച് പറഞ്ഞയക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച. സ്ത്രീകൾക്കായി പ്രത്യേക സംവിധാനവും സൗകര്യവും ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. ഉടൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും വ്യക്തമായ മറുപടി പറഞ്ഞു.സ്തീകളുടെ ഭാഗത്ത് പുരുഷന്മാരും അവരുടെ ഭാഗത്ത് സ്ത്രീകൾക്കും ഒരു പ്രവേശനവും ഉണ്ടാവരുത്. ഒരു വാഹനത്തിൽ ഒരു കുടുംബം ഒന്നിച്ച് വന്നാൽ എൻട്രിയിൽ നിന്ന് അവർ വേർപിരിയണം. സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നതും സ്ത്രീകൾ തന്നെ. ഫോട്ടോ, ഷെൽഫി ഇതിലൊന്നും ഒരു കൂടിക്കലരലും പാടില്ല. എല്ലാവർക്കും ഒരു ഭക്ഷണം. ചിക്കൻ ബിരിയാണിയും ചെമ്മീൻ െ്രെഫയും. അതിലപ്പുറം ഒരു സ്‌പെഷലും ആർക്കുമില്ല.
ആർഭാടമില്ലാതെ, കൊട്ടിഘോഷങ്ങളില്ലാതെ, ബഹളമയമില്ലാതെ ശാന്തമായ സൽക്കാരം. ആർക്കും ഒരു പ്രയാസവുമില്ലാതെ സംഘാടനം നിർവ്വഹിച്ചു. പ്രധാന ഗസ്റ്റുകളെ സ്വീകരിക്കുന്ന സെക്ഷനിലായിരുന്നു എന്റെ സേവനം. കൂടെ വരുന്നവർ നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ആ സെക്ഷനിൽ ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശമുണ്ടായി. തങ്ങളെയും പുതിയാപ്ലയേയും കാണാനും ചേർന്ന് നിൽക്കാനും എല്ലാവർക്കും സാധ്യമാകുന്നത്ര സൗകര്യമൊരുക്കി. തങ്ങളെ പോലുള്ള ഒരു സമ്മുന്നതനേതാവിന്റെ വിവാഹ സൽക്കാരം അഥിതികളുടെ ആൾപ്പെരുപ്പം സ്വാഭാവികമാണ്. അതിനെ ആഡംബരമായി വിലയിരുത്തേണ്ടതില്ല. കൂടുതൽ ആളുകളെ ക്ഷണിച്ച് ഭക്ഷണം കൊടുക്കുന്നതിനെ ധൂർത്തായല്ല,പുണ്യമായാണ് മുൻഗാമികൾ കരുതിയത്. ആർഭാടമായ് ഭക്ഷണം വിളമ്പുന്നതും ആഡംബരമായി വിവാഹമേള നടത്തുന്നതുമാണ് ധൂർത്ത്. എന്നാൽ ആവശ്യത്തിന് രുചികരമായ ഒരു നേര ഭക്ഷണം പതിനായിരങ്ങൾക്ക് ഒരുപോലെ നൽകിയാണ് മാതൃകയായതെന്നും നാസർ ഫൈസി പറഞ്ഞു.