Sorry, you need to enable JavaScript to visit this website.

അത്യുൽപാദനവും ഡിമാന്റ് കുറവും: എണ്ണ വിലയിലെ സമ്മർദം തുടരുന്നു

ഡിമാന്റ്  കുത്തനെ കുറഞ്ഞതും  ഉൽപാദന വർധനയിലെ  ആശങ്കയും ക്രൂഡോയിലിനെ ബാധിച്ചു.  ഒപെക് സഖ്യ രാജ്യങ്ങളുടെ നവംബർ 30 ലെ യോഗത്തിനു ശേഷം ഉൽപാദനത്തിലുണ്ടായേക്കാവുന്ന  കുറവ് പക്ഷേ വിലയെ വലിയ തോതിൽ ബാധിക്കുമെന്നു കരുതുന്നില്ല.  

യു.എസ് ഉൽപന്ന എക്സ്ചേഞ്ചായ നെയ്മെക്സിൽ കഴിഞ്ഞയാഴ്ച ക്രൂഡോയിൽ വില ബാരലിന്  70 ഡോളറിൽ താഴ്ന്നു. ഏഷ്യൻ ബ്രെന്റ് ക്രൂഡ് ആറു മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ബാരലിന് 72 ഡോളറിലാണ് വിൽപന നടത്തിയത്. ആഭ്യന്തര വിപണിയിലും വില കുറവുണ്ടായെങ്കിലും ഇന്ത്യൻ രൂപയുടെ ഇടിവു കാരണം ഉൽപന്നത്തെ അത് കാര്യമായി ബാധിച്ചില്ലെന്നു മാത്രം. 

എണ്ണ ഉൽപന്നങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിൽ നിന്ന് ഡിമാന്റിലുണ്ടായ ഇടിവ് ഊർജ ഉൽപന്നങ്ങളെ മൊത്തത്തിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനീസ് സമ്പദ് വ്യവസ്ഥ  സ്വത്ത്, കയറ്റുമതി, വായ്പ, തൊഴിൽ, ഉപഭോഗം, ചെലവഴിക്കൽ, നിക്ഷേപം തുടങ്ങിയ മേഖലകളിലെല്ലാം വെല്ലുവിളി നേരിടുകയാണ്. ഈ സ്ഥിതി എണ്ണ വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.  

ആഗോള തലത്തിൽ എണ്ണയുടെ ഡിമാന്റ് വളർച്ചയിൽ മുഖ്യ ചാലക ശക്തിയാകേണ്ട രാജ്യമായിരുന്നു ചൈന. 2023 ലെ ആദ്യ 11 മാസങ്ങളിൽ ഇറക്കുമതിയിൽ വർധന ഉണ്ടായിരുന്നെങ്കിലും പിന്നീടത്  കുറയുകയും വിവിധ ഏജൻസികളുടെ കണക്കു കൂട്ടലുകളേക്കാൾ വളരെ കുറഞ്ഞു പോവുകയും ചെയ്തു. ആഭ്യന്തരമായി ഉപയോഗിക്കുന്നതിനു പകരം സംഭരണികൾ നിറയ്ക്കാനാണ് ചൈന കൂടിയ തോതിൽ എണ്ണ ഉപയോഗിച്ചത്. 

ആഗോള തലത്തിൽ എണ്ണ ഉൽപാദനം വർധിക്കുന്നത് എണ്ണ വിലയെ ഹ്രസ്വകാലത്ത്  ബാധിക്കും. ഒപെക് സഖ്യ രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒക്ടോബറിൽ തുടർച്ചയായി മൂന്നാം മാസവും ഉൽപാദനം കൂടുകയാണുണ്ടായത്. ഉൽപാദകർക്കിടയിലെ ചെറുകിടക്കാരുടെ കൂടിയ ഉൽപാദനത്തോതാണ് ഈ വർധന്ക്കു കാരണം.

