ന്യൂദല്‍ഹി- സാമൂഹ്യ, പൗരാവകാശ പ്രവര്ത്തകന് സ്വാമി അഗ്നിവേശിനു നേരെ ഹിന്ദുത്വ ഗുണ്ടകളുടെ ആക്രമണം വീണ്ടും. അന്തരിച്ച് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിക്ക് അന്ത്യാജ്ഞലി അര്പിക്കാന് പോകുന്നതനിടെ ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തിനു സമീപം വച്ചാണ് ആള്‍കൂട്ടം സ്വാമിയെ വളഞ്ഞിട്ട് മര്‍ദിച്ചത്. 79-കാരനായ സ്വാമിക്കു നേരെ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത് ആക്രമണമാണിത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയുടെ ഓഫീസിനു സമീപമുള്ള സിസിടിവി ക്യാമറയില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. രാജ്യദ്രോഹി എന്നാക്ഷേപിച്ച് ഒരു കൂട്ടമാളുകള്‍ സ്വാമിയെ പിന്തുടര്ന്ന് ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആക്രമികളില്‍ നിന്ന് നടന്നകലാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ സ്വാമിയുടെ തലപ്പാവ് വലിച്ചൂരി. കൂട്ടത്തിലുള്ള ഒരു സ്ത്രീ സ്വാമിയെ അടിക്കാനൊരുങ്ങി ചെരുപ്പൂരി കയ്യില്‍ പിടിച്ചതുടം ദൃശ്യങ്ങളിലുണ്ട്. ഉടന്‍ തന്നെ പോലീസെത്തി സ്വാമിയെ രക്ഷിച്ച് വാനില്‍ കയറ്റി സുരക്ഷിത ഇടത്തേക്കു മാറ്റുകയായിരുന്നു. സ്വാമിയെ മാറ്റുന്നതിനിടെ പോലും സംഘപരിവാര്‍ ഗുണ്ടകള്‍ അദ്ദേഹത്തെ മര്‍ദിക്കാന്‍ ശ്രമിച്ചു.
ശക്തമാ പോലീസ് പിക്കറ്റിനെ തുടര്‍ന്നാണ് താന്‍ കാല്‍നടയായി പോയതെന്നും വാജ്പേയിജിക്ക് അന്ത്യാജ്ഞലി അര്പ്പിക്കാനെത്തിയതായിരുന്നുവെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. തന്റെ കൂടെ രണ്ടു മൂന്ന് പേര് മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും ആക്രമികള്‍ കുറെ പേര് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമികള്‍ അടിക്കുകയും തള്ളുകയും തെറിവിളിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹിയാണിയാള്‍, അയാളെ അടിക്കൂ എന്നാക്രോശിച്ചായിരുന്നു ആക്രമണം.
ജൂലൈ 17-ന് ജാര്ഖണ്ഡില്ലെ പകൂറില്‍ വച്ചും സ്വാമിയെ സമാന രീതിയില്‍ ബിജെപി അനുകൂലികള്‍ കൂട്ടമായെത്തി മര്‍ദ്ദിച്ച് അവശാനിക്കിയിരുന്നു. തെരുവിലിട്ട് തല്ലിച്ചതക്കുകയം വസ്ത്രങ്ങള്‍ കീറി സ്വാമിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത ഈ സംഭവത്തില്‍ ഇതുവരെ പോലീസ് ഒരാളേയും അറസ്റ്റ് ചെയ്തിട്ടില്ല.