ദോഹ- ഗാസയിൽ വെടിനിർത്തൽ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ ഈ ആഴ്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. വനിത തടവുകാരെ മോചിപ്പിക്കാൻ ഇസ്രായിൽ സന്നദ്ധമാണെന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ ഖത്തറിന്റെ മധ്യസ്ഥയിൽ യൂറോപ്പിലായിരിക്കുമെന്നാണഅ സൂചന. ഖത്തർ വിദേശകാര്യമന്ത്രിയും മൊസാദ് മേധാവിയുമാണ് ചർച്ച നടത്തുക. വെടിനിർത്തൽ സംബന്ധിച്ചുള്ള ഒത്തുതീർപ്പ് ചർച്ചകളിൽ നേരത്തെയും ഖത്തറായിരുന്നു മധ്യസ്ഥത വഹിച്ചത്. കൂടുതൽ ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഖത്തർ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനിയും മൊസാദിന്റെ ഡേവിഡ് ബാർണിയയും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഒരാഴ്ചയോളം നീണ്ടു നിന്ന വെടിനിർത്തൽ കരാർ അവസാനിപ്പിച്ച ശേഷം ഇതാദ്യമായാണ് വീണ്ടും ചർച്ചക്ക് വഴിയൊരുങ്ങുന്നത്. ഗാസയിൽ ഇപ്പോഴും ഹമാസ് ബന്ദികളാക്കിയ 130 പേർ കഴിയുന്നുണ്ട്. ഇവരെ മോചിപ്പിക്കാൻ ഇസ്രായിൽ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. ഇന്നലെ മൂന്നു ബന്ദികളെ ഇസ്രായിൽ സൈന്യം തന്നെ വെടിവെച്ചു കൊല്ലുകയും ചെയ്തു. തെറ്റിദ്ധരിച്ചാണ് ബന്ദികളെ കൊലപ്പെടുത്തിയതെന്നാണ് ഇസ്രായിൽ പിന്നീട് വിശദീകരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)