ഇതിനിടെ, ഒപെക് സഖ്യ രാഷ്ട്രങ്ങൾ കൂടുതലായി പ്രതിദിനം 2.2 ദശലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കുമെന്ന് ഏറ്റവും ഒടുവിലത്തെ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.  2024 ന്റെ ആദ്യ പാദത്തിലാണ് ഈ തീരുമാനം നടപ്പാക്കുക.  ഉൽപാദനം കുറയ്ക്കുന്ന നടപടി 2024 ലെ ആദ്യ മൂന്നു മാസത്തിനു ശേഷവും തുടരുമെന്ന് മുൻനിര ഉൽപാദകരായ സൗദി അറേബ്യയും റഷ്യയും  സൂചന നൽകിയിട്ടുണ്ട്.  

തീരുമാനം നേരത്തേ പ്രതീക്ഷിച്ചിരുന്നതിനാലാവണം എണ്ണ വില ഉയർത്താൻ ഈ നടപടിക്കു കഴിഞ്ഞില്ല. യു.എസിൽ നിന്നുള്ള എണ്ണ ഉൽപാദനം ഗണ്യമായി വർധിച്ചതിനാൽ ഒപെക് സഖ്യ രാഷ്ട്രങ്ങൾക്ക് ആഗോള തലത്തിൽ എണ്ണ വിലയെ ചലിപ്പിക്കാൻ കഴിയില്ലെന്ന അഭ്യൂഹം വ്യാപകമായിട്ടുമുണ്ട്. 

യു.എസിൽ നിന്നുള്ള എണ്ണ ഉൽപാദനം ഇപ്പോൾ റെ ക്കോഡ് നിലവാരത്തിലാണ്. ഏറ്റവും പുതിയ ഇ.ഐ.എ റിപ്പോർട്ടനുസരിച്ച് യു.എസിൽ നിന്നുള്ള പ്രതിമാസ എണ്ണ ഉൽപാദനം 13.24 ദശലക്ഷം ബാരലാണ്. ഉൽപാദനം വെട്ടിച്ചുരുക്കി ആഗോള എണ്ണ വില വർധിപ്പിക്കാനുള്ള ഒപെക് സഖ്യ രാഷ്ട്രങ്ങളുടെ നീക്കത്തിന് വെല്ലുവിളിയാണ് അമേരിക്കയുടെ ഉൽപാദന വർധന. 

ഭാവിയിലും ഇപ്പോൾ നിലനിൽക്കുന്ന സപ്ളൈ-ഡിമാന്റ് ബലതന്ത്രം എണ്ണ വിലയെ സഹായിക്കില്ല. യു.എസിൽ നിന്നുള്ള ഉൽപാദനവും കയറ്റുമതിയും വരുംമാസങ്ങളിലും ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. ഒപെക് അംഗ രാജ്യങ്ങളായ ചെറുകിട ഉൽപാദകർ ക്രമേണ ഉൽപാദനം വർധിപ്പിക്കാനും ഇടയുണ്ട്.   പ്രമുഖ ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഉൽപാദനക്കുറവിനെ മറി കടക്കാൻ ഇതു സഹായകമാവും. അടുത്ത വർഷവും ഈ പ്രവണത തുടരാനാണിട. 

അതേസമയം, പലിശ നിരക്കിൽ ഉണ്ടായേക്കാവുന്ന കുറവ്  ആഗോള സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനും ഊർജ ഉൽപന്നങ്ങളുടെ ഡിമാന്റ് വർധിപ്പിക്കാനും സാധ്യതയുണ്ട്.  യു.എസ് കേന്ദ്ര ബാങ്കിന്റെ ഏറ്റവും ഒടുവിൽ ചേർന്ന പണ നയ സമിതി യോഗത്തിൽ പലിശ നിരക്ക് കുറച്ചില്ലെങ്കിലും അടുത്ത വർഷം നിരക്കു കുറച്ചേക്കാമെന്ന സൂചനയുണ്ട്.  ചൈനീസ് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടാലും ക്രമേണ എണ്ണ വില മെച്ചപ്പെട്ടേക്കാം.   

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകൻ)

Latest News