ന്യുസിലാന്‍ഡില്‍ വീടുവാങ്ങല്‍ ഇനി വിദേശികള്‍ക്ക് എളുപ്പമാവില്ല. ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നൊഴികെയുള്ളവര്‍ രാജ്യത്ത് വീട് വാങ്ങുന്നത് ന്യുസിലാന്‍ഡ് പാര്‍ലമെന്റ് നിയമം വഴി നിയന്ത്രിക്കുന്നു. നാട്ടുകാര്‍ക്ക് കൂടുതല്‍ എളുപ്പത്തിലും താങ്ങാവുന്ന വിലയിലും വീട് വാങ്ങാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. സ്വതന്ത്ര വ്യാപാര കരാറുള്ളതു കൊണ്ടാണ് ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കിയത്. പലിശക്കുറവ്, ലഭ്യതക്കുറവ്, കുടിയേറ്റം എന്നിവ കാരണം അടുത്ത കാലത്തായി നാട്ടുകാരായ പലര്‍ക്കും ന്യുസിലാന്‍ഡില്‍ വീട് വാങ്ങല്‍ വലിയ ഭാരമായിരുന്നു.
പൂര്‍ണമായി നിരോധിക്കുകയല്ലെന്നും, വിദേശികള്‍ വന്‍ തോതില്‍ വസ്തുവകകള്‍ സ്വന്തമാക്കുന്നത് നിയന്ത്രിക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും ന്യുസിലാന്‍ഡ് വ്യാപാരസാമ്പത്തികകാര്യ മന്ത്രി ഡേവിഡ് പാര്‍ക്കര്‍ പറഞ്ഞു. 57 നെതിരെ 63 വോട്ടിനാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്.
പഴയ വീടുകള്‍ വാങ്ങുന്നതിനെയാണ് നിയമം ബാധിക്കുന്നത്. പുതിയ അപ്പാര്‍ട്ട്മെന്റുകളില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ല. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സമ്പന്നര്‍ അടുത്തിടെയായി ന്യുസിലാന്‍ഡില്‍ വന്‍തോതില്‍ വസ്തുക്കള്‍ സ്വന്തമാക്കിയിരുന്നു. രാജ്യത്ത് 10 വര്‍ഷത്തിനിടെ വസ്തുവില 60 ശതമാനത്തോളമാണ് വര്‍ധിച്ചത്.