Sorry, you need to enable JavaScript to visit this website.

ഓഹരി വിപണിയിൽ ചാഞ്ചാട്ടം 

ബുൾ റാലിയിൽ ഇന്ത്യൻ മാർക്കറ്റ് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി. പുതുവർഷം  അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ ഇളവുകൾ വരുത്തുമെന്ന സൂചന യു.എസ് വിപണിയിൽ മാത്രമല്ല, ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളിലും വൻ കുതിപ്പിന് അവസരം ഒരുക്കി. ബോംബെ സെൻസെക്‌സ് 1658 പോയന്റും നിഫ്റ്റി 487 പോയന്റും അഞ്ച് ദിവസങ്ങളിൽ വാരിക്കൂട്ടി. പിന്നിട്ട വാരം സൂചിക രണ്ടര ശതമാനം മുന്നേറി.    ഡിസംബറിൽ ഇവ യഥാക്രമം 4537 പോയന്റും 1323 പോയന്റും കയറി. 
    വിദേശ ഫണ്ടുകൾ ഡിസംബർ ആദ്യ പകുതിയിൽ ഇതിനകം നിക്ഷേപിച്ചത് 31,377 കോടി രൂപയാണ്. സാധാരണ വർഷാന്ത്യം അവർ വിൽപനയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഇക്കുറി കാറ്റ് മാറി വിശീയതോടെ ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലേയ്ക്ക് പറന്നുയർന്നു. പിന്നിട്ട വാരം അവർ 18,858 കോടി രൂപ നിക്ഷേപിച്ചു. നീണ്ട  കാലയളവിന് ശേഷമാണ് വിദേശ ഓപറേറ്റർമാർ ഇത്തരം ഒരു കനത്ത വാങ്ങലിന്  തയാറാവുന്നത്. വെളളിയാഴ്ച മാത്രം 9239 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി. 
   അനുകൂല വാർത്തകൾ ഒന്നിന് പിറകെ ഒന്നായി പ്രവഹിച്ചതും ഡോളർ വിറ്റ് ഓഹരി വാങ്ങാൻ വിദേശ ഓപറേറ്റർമാർ കാണിച്ച ഉത്സാഹവും ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർത്തി. വാരത്തിന്റെ തുടക്കത്തിൽ 83.40 ൽ നീങ്ങിയ വിനിമയ നിരക്ക് വെളളിയാഴ്ച ഇടപാടുകളുടെ അവസാന നിമിഷങ്ങളിൽ 82.92 ലേയ്ക്ക് ശക്തി പ്രാപിച്ച ശേഷം ക്ലോസിങിൽ 82.97 ലാണ്. രൂപയുടെ മൂല്യത്തകർച്ച തടയാൻ നാല് മാസത്തിനിടയിൽ കേന്ദ്ര ബാങ്ക് ഏകദേശം 23 ബില്യൺ ഡോളറാണ് വിദേശ നാണയ കരുതൽ ശേഖരത്തിൽ നിന്നും ഇറക്കിയത്. 
    ചരിത്ര നേട്ടം സ്വന്തമാക്കിയ നിഫ്റ്റി കഴിഞ്ഞ വാരം 487 പോയന്റ് മുന്നേറി. തൊട്ട് മുൻവാരം 701 പോയന്റ് കയറി, അതായത് ഡിസംബറിൽ ഇതിനകം 1323 പോയന്റ് വർധിച്ചു. തിങ്കളാഴ്ച 20,696 ൽ നിന്നും 21,006 ലെ റെക്കോഡ് തകർത്തതിനിടയിൽ ഒരു വിഭാഗം ഫണ്ടുകൾ ലാഭമെടുപ്പിലേയ്ക്ക് ചുവടുമാറ്റിയത് സൂചിക 20,768 റേഞ്ചിലേയ്ക്ക് തിരുത്തലിന് അവസരം ഒരുക്കി. ഇതിനിടയിലാണ് ഫെഡ് റിസർവ് പലിശ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ബുൾ ഓപറേറ്റർമാരെ രംഗത്ത് ഇറക്കിയത്. അവരുടെ കടന്നുവരവ് വെളളിയാഴ്ച നിഫ്റ്റിയെ 21,492.30 പോയന്റ് വരെ ഉയർത്തി, ക്ലോസിങിൽ 21,456 ലാണ്. 
   സാങ്കേതികമായി ഡെയ്‌ലി ചാർട്ട് ബുള്ളിഷ് മൂഡിൽ നീങ്ങുന്ന ഇന്ത്യൻ മാർക്കറ്റ് മറുവശത്ത് ഓവർ ബ്രോട്ടായി ഇൻഡിക്കേറ്ററുകൾ മാറിയത് ആഭ്യന്തര ഫണ്ടുകളെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. അതേ സമയം വീക്കിലി ചാർട്ട് വീണ്ടും മുന്നേറുമെന്ന അവസ്ഥ വിദേശ ഓപറേറ്റർമാരെ നിക്ഷേപകരാക്കുന്നു. ഈ വാരം 21,709 ലെ പ്രതിരോധം ഭേദിച്ചാൽ 21,962 നെ ലക്ഷ്യമാക്കും. 20,985 ലും 20,686 പോയന്റിലും സപ്പോർട്ടുണ്ട്.
   നിലവിലെ കുതിച്ചുചാട്ടം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം പ്രദേശിക  നിക്ഷപകർ. കാര്യമായ കൺസോളിഡേഷന് അവസരം നൽകാതെയുള്ള മുന്നേറ്റമായതിനാൽ ലാഭമെടുപ്പ് വിൽപന സമ്മർദമായി മാറാം. 
   നിഫ്റ്റി ഡിസംബർ ഫ്യൂച്ചറുകൾ 21,075 ൽ നിന്നും 21,557 ലേയ്ക്ക് കയറി. ഓപൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 133.2 ലക്ഷം കരാറിൽ നിന്നും 163.3 ലക്ഷമായി. ഒരേസമയം സൂചികയും ഓപൺ ഇന്ററസ്റ്റും ഉയർന്നത് പുതിയ ലോങ് പൊസിഷനുകളെ സൂചിപ്പിക്കുന്നു. ഫ്യൂച്ചർ ചാർട്ട് നൽകുന്ന സൂചന കണക്കിലെടുത്താൽ 21,800  22,000 അകലെയല്ല.
    സെൻസെക്‌സ് 69,893 ൽ നിന്നും മുൻവാരം സൂചിപ്പിച്ച പോലെ തന്നെ ആദ്യ ദിനത്തിൽ 70,000 പോയന്റ് മറികടന്ന വിപണി പിന്നീട് 71,000 വും ഭേദിച്ച് 71,605.76 പോയന്റ് വരെ ചുവടുവെച്ചു. വ്യാപാരാന്ത്യം സൂചിക 71,483 ലാണ്. ഈ വാരം 72,356 നെ കൈപ്പിടിയിൽ ഒതുക്കാനായാൽ അടുത്ത ലക്ഷ്യം 73,230 പോയന്റാണ്. സൂചിക പുതിയ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ നിക്ഷപകർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായുണ്ട്. ലാഭമെടുപ്പ് വിൽപന സമ്മർദമായാൽ 69,857 - 68,232 ൽ താങ്ങ് പ്രതീക്ഷിക്കാം. 
    രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 2004 ഡോളറിൽ നിന്നും 1972 ലേയ്ക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ 2047 ഡോളർ വരെ കയറി. വാരാന്ത്യം 2018 ഡോളറിലാണ്. വിപണിയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സ്വർണം സെല്ലിങ് മൂഡിലാണ്. 

Latest News