ഗാസ- ഇസ്രായിൽ നരനായാട്ട് തുടങ്ങിയ ശേഷം ഗാസയിൽ ചോരപ്പുഴ ഒഴുകാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ നിറഞ്ഞൊഴുകുന്ന ചോരപ്പുഴയാണ് ഒരോ ദിവസം ഇസ്രായിൽ സൈന്യം ഗാസയിൽ തീർക്കുന്നത്. എന്നിട്ടും ചോരക്ക് വേണ്ടി ദാഹിച്ചു നടക്കുന്ന ഇസ്രായിലിന്റെ തോക്കും ആയുധങ്ങളും ഗാസയിൽ റോന്തു ചുറ്റിക്കൊണ്ടേയിരിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും അടക്കം കണ്ണിൽ കാണുന്നവരെയെല്ലാം കൊന്നൊടുക്കുകയാണ് ഇസ്രായിൽ സൈന്യം. ഗാസയിൽ ഇസ്രായിൽ സൈന്യം കൊന്നൊടുക്കിയ ഇരുപതിനായിരത്തോളം പേരിൽ അൽ ജസീറയിലെ മാധ്യമപ്രവർത്തകൻ വെയ്ൽ ദഹ്ദൂഹിന്റെ ഭാര്യയും മക്കളുമെല്ലാം കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹംസ, 15 വയസ്സുള്ള മകൻ മഹ്മൂദ്, ഏഴ് വയസ്സുള്ള മകൾ ഷാം, ചെറുമകൻ ആദം എന്നിവരെയാണ് ഇസ്രായിൽ സൈന്യം കൊന്നത്. മക്കളുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന ദ്ഹ്ദൂഹിന്റെ ചിത്രം ഇപ്പോഴും ഓർമ്മയിലുണ്ട്. മക്കളുടെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം ദഹ്ദൂഹ് വീണ്ടും ഗാസയിലെ ചോര ചിതറുന്ന തെരുവുകളിലൂടെയും ഗ്രാമങ്ങളിലൂടെയും നടന്നു. ഇസ്രായിലിന്റെ ക്രൂരത ലോകത്തെ അറിയിക്കുന്നതിൽ മുന്നിലായിരുന്നു ദഹ്ദൂഹ്.
ഇന്നലെ(വെള്ളി)ഖാൻ യൂനിസിലെ ദുരിതം ലോകത്തിന് മുന്നിൽ അറിയിക്കാൻ എത്തിയതായിരുന്നു വെയ്ൽ ദഹ്ദൂഹും സഹപ്രവർത്തകൻ സമീർ അബുദാഖയും. ഫോട്ടോഗ്രാഫറായ സമീർ അബുദാഖയെ ഇസ്രായിൽ സൈന്യം ഡ്രോണ് അറ്റാക്കിലൂടെ കൊല്ലുകയും ദഹ്ദൂഹിന് നേരെ വെടിയുതിർക്കുകയും ചെയ്തു. ഖാൻ യൂനിസിലെ ഫർഹാന സ്കൂളിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇസ്രായിൽ കരയുദ്ധം ആരംഭിച്ചതിന് ശേഷം ഒരു മാധ്യമപ്രവർത്തകനും എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിലായിരുന്നു തങ്ങളെന്ന് ആശുപത്രി കിടക്കയിൽനിന്ന് ദഹ്ദൂഹ് പറയുന്നു. കാറിൽ ഈ സ്ഥലത്തേക്ക് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും നടന്നുപോകുകയായിരുന്നു. ഇതിനിടയിലാണ് ഇസ്രായിൽ സൈന്യം വെടിവെച്ചത്. സമീർ അബൂദാഖക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഈ പ്രദേശത്തേക്ക് ആംബുലൻസ് വരാൻ ശ്രമിച്ചെങ്കിലും ഇസ്രായിലിന്റെ കനത്ത ആക്രമണം കാരണം കഴിഞ്ഞില്ല. പ്രദേശത്ത് വരാൻ ശ്രമിച്ച ആംബുലൻസ് ആക്രമണത്തിൽ തീപ്പിടിക്കുകയും ചെയ്തു. സമീർ അബൂദാഖ അധികം വൈകാതെ മരിക്കുകയും ചെയ്തു. അഞ്ചു മണിക്കൂറിലേറെ നേരം പരിക്കേറ്റു കിടന്ന സമീർ അബൂദാഖ രക്തം വാർന്നാണ് മരിച്ചത്. അൽ ജസീറ മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും ആസൂത്രിതമായി ടാർഗെറ്റുചെയ്ത് കൊലപ്പെടുത്തുകയാണ് ഇസ്രായിൽ ചെയ്യുന്നതെന്ന് അൽ ജസീറ ആരോപിച്ചു.