Sorry, you need to enable JavaScript to visit this website.

ഇലോൺ മസ്‌കിന്റെ എ.ഐ ചാറ്റ്‌ബോട്ട് 'ഗ്രോക്' ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂദൽഹി- ഓപൺ എ.ഐയുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനും ബദലായി എത്തിയ ഗ്രോക് എ.ഐ ചാറ്റ്‌ബോട്ട് ഒടുവിൽ ഇന്ത്യയിലും എത്തി. ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്‌സ്എഐ വികസിപ്പിച്ച ലാർജ് ലാംഗ്വേജ് ജനറേറ്റീവ് എ.ഐ മോഡലാണ് ഗ്രോക് (grok). 
മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സിന്റെ ഇന്ത്യയിലുള്ള പ്രീമിയം പ്ലസ് വരിക്കാർക്ക് ഗ്രോക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങാം. യൂസർമാരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ തമാശരൂപേണ മറുപടി നൽകുന്ന വിധത്തിലാണ് ഗ്രോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മസ്‌ക് സൂചന നൽകിയിരുന്നു. എക്‌സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോൺ മസ്‌കിന്റെ എ.ഐ മോഡൽ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ബ്രൗസിംഗും സാധ്യമായത് കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിക്കായി ഇന്റർനെറ്റിൽ തിരയാനും ഗ്രോക്കിന് കഴിയും. 
ഇന്ത്യക്ക് പുറമേ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ 46 രാജ്യങ്ങളിൽ ഗ്രോക്കിന്റെ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകും. ഇപ്പോൾ ബീറ്റാ ഘട്ടത്തിലുള്ള ഗ്രോക് പരീക്ഷിക്കാനാഗ്രഹിക്കുന്നവർ എക്‌സിന്റെ പ്രീമിയം പ്ലസ് സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. ഇന്ത്യയിൽ പ്രതിമാസം 1,300, പ്രതിവർഷം 13,600 എന്നിങ്ങനെയാണ് ചാർജ്. 
പരസ്യക്കാർ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് അകന്നുപോകുന്ന സാഹചര്യത്തിൽ, പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, സബ്‌സ്‌ക്രിപ്ഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോൾ ഇലോൺ മസ്‌ക്. എക്‌സിനെ കൂടുതൽ സജ്ജമാക്കാനൊരുങ്ങുകയാണ് മസ്‌ക്.
 

Latest News