ന്യൂദല്‍ഹി - അയോധ്യയില്‍ പുതിയതായി നിര്‍മിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനിക്കും മുരളിമനോഹര്‍ ജോഷിക്കും നിര്‍ദ്ദേശം. രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഇരുവര്‍ക്കും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങിന് വരരുതെന്ന് അഭ്യര്‍ഥിച്ചെന്നാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ചടങ്ങില്‍ ഇരുവരും പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇരുവരും കുടുംബത്തിലെ മുതിര്‍ന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യര്‍ഥിച്ചു. ഇരുവരും അഭ്യര്‍ഥന അംഗീകരിച്ചെന്നും ചമ്പത് റായ് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയമായ ഭിന്നതകളാണ് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതിന് പിന്നിലെന്നാണ് സൂചന. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന മെത്രാഭിഷേക ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചമ്പത് റായ് പറഞ്ഞു.
നാലായിരം സന്യാസിമാരെയും 2200 ഓളം വിശിഷ്ഠ വ്യക്തികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ദലൈലാമ, അമൃതാനന്ദമയി, ബാബരാംദേവ്, നടീനടന്‍മാരായ രജനീകാന്ദ്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍, മുകേഷ് അംബാനി, അനില്‍ അംബാനി, ഐ എസ് ആര്‍ ഒ ഡയറക്ടര്‍ നിലേഷ് ദേശായി തുടങ്ങിയവരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.