തിരുവനന്തപുരം- കൂടത്തായി കൊലപാതക പരമ്പര നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യുമെന്ററിയായി വരുന്നു. 'കറി ആന്‍ഡ് സയനൈഡ് ദി ജോളി ജോസഫ് കേസ്' ഡിസംബര്‍ 22ന് റിലീസ് ചെയ്യും. ദേശീയ അവാര്‍ഡ് ജേതാവായ ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇന്ത്യയില്‍ ഇത്തരമൊരു കേസ് ആദ്യമാണ്. അതുകൊണ്ട് അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. കൂടത്തായി കേസിന്റെ സ്വഭാവം മറ്റ് കൊലപാതകങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു. ഒരു സ്ത്രീ വര്‍ഷങ്ങളെടുത്ത് ആസൂത്രണം ചെയ്ത് കുടുംബാംഗങ്ങളെ കൊലചെയ്ത വാര്‍ത്ത ഒരേസമയം ഞെട്ടലും ആകാംക്ഷയും ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ഡോക്യുമെന്ററി ചെയ്യാന്‍ തീരുമാനിച്ചതെന്ന് ക്രിസ്‌റ്റോ ടോമി പറഞ്ഞു.
ഡോക്യുമെന്ററി ചെയ്യാന്‍ നെറ്റ്ഫ്‌ളിക്‌സ് ക്രിസ്‌റ്റോയെ സമീപിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ തുടങ്ങി ഒന്നര വര്‍ഷം എടുത്താണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ജോളിയുടെ മകന്‍, അടുത്ത കുടുംബാംഗങ്ങള്‍, അഭിഭാഷകര്‍, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയില്‍ സംസാരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ ഒറിജിനല്‍സാണ് നിര്‍മാണം. ജോളിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത്രയും സങ്കീര്‍ണമായ കേസായിരുന്നതിനാല്‍ നിയമ തടസങ്ങള്‍ ഉണ്ടായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.
2002 മുതല്‍ 2016 വരെയുള്ള പതിനാല് വര്‍ഷത്തിനിടയില്‍ കോഴിക്കോട് കൂടത്തായി സ്വദേശിയായ ജോളി എന്ന സ്ത്രീ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് ലോകമറിയുന്നത് 2019ലാണ്. 2002ല്‍ ഭര്‍തൃമാതാവ് അന്നമ്മയെയാണ് എലിവിഷം നല്‍കി ജോളി ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഭര്‍ത്താവിന്റെ പിതാവ് ടോം തോമസിനും എലിവിഷം നല്‍കി. തുടര്‍ന്ന് ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ അമ്മാവന്‍ മാത്യു, ബന്ധുവായ ഷാജുവിന്റെ ഭാര്യ സിലി രണ്ടു വയസായ മകള്‍ ആല്‍ഫിന്‍ എന്നിവരെയാണ് യാതൊരു സംശയവും തോന്നാത്ത രീതിയില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.