Sorry, you need to enable JavaScript to visit this website.

ദാവൂദ് ഇബ്രാഹിന്റെ വിഷബാധ വാര്‍ത്ത കെട്ടുകഥയോ?

ന്യൂദല്‍ഹി- ദാവൂദ് ഇബ്രാഹിം വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത വെറും കെട്ടുകഥയോ? അങ്ങനെയാണെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗം വിശ്വസിക്കുന്നത്. ദാവൂദിന്റെ വിഷ വാര്‍ത്ത ഇന്റലിജന്‍സ് വൃത്തങ്ങള്‍ തള്ളിയിട്ടുണ്ട്. 

ലോകമാധ്യമങ്ങളില്‍ പലതും വളരെ പ്രാധാന്യത്തോടെ പരിഗണിച്ച ദാവൂദ് ഇബ്രാഹിം വിഷബാധ വാര്‍ത്ത പാകിസ്താനിലെ ഒരു യൂട്യൂബറാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. യൂട്യൂബര്‍ക്കു പിന്നാലെ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രിയുടേതെന്ന വ്യാജേന എക്‌സ് പോസ്റ്റും കൂടി പ്രത്യക്ഷപ്പെട്ടതോടെ കൂടുതല്‍ അന്വേഷണം നടത്താതെ മാധ്യമങ്ങള്‍ ഇക്കാര്യം ഏറ്റെടുക്കുകയായിരുന്നു. 

ദാവൂദ് ഇബ്രാഹിം ആശുപത്രിയിലാണെന്നും സ്ഥിതി മോശമാണെന്നുമുള്ള 'വിവരങ്ങള്‍' പാകിസ്ഥാനിലെ പെട്ടെന്നുള്ള ഇന്റര്‍നെറ്റ് നിരോധനവുമായി ബന്ധപ്പെടുത്തി യൂട്യൂബര്‍ വീഡിയോ ചെയ്യുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ കക്ഷിയായ പാകിസ്താന്‍ തെഹരീകെ ഇന്‍സാഫിന്റെ (പി ടി ഐ) വെര്‍ച്വല്‍ യോഗത്തെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി തടസ്സപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. 

ആഗോള ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഇന്റര്‍നെറ്റ് വാച്ച്ഡോഗ് ആയ നെറ്റ്‌ബ്ലോക്ക്സാണ് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കൂറോളം പാകിസ്ഥാനിലെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വെളിപ്പെടുത്തിയത്. എന്നാലിത് പി ടി ഐയുടെ വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നാണെന്നും കണ്ടെത്തുകയായിരുന്നു. 

ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹത്തെ താന്‍ ഇന്നും കണ്ടുവെന്നുമാണ് ദാവൂദിന്റെ പ്രധാന അനുയായികളിലൊരാള്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

Latest News