Sorry, you need to enable JavaScript to visit this website.

പാര്‍ലിമെന്റ് സുരക്ഷാ വീഴ്ച: ഫോണുകള്‍ മുഖ്യസൂത്രധാരന്‍ കത്തിച്ചു, അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

ന്യൂദല്‍ഹി- പാര്‍ലമെന്റ് അതിക്രമ കേസിലെ  പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഭാഗങ്ങള്‍ രാജസ്ഥാനില്‍ നിന്ന് കണ്ടെടുത്തു. അതിക്രമത്തിന്റെ മുഖ്യ സൂത്രധാരനായ സൂത്രധാരന്‍ ലളിത് മോഹന്‍ ഝാ കൈവശം വെച്ചിരുന്ന മൊബൈല്‍ ഫോണുകളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്ന് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് അന്വേഷണം സംഘം ഈ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. കത്തിനശിച്ച അവസ്ഥയില്‍ കണ്ടെടുത്ത ഫോണുകള്‍ കേസിലെ ഗുഢാലോചനയുടെ സൂത്രധാരനായ ലളിത് ഝാ നശിപ്പിച്ചെന്നും തീയിടുന്നതിന് മുമ്പ് ഫോണുകള്‍ പൊട്ടിച്ചതായും ദല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നീലം ആസാദ്, മനോരഞ്ജന്‍ ഡി, സാഗര്‍ ശര്‍മ, അമോല്‍ എന്നിവരുടെ ഫോണുകളാണ് കണ്ടെടുത്തിട്ടുള്ളത്. മുഖ്യ സൂത്രധാരനായ ലളിത് ഝായുടെ ഫോണ്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പോലീസ് സംശയിക്കുന്നത്. അതിക്രമത്തിന് ശേഷം രാജസ്ഥാനിലേക്ക് പോയ ലളിത് പിന്നീട് ദല്‍ഹിയിലേക്ക് കീഴടങ്ങാനായി മടങ്ങി വരുന്നതിന് മുമ്പ് തന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയായിരുന്നു. രാജസ്ഥാനിലെ കുച്ചമാനിലേക്ക് കടന്ന ലളിത് ഝാ അവിടെ വെച്ചാണ് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചത്. കണ്ടെടുത്ത ഫോണ്‍ ഭാഗങ്ങള്‍ ഗൂഢാലോചന തെളിക്കുന്നതിനുള്ള
നിര്‍ണായക തെളിവാണ്. ഫോണുകള്‍ കത്തിച്ചതിന്റെ പശ്ചാതലത്തില്‍ എഫ്‌ഐആറില്‍ 201ബി (തെളിവുകള്‍ നശിപ്പിക്കല്‍) വകുപ്പ് ഉള്‍പ്പെടുത്തി. പ്രതി ലളിത് ഝാ  നാല് പ്രതികളില്‍ നിന്നും മനഃപൂര്‍വ്വം ഫോണുകള്‍ സ്വന്തമാക്കുകയും അവ ആസൂത്രിതമായി നശിപ്പിക്കുകയും സാധ്യമായ തെളിവുകള്‍ ഇല്ലാതാക്കാനായി കത്തിക്കുകയും  ചെയ്തുവെന്നാണ് പോലീസ് എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

 

Latest News