ദേശീയ തലസ്ഥാനത്ത് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത രണ്ടു പേരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇനിയും സാധിച്ചില്ല. ജെ.എന്‍.യുവില്‍ ഡോക്ടറേറ്റിനു പഠിക്കുന്ന ഉമറിനെ വധിക്കാന്‍ ശ്രമിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് രണ്ട് പേര് വാട്സ് ആപ്പില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
സിഖ് വിപ്ലവ നേതാവ് കര്‍താര്‍ സിംഗ് സറാഭയുടെ പഞ്ചാബിലെ ഗ്രാമത്തില്‍ തങ്ങള്‍ പോലീസ് മുമ്പാകെ കീഴടങ്ങുമെന്ന് ഇരുവരും വിഡിയോയില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ് കീഴടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇവരെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
ദല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്ലും പഞ്ചാബ് പോലീസും വെള്ളിയാഴ്ച മുഴുവന്‍ സറാഭ ഗ്രാമത്തില്‍ കാത്തുനിന്നിരുന്നു. ഇരുവരേയും കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്.
ആക്രമണം ഇന്ത്യക്കാര്‍ക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമാണെന്നും യുവാക്കള്‍ വിഡിയോ സന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നു.
വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാന്‍ ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ എത്തിയപ്പോഴാണ് അജ്ഞാതന്‍ ഉമര്‍ ഖാലിദിനുനേരെ നിറയൊഴിച്ചത്. സ്ഥലത്തുണ്ടായിരുന്നവര്‍ അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തോക്ക് താഴെയിട്ട് കടന്നുകളയുകയായിരുന്നു.