ബംഗളുരു-കഴിക്കാനായി എടുക്കുന്ന ഭക്ഷണത്തില്‍ ഒരു ജീവനുള്ള ജീവിയെ തന്നെ കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ? കഴിഞ്ഞ ദിവസം ബംഗളൂരു സ്വദേശിയായ വ്യക്തി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിക്കാനായി തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്നതായിരുന്നു. സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത സാലഡിനുള്ളില്‍ ഒരു ജീവനുള്ള ഒച്ച്. ഭക്ഷണം കണ്ട് ആകെ അസ്വസ്ഥനായ അദ്ദേഹം ഉടന്‍ തന്നെ ഒച്ചിഴയുന്ന സാലഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായ അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിക്കെതിരെ വ്യാപകമായ വിമര്‍ശനത്തിനാണ് വഴി തുറന്നത്.
സഹ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കാന് ലക്ഷ്യമിട്ട് ധവല്‍ സിംഗ് എന്ന വ്യക്തിയാണ് ദൗര്‍ഭാഗ്യകരമായ അനുഭവം എക്സിലും (ട്വിറ്റര്‍), റെഡ്ഡിറ്റിലും വീഡിയോ സഹിതം പങ്കുവച്ചത്. സ്വിഗ്ഗി വഴി ലിയോണ്‍സ് ഗ്രില്‍ റസ്റ്റോറന്റില്‍ നിന്നും താന്‍ ഓര്‍ഡര്‍ ചെയ്ത സാലഡ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ലിയോണ്‍സ് ഗ്രില്ലില്‍ നിന്ന് ഇനി ഒരിക്കലും ഓര്‍ഡര്‍ ചെയ്യില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിച്ചു. ഒപ്പം മറ്റുള്ളവര്‍ക്ക് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് സ്വിഗ്ഗിയോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളില്‍ സാലഡിനുള്ളില്‍ ഒച്ച് ഇഴയുന്നത് വ്യക്തമായി കാണാം