കൊച്ചി- കേരളം പ്രളയക്കെടുതിൽ പ്രയാസപ്പെടുമ്പോൾ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീർ എം.പിയും വിദേശത്ത്. ജർമനിയിൽ വേൾഡ് മലയാളി കൗൺസിൽ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയും എം.പിയും യാത്രതിരിച്ചത്. കോട്ടയം ജില്ലയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതലയുള്ള ആളാണ് മന്ത്രി രാജു.
അഞ്ചു ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി ജർമനിയിലേക്കു പോയിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട മന്ത്രി കെ രാജു വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിന്റെ അതിഥിയാണ്. ഒണാഘോഷത്തിന്റെ ഭാഗമായാണ് സമ്മേളനവും കലാപരിപാടികളും.
പ്രത്യേക ചുമതലയുള്ള മന്ത്രിമാർ 24 മണിക്കൂറും രക്ഷാദൗത്യത്തെ ഏകോപിക്കാൻ ചുമതലയുള്ളവരാണ്. നാടെങ്ങും പൊതുപ്രവർത്തകരും, വിവിധ സേനാവിഭാഗങ്ങളും, നാട്ടുകാരും, ഒറ്റക്കെട്ടായി പ്രളയത്തെ നേരിടുമ്പോഴാണ് അതീവ ഗുരുതര സാഹചര്യം നിലനിന്ന ഇന്നലെ പ്രത്യേക മന്ത്രിസഭയോഗത്തിൽ പോലും പങ്കെടുക്കാതെ മന്ത്രി വിദേശത്തേക്കു പോയത്.
പ്രളയകാലത്തെ സർക്കാരിന്റെ ഉദാസീന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ് രാജുവിന്റെ ജർമൻയാത്രയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. മുൻകൂട്ടി നിശ്ചയിച്ച യാത്രയായതു കൊണ്ടാണ് വിദേശത്തേക്കു പോയതെന്ന് വനം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ജനങ്ങൾ ദുരിതത്തിലനുഭവിക്കുമ്പോഴാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ വിദേശയാത്ര